27 May Wednesday

108 ആംബുലന്‍സ്‌ സൗകര്യം മുഴുവൻ സമയവും ലഭ്യമാക്കണം

വെബ് ഡെസ്‌ക്‌Updated: Saturday Mar 21, 2020
അതിരപ്പിള്ളി
അതിരപ്പിള്ളി പഞ്ചായത്തിന് അനുവദിച്ച 108 ആംബുലൻസിന്റെ സേവനം മുഴുവൻ സമയവും ലഭ്യമാക്കണമെന്ന് ആവശ്യമുയരുന്നു. നിലവിൽ 12 മണിക്കൂർ മാത്രമാണ് 108 ആംബുലൻസിന്റെ സേവനം. 
അതിരപ്പിള്ളി 108 ആംബുലൻസിന് കോടശ്ശേരി, അതിരപ്പിള്ളി, പരിയാരം എന്നീ മൂന്ന് പഞ്ചായത്തുകളിലെ കിഴക്കൻ മേഖലകളിലേക്ക് ചാലക്കുടിയിലെ ആംബുലൻസിനേക്കാൾ വേഗത്തിൽ എത്താനാകും. 
ചാലക്കുടിയിലെ 108 ആംബുലൻസ് കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി നെടുമ്പാശേരി എയർപോർട്ടിലേക്ക് പോയതിനാൽ ഇപ്പോൾ ചാലക്കുടിയുടെ കിഴക്കൻ മേഖലയിൽ രാത്രിയിൽ 108 ആംബുലൻസ് സേവനം  ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്. 
കഴിഞ്ഞ ദിവസം വാഴച്ചാൽ ആദിവാസി ഊരിൽ അപകടത്തിൽപ്പെട്ട ആദിവാസിയെ ആംബുലൻസ് ഇല്ലാത്തതിനാൽ ജീപ്പിലാണ് ആശുപത്രിയിലെത്തിച്ചത്. 
ആദിവാസി ഊരുകളിലോ തോട്ടം തൊഴിലാളി മേഖലയിലോ രാത്രി സമയത്ത് എന്തെങ്കിലും അപകടമോ അത്യാഹിതമോ ഉണ്ടായാൽ 30 കിലോമീറ്റർ അകലെ ചാലക്കുടിയിലെ 108 ആംബുലൻസ് എത്തിയാണ് പരിക്കേറ്റവരെ  ആശുപത്രിയിലെത്തിക്കുന്നത്. 
ഇങ്ങനെ വരുമ്പോൾ രോഗിയെ ആശുപത്രിയിലെത്തിക്കാൻ ഒരു മണിക്കൂറിലേറെ സമയം കൂടുതലെടുക്കും. 
ഈ സമയ നഷ്ടം രോഗിയുടെ ജീവൻതന്നെ അപകടത്തിലാവാൻ ഇടയാക്കും. 
അതിനാൽ ആദിവാസി മലയോര മേഖലയുടെ പ്രത്യേക സാഹചര്യം പരിഗണിച്ച് അതിരപ്പിള്ളിയിലെ 108 ആംബുലൻസിന്റെ പ്രവർത്തനം 24 മണിക്കൂറാക്കണമെന്നാണ് ആദിവാസികളുടെയും നാട്ടുകാരുടെയും ആവശ്യം.
പ്രധാന വാർത്തകൾ
 Top