24 August Saturday
ലഹരിവിമുക്തം, റോഡ് സുരക്ഷ

ഊരുചുറ്റാനിന്നും പ്രിയം സൈക്കിളോട്ടം

ടി എൻ കേശവൻUpdated: Saturday Jul 20, 2019

 

 
വടക്കാഞ്ചേരി  
 ലഹരിക്കെതിരെയും നിരത്തുകൾ കുരുതിക്കളങ്ങളാകാതിരിക്കാനുംവേണ്ടി വയോധികന്റെ  നേതൃത്വത്തിൽ സൈക്കിൾ സ്നേഹികളുടെ കൂട്ടായ്മ കേരളപര്യടനത്തിന‌്. സെപ്തംബർ എട്ടുമുതൽ 13 വരെ കേരള സൈക്കിൾ പര്യടനം നടത്താൻ   തൃശൂർ ഓൺ എ സൈക്കിൾ കൂട്ടായ‌്മയാണ‌്  രംഗത്ത‌്.  കോഴിക്കോട് ഒഡാക്സ് ഇന്ത്യ റാൻഡൻസ് നടത്തിയ ബ്രാവേ സൈക്കിൾ ഓട്ടം വിജയകരമായി പൂർത്തിയാക്കിയ അത്താണി സ്വദേശിയും ആരോഗ്യ വകുപ്പിലെ റിട്ടയേർഡ് ജീവനക്കാരനുമായ  മണലിപറമ്പിൽ ജോസ് (78) ആണ് ജാഥാ ക്യാപ്റ്റൻ.   30 പേരാണ് ജാഥയിലെ സ്ഥിരാംഗങ്ങൾ. പൂങ്കുന്നം ഹരിശ്രീ സ്കൂൾ വിദ്യാർഥിനിയും അയ്യന്തോൾ സ്വദേശി ഗോകുലിന്റെ മകളുമായ നീന (11) ആണ് ഏറ്റവും ചെറിയ അംഗം. 
സെപ്തംബർ എട്ടിന് കാസർകോട‌് ഉപ്പളയിൽ  പര്യടനം ആരംഭിക്കുന്ന സൈക്കിൾ റാലി 13ന് തിരുവനന്തപുരത്ത്  സമാപിക്കും. ഓരോ ദിവസവും 100 കിലോമീറ്റർ ദൂരമാണ് പര്യടനം നടത്തുക. ആദ്യദിനത്തിൽ കണ്ണൂരിലും  തുടർന്ന് കോഴിക്കോട്, ഗുരുവായൂർ , എറണാകുളം, കായംകുളം എന്നിവിടങ്ങളിലുമെത്തുന്ന സൈക്കിൾ റാലി 13ന് തിരുവനന്തപുരത്തെത്തും. 710 കിലോമീറ്റർ താണ്ടിയാണ്    സമാപിക്കുക. 
  കോഴിക്കോട്ടുനിന്ന് മലപ്പുറം വഴി നിലമ്പൂരിലേക്കും അവിടെനിന്ന് കോഴിക്കോട്ടേക്കും   നടന്ന ബ്രാവേ സൈക്കിളോട്ട മത്സരത്തിൽ ജോസ് പങ്കെടുത്തിരുന്നു. 200 കിലോമീറ്റർ ദൂരം ജോസ് താണ്ടിയത് ഇതിനകം  ചരിത്രത്തിൽ ഇടം പിടിച്ചു കഴിഞ്ഞു.  രാവിലെ 5.30ന‌് കോഴിക്കോട്ടുനിന്ന് ആരംഭിച്ച യാത്ര രാത്രി ഏഴിന് കോഴിക്കോട്ടെത്തി സമാപിക്കുമ്പോഴും ജോസേട്ടൻ തളർച്ചയെന്തെന്ന് അറിഞ്ഞിരുന്നില്ല.   

ജോസേട്ടന് കരുത്ത് പകരാൻ ഇതിനകംതന്നെ നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട‌്. അത്താണി  ഫെഡറൽ ബാങ്ക് ജീവനക്കാർ  പുതിയ സൈക്കിൾ വാങ്ങാൻ  സഹായം നൽകി.     

പ്രധാന വാർത്തകൾ
 Top