25 May Monday

കരുതലിന്‌ അവധിയില്ല; കൈനിറയെ അരി

സി എ പ്രേമചന്ദ്രൻUpdated: Saturday Mar 21, 2020

മൂർ-ക്കനി-ക്കര ഗവ.യു-പി- സ്--കൂളിൽ- നിന്ന്‌ വിതരണം ചെയ്ത അരി-യുമായി കു-ട്ടി-കൾ- മടങ്ങുന്നു-

തൃശൂർ
സ്കൂൾ നേരത്തേ പൂട്ടി വീട്ടിലിരിക്കുമ്പോഴാണ് ദേവർഷിന്റെ അമ്മയുടെ ഫോണിലേക്ക് ടീച്ചറുടെ വിളി. കുട്ടിയുടെ വിശേഷങ്ങളൊക്കെ അന്വേഷിച്ചശേഷം പ്രധാനാധ്യാപിക കെ എസ് പത്മിനി പറഞ്ഞു. ‘‘ഉച്ചഭക്ഷണം കഴിക്കുന്ന കുട്ടികൾക്കുള്ള അരി വീട്ടിലേക്ക് തന്നയക്കാം. ബാക്കിയുള്ള അരി തുല്യമായി പങ്കുവച്ച് നൽകാൻ സർക്കാർ നിർദേശമുണ്ട്’’. കോവിഡ് സാഹചര്യത്തിൽ കൂട്ടുകാരുമൊത്ത് കൂട്ടത്തോടെ വരേണ്ടെന്നും ടീച്ചർ നിർദേശം നൽകി. ഒന്നാംക്ലാസുകാരനായ ദേവർഷും നാലാംക്ലാസുകാരൻ ഷൈൻദേവും അമ്മ ശ്രീദേവിക്കൊപ്പം മൂർക്കനിക്കര ഗവ. യുപി സ്കൂളിലെത്തി. പുസ്തകസഞ്ചിക്കു പകരം അരി സഞ്ചിയുമായാണ് എത്തിയത്. തങ്ങൾക്കുള്ള വിഹിതം സന്തോഷത്തോടെ വാങ്ങി അവർ മടങ്ങി.  
കോവിഡ് പശ്ചാത്തലത്തിൽ ഏഴാംക്ലാസ് വരെയുള്ള സ്കൂളുകൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചെങ്കിലും 31 വരെ സ്കൂൾ ഉച്ചഭക്ഷണം നൽകുന്നതിനുള്ള അരി സിവിൽ സപ്ലൈസ്‌ വകുപ്പിൽനിന്ന് ലഭിച്ചിരുന്നു. അവധി പ്രഖ്യാപിച്ചതോടെ ബാക്കിവന്ന അരിയാണ് തുല്യമായി വീതിച്ച് വീടുകളിലേക്ക് കൊടുത്തയക്കുന്നത്‌.
വ്യാഴാഴ്ച അരി വിതരണം തുടങ്ങി. അധ്യാപകരായ ബിന്ദുവും വിൻസിയും ഡെന്നിയും ജീവനക്കാരുമെല്ലാം അരി വിതരണത്തിൽ പങ്കാളികളായി. നടത്തറ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി ആർ രജിത്തിന്റെ മകൻ ഒന്നാംക്ലാസുകാരനായ ആരവ് ആദ്യദിവസം എത്തി അരി വാങ്ങി. അഞ്ചാംക്ലാസുകാരായ ക്രിസ്റ്റീന, നിധിൻബാബു, ആറിലെ ദേവാംഗി ബാലൻ, നിത്യ ബാബു, ഏഴിലെ അതുൽ ദേവ്, ടി എസ് കൃഷ്ണൻ തുടങ്ങിയവരെല്ലാം അരി വാങ്ങാനെത്തി. 
അരി വാങ്ങാനെത്തിയവരോട് അധ്യാപകരുടെ മുന്നറിയിപ്പുണ്ട്. കൈകൾ സോപ്പിട്ട് കഴുകിയശേഷംമാത്രം അകത്തേക്ക് വരണം. സ്കൂളിന്റെ മുന്നിൽത്തന്നെ ഇതിനായി പ്രത്യേകം സൗകര്യമൊരുക്കിയിരുന്നു. വീട്ടിലേക്ക് മടങ്ങുന്ന കുട്ടികളോട് അധ്യാപകർ ഓർമിപ്പിച്ചു. ‘‘കളിമാത്രം പോരാട്ടോ. പാഠപുസ്തകം ഇടയ്‌ക്കൊന്ന് മറിച്ചുനോക്കണം’’.  
മൂർക്കനിക്കര ഗവ. യുപി സ്കൂളിൽ നടത്തറ പഞ്ചായത്ത് വകയായി പ്രഭാത ഭക്ഷണവും നൽകാറുണ്ട്. മലയോര മേഖലയിൽനിന്ന് നേരത്തേ സ്കൂളിലേക്ക് പുറപ്പെടുന്ന കുട്ടികൾക്ക് ഇത് ആശ്വാസമായിരുന്നു. കെ രാജൻ എംഎൽഎയുടെ വക സ്കൂൾ ബസുമുണ്ട്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 2.68 കോടി രൂപ ചെലവിൽ സ്കൂളിൽ ഹൈടെക് കെട്ടിടവും ഉയരുകയാണ്.
പ്രധാന വാർത്തകൾ
 Top