06 December Friday
ഒറ്റദിവസം പെരുമഴ

ഏനാമാക്കല്‍, ഇടിയഞ്ചിറ ഷട്ടറുകള്‍ തുറന്നു -

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2019

പാടൂർ ഇടിയഞ്ചിറ ഷട്ടറുകൾ ക്രയിനുപയോഗിച്ച്‌ തുറക്കുന്നു

   -  

 
തൃശൂർ
ജില്ലയിൽ ഒറ്റദിവസം പെയ്തിറങ്ങിയ മഴയിൽ കനാലുകളും പുഴകളും നിറഞ്ഞു. വീടുകളിലേക്ക് വെള്ളം കയറിയതോടെ ഏനാമാക്കൽ, പാടൂർ ഇടിയഞ്ചിറ ഷട്ടറുകൾ തുറന്നു. വെള്ളിയാഴ്ച പുലർച്ചെ മുതൽ നിർത്താതെ പെയ്ത മഴയെ ത്തുടർന്ന്  കരുവന്നൂർ, കുറുമാലി പുഴകളിലുള്ള വിവിധ ബണ്ടുകൾ പൊട്ടിച്ചു. ഇതോടെ മുല്ലശേരി കനാലിലും കോട്ടച്ചാലിലും ഒഴുക്ക് ശക്തമായി. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന വീടുകളിലേക്ക് വെള്ളം കയറിത്തുടങ്ങിയതോടെയാണ് ഇറിഗേഷൻ അധികൃതർ ഏനാമാക്കൽ, ഇടിയഞ്ചിറ ഷട്ടറുകൾ അടിയന്തരമായി തുറന്നത്. ഏനാമാക്കലിൽ ആദ്യം ഒരു ഷട്ടർ ഒരുമീറ്റർ ഉയർത്തി വെള്ളംതുറന്നു. പിന്നീട് നാലു ഷട്ടറുകളും ഒരുമീറ്റർ ഉയർത്തി. വളയംകെട്ടിന്റെ ഒരു ഭാഗം 25 മീറ്റർ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച്  പൊട്ടിച്ചു. വെള്ളിയാഴ്ച രാവിലെ എട്ടുമുതൽ ഇറിഗേഷൻ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഷട്ടർ തുറക്കാനുള്ള പ്രവൃത്തികൾ തുടങ്ങി.  
മുല്ലശേരി കനാലിൽ ഇടിയഞ്ചിറ ഷട്ടറിനുസമീപം ഉപ്പുവെള്ളം കയറാതിരിക്കാൻ നിർമിച്ചിട്ടുള്ള താൽക്കാലിക തടയണ കവിഞ്ഞ് വെള്ളം പുറത്തേക്കൊഴുകി. സമീപത്തെ വീടുകളിലേക്കും വെള്ളം കയറി. ഇതേ ത്തുടർന്ന് വെള്ളിയാഴ്ച രാവിലെ ഏഴരയോടെ ഷട്ടറുകൾ ഉയർത്താൻ തുടങ്ങി. തടയണയുടെ ഒരു ഭാഗം പൊളിച്ചുനീക്കി.   ആദ്യം അഞ്ചുഷട്ടറുകളും കൈകൊണ്ട് പൊക്കി നീക്കി.  മഴ ശക്തമായതോടെ ക്രെയിൻ വരുത്തിച്ച് കൂടുതൽ ഉയർത്തുകയായിരുന്നു. ഒരുമീറ്ററാണ് ഉയർത്തിയത്.  
 സാധാരണ  ഇടിയഞ്ചിറ ഷട്ടർ ജൂലൈ ഒന്നിനും ഏനാമാക്കൽ ഷട്ടർ ജൂൺ ഒന്നിനും തുറക്കാറുണ്ട്. ഈ വർഷം മഴ കുറഞ്ഞതിനാലാണ് ഷട്ടർ തുറക്കാൻ വൈകിയത്. മഴക്കാലമായാൽ വെള്ളപ്പൊക്കം തടയാൻ വളയംകെട്ട് പൊട്ടിക്കാറുണ്ട്. ഈ വെള്ളം ചേറ്റുവവഴി കടലിലേക്ക് എത്തിച്ചേരുകയാണ് പതിവ്. 
 പിന്നീട് നവംബറാകുന്നതോടെ വെള്ളം കുറയുമ്പോൾ ഉപ്പുവെള്ളം തിരിച്ച് കയറാതിരിക്കാൻ വീണ്ടും കെട്ടാറാണ് പതിവ്. വേലിയേറ്റ സമയത്താണ് പ്രധാനമായും ഉപ്പുവെള്ളം കയറുക. ഇത് തടയാനാണ് തടയണകൾ കെട്ടുക. 
റെഗുലേറ്ററുകളിലെ ഷട്ടറുകൾ കാലപ്പഴക്കത്താൽ തകരാർ സംഭവിച്ചതിനാലാണ് ഷട്ടറുകൾക്കുള്ളിലൂടെ ഉപ്പുവെള്ളം കയറുന്നത്.  ഈ ഷട്ടറുകളിൽ വെള്ളം  തടഞ്ഞുനിർത്തിയാണ് കോൾനിലങ്ങളിലേക്ക് കൃഷിക്ക് വെള്ളം ലഭിക്കുന്നത്. 
എന്നാൽ കനാലുകളിൽ വെള്ളം നിറഞ്ഞതോടെ  മണലൂർ, വെങ്കിടങ്ങ്, എളവള്ളി, പാവറട്ടി, ചാഴൂർ, അടാട്ട് തുടങ്ങിയ പഞ്ചായത്തുകളിലെ പാടശേഖരങ്ങളിലെല്ലാം വെള്ളം നിറഞ്ഞു. സമീപത്തെ വീടുകളിലേക്കും വെള്ളം കയറി. 
ഷട്ടറുകൾ തുറന്നതോടെ   മീനുകൾ ധാരാളം പുറത്തേക്ക് ചാടി. ഇതോടെ വലയും ചൂണ്ടയും ഉപയോഗിച്ചുള്ള മീൻ പിടിത്തക്കാർക്ക് കൊയ്ത്തായിരുന്നു. പറപ്പൂക്കര മാഞ്ഞാംകുഴി, മാള കണക്കൻ കടവ്‌  എന്നിവിങ്ങളിലെ ഷട്ടറുകളും വെള്ളം ഉയർന്നതിനെ തുടർന്ന്‌  തുറന്നു.  
പ്രധാന വാർത്തകൾ
 Top