26 August Monday
പി എൻ പണിക്കരെ അനുസ‌്മരിച്ചു

വായനപക്ഷാചരണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Jun 20, 2019
തൃശൂർ
നാടെങ്ങും പി എൻ പണിക്കർ അനുസ‌്മരണവും വായനപക്ഷാചരണവും സംഘടിപ്പിച്ചു. വിദ്യാലയങ്ങളിലും വായനശാലകളിലുമുൾപ്പെടെ വിവിധ പരിപാടികളോടെയാണ‌് പരിപാടി സംഘടിപ്പിച്ചത‌്.  ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 27 വരെയാണ‌് പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത‌്.
ജില്ലാതല ഉദ്ഘാടനം സാഹിത്യ അക്കാദമി ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ‌് മേരി തോമസ് നിർവഹിച്ചു. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം ടി കെ വാസു അധ്യക്ഷനായി.  ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം സുനിൽ ലാലൂർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ബി സേതുരാജ്, കുടുംബശ്രീ ജില്ലാ മിഷൻ കോ–-ഓർഡിനേറ്റർ കെ വി ജ്യോതിഷ്‌കുമാർ, സാക്ഷരതാ മിഷൻ ജില്ലാ കോ–-ഓർഡിനേറ്റർ ശ്യാംലാൽ എന്നിവർ സംസാരിച്ചു.
ജില്ലയിലെ മികച്ച ഗ്രന്ഥശാലാ പ്രവർത്തകരായി തെരഞ്ഞെടുത്ത കെ വി തങ്കമ്മ (ഗ്രാമീണ വായനശാല, കോടന്നൂർ), ബേബി പ്രഭാകരൻ (ജനശക്തി വായനശാല കൂളിമുട്ടം), ടി വാസുദേവൻ (കെഎസ്ആർഎംഎസ് ഗ്രാമീണ വായനശാല മായന്നൂർ), സുരേഷ് പി എ (ജനകീയ വായനശാല, പാറക്കൂട്ടം), മേരി പോൾ (ഗ്രാമീണ വായനശാല, കോട്ടപ്പടി), അഡ്വ. കെ ജി അജയകുമാർ ( മഹാത്മാഗാന്ധി റീഡിങ‌് റൂം ആൻഡ‌് ലൈബ്രറി ഇരിങ്ങാലക്കുട) എന്നിവരേയും മികച്ച ലൈബ്രേറിയനായി തെരഞ്ഞെടുത്ത എൻ കെ ഹരിശ്ചന്ദ്രനേയും (ഗ്രാമീണ വായനശാല, പുത്തൻചിറ) ആദരിച്ചു. ജില്ലയിലെ മികച്ച സ്‌കൂൾ ലൈബ്രറികളായി തെരഞ്ഞെടുക്കപ്പെട്ട വരവൂർ ജി എൽ പി എസ്, കൊടുങ്ങല്ലൂർ ബോയ്‌സ് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, ആശാരിക്കാട് ജി യു പി  സ്‌കൂൾ എന്നിവയ്ക്ക് 3000 രൂപയുടെ പുസ്തകക്കിറ്റുകൾ നൽകി. കേരളത്തിലെ മികച്ച പൊലീസ‌് സ‌്റ്റേഷനായി തെരഞ്ഞെടുക്കപ്പെട്ട ചാലക്കുടി പൊലീസ‌് സ്റ്റേഷനിൽ പുതുതായി ആരംഭിക്കുന്ന ലൈബ്രറിക്കും അതിരപ്പിള്ളി പഞ്ചായത്തിൽ ആരംഭിക്കുന്ന ട്രൈബൽ ലൈബ്രറിക്കും പുസ്തക ക്കിറ്റുകൾ വിതരണം ചെയ്തു. ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ എൻ ഹരി സ്വാഗതവും   കെ കെ സീതാരാമൻ നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top