27 May Wednesday

കോണ്‍ഗ്രസ് ‌കൂട്ടത്തല്ല് ഒത്തുതീര്‍പ്പിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Saturday Mar 21, 2020
തൃശൂർ
കോൺഗ്രസ് കോർപറേഷൻ പാർലമെന്ററി പാർടി യോഗത്തിലുണ്ടായ കൂട്ടത്തല്ല് ഒത്തുതീർപ്പാക്കുന്നു. വൻ വാഗ്ദാനം നൽകിയാണ് പ്രശ്നം താൽക്കാലികമായി പരിഹരിക്കുന്നത്. കോർപറേഷൻ കോൺഗ്രസ് കൗൺസിലർമാർ തമ്മിലടിച്ച് വനിതയുൾപ്പെടെ രണ്ടുപേർ ആശുപത്രിയിലായതോടെ ജില്ലയിലാകെ കോൺഗ്രസ് നാണംകെട്ടിരുന്നു. വിഷയത്തിൽ കോൺഗ്രസ് കൗൺസിലർ ജയിലിൽ പോവുന്ന സ്ഥിതിയുമായി. ഇതോടെ മുതിർന്ന നേതാക്കളായ പി എ മാധവൻ, തേറമ്പിൽ രാമകൃഷ്ണൻ എന്നിവർ ഇടപെട്ട് പ്രശ്നം ഒത്തുതീർപ്പാക്കുകയായിരുന്നു. ജോൺ ഡാനിയേലും ഒത്തുതീർപ്പിന് രംഗത്തെത്തി. 
 ബുധനാഴ്ച കോർപറേഷൻ ഓഫീസിലെ പ്രതിപക്ഷനേതാവ് രാജൻ ജെ പല്ലന്റെ മുറിയിൽ ചേർന്ന കോൺഗ്രസ് പാർലമെന്ററി പാർടി യോഗത്തിൽ ലാലി ജയിംസും ടി ആർ സന്തോഷുമാണ് തമ്മിലടിച്ചത്. പരിക്കേറ്റ ലാലിയെയും സന്തോഷിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലാലി പരാതിയിൽ ഉറച്ചുനിന്നാൽ സന്തോഷ് ജയിലിൽ പോകേണ്ടി വരും. ഇതോടെ ലാലിക്ക് വൻവാഗ്ദാനം നൽകി പരാതി പിൻവലിപ്പിക്കുകയായിരുന്നു. അടുത്ത തെരഞ്ഞെടുപ്പിൽ സീറ്റും പാർടിസ്ഥാനവും വാഗ്‌ദാനം ചെയ്‌തതായാണ്‌ സൂചന. സന്തോഷിന് താക്കീതും നൽകിയതായാണ് സൂചന.      
   എന്നാൽ, ടി ആർ സന്തോഷ് ആശുപത്രിയിലെത്തി തന്നോട് മാപ്പ് പറഞ്ഞതായി ലാലി പറയുന്നു. പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പി എ മാധവൻ, തേറമ്പിൽ രാമകൃഷ്ണൻ എന്നിവരും വിളിച്ചിരുന്നു. എന്നാൽ, തനിക്ക് ആക്രമണഭീഷണി തുടരുകയാണ്. ഇക്കാര്യത്തിൽ ഉറപ്പു ലഭിച്ചാലേ പരാതി പിൻവലിക്കുകയുള്ളൂവെന്ന് അറിയിച്ചിട്ടുണ്ടെന്നും ലാലി പറയുന്നു. അതേസമയം, പാർടി നേതാക്കളുടെ നിർദേശപ്രകാരം ലാലിക്കെതിരായ പരാതി പിൻവലിച്ചതായി സന്തോഷ് പറഞ്ഞു.
 ജില്ലയുടെ ചരിത്രത്തിൽ ആദ്യമായാണ് പൊതുഓഫീസിൽ കോൺഗ്രസ് നേതാക്കൾ തമ്മിലടിക്കുന്നതും ആശുപത്രിയിലാവുന്നതും. ഡിസിസി നേതൃത്വമാണ് ഈ അവസ്ഥ വരുത്തിവച്ചതെന്ന് പി എ മാധവൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ പറയുന്നു. ഡിസിസി പ്രസിഡന്റ്‌സ്ഥാനത്ത്‌ ജില്ലയിൽ നാഥനില്ലാത്തതാണ്‌ പ്രശ്നങ്ങൾ വഷളാക്കുന്നതെന്നും നേതാക്കൾ പറയുന്നു. തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കേ പ്രതിപക്ഷനേതാവ് അഡ്വ. എം കെ മുകുന്ദനെയും ഉപനേതാവ് ജോൺ ഡാനിയേലിനെയും ഡിസിസി മാറ്റിയിരുന്നു. ചുമതലയേറ്റ രാജൻ പല്ലന്റെ കൺമുന്നിൽ കൗൺസിലർമാർ തമ്മിലടിച്ചിട്ടും ഒന്നും ചെയ്യാനായില്ല. നേതൃമാറ്റ തീരുമാനം പരാജയമാണെന്ന് ഇത് വ്യക്തമാക്കുന്നതായും ഒരു വിഭാഗം പറയുന്നു.
പ്രധാന വാർത്തകൾ
 Top