24 August Saturday

ചുവപ്പിൻ കുതിപ്പ്

സ്വന്തം ലേഖകൻUpdated: Saturday Apr 20, 2019
തൃശൂർ
 ലോക‌്സഭാ തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിലേക്ക് നീങ്ങവേ  ജില്ലയിൽ എൽഡിഎഫിന് മികച്ച മുന്നേറ്റം. 2014ൽ ജില്ലയിൽ  തൃശൂർ, ആലത്തൂർ, ചാലക്കുടി മണ്ഡലങ്ങളിൽ നേടിയ ഉജ്വലജയം  ആവർത്തിക്കുമെന്ന പ്രഖ്യാപനവുമായി നാടെങ്ങും ചുവപ്പിൻ അലകൾ ഉയരുകയാണ്.  എന്നാൽ പ്രചാരണങ്ങളെല്ലാം പൊളിഞ്ഞതോടെ വർഗീയതയ‌്ക്കൊപ്പം പണം നൽകി വോട്ടർമാരെ സ്വാധീനിക്കാനാണ് യുഡിഎഫ് നീക്കം. കൊടും വർഗീയ വിഷത്തിനൊപ്പം ഇവന്റ‌് മാനേജ്മെന്റ് ഗ്രൂപ്പുകളെ ഇറക്കിയാണ് ബിജെപി പ്രചാരണം.    
 സ്ഥാനാർഥി പ്രഖ്യാപനം മുതൽ നേടിയ മേൽക്കൈയുമായി എൽഡിഎഫ് സ്ഥാനാർഥികളായ രാജാജി മാത്യു തോമസ് (തൃശൂർ), ഡോ. പി കെ ബിജു (ആലത്തൂർ), ഇന്നസെന്റ് (ചാലക്കുടി) എന്നിവർ മുന്നേറ്റം തുടരുകയാണ്. അഞ്ചുറൗണ്ടുകളായി നടന്ന സ്വീകരണങ്ങളിൽ ലക്ഷക്കണക്കിന് ജനങ്ങളുമായി സ്ഥാനാർഥികൾ സംവദിച്ചു.  പാർലമെന്റ്, നിയമസഭ മണ്ഡലങ്ങളിലേയും പഞ്ചായത്ത്, മേഖലാ തെരഞ്ഞെടുപ്പ് കൺവൻഷനുകളിലും ബൂത്ത്തല കൺവൻഷനുകളിലും വൻ ജനപങ്കാളിത്തമായിരുന്നു.  ആയിരക്കണക്കിന് കുടുംബയോഗങ്ങളും സംഘടിപ്പിച്ചാണ് എൽഡിഎഫ് പ്രചാരണം ശക്തമാക്കിയത്.  പൊതു സ്വീകരണ കേന്ദ്രങ്ങളിൽ സ്ഥാനാർഥിയെ വരവേൽക്കാനും കേൾക്കാനും ജനം ഒഴുകിയെത്തി. യുവതീയുവാക്കൾ ഏറ്റവും ആവേശകരമായി  പ്രചാരണങ്ങളിൽ സജീവമായി. സ‌്ത്രീകളുടെ ഘോഷയാത്രകൾ നാടാകെ ഇളക്കിമറിച്ചിരുന്നു. പഞ്ചായത്ത്, മേഖലാതല റാലികളിലും  ആയിരങ്ങളാണ് അണിനിരക്കുന്നത്. ദേശീയ, സംസ്ഥാന ഇടതുപക്ഷ നേതാക്കൾ പ്രചാരണത്തിന് കരുത്തു പകരാനെത്തി. 
 2014ലെ ലോക‌്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥികളായ സി എൻ ജയദേവൻ തൃശൂരിൽ 38,227 വോട്ടിന്റെയും പി കെ ബിജു ആലത്തൂരിൽ 37,312 വോട്ടിന്റെയും  ഇന്നസെന്റ് ചാലക്കുടിയിൽ 13,884 വോട്ടിന്റെയും ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഇക്കുറി ഭൂരിപക്ഷം വർധിപ്പിക്കാൻ വിശ്രമരഹിത പ്രവർത്തനത്തിലാണ് എൽഡിഎഫ് പ്രവർത്തകർ. 
യുഡിഎഫിലും ബിജെപിയിലും തർക്കങ്ങൾ മൂലം ഏറെ വൈകിയാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. പ്രചാരണരംഗവും നിർജീവമായിരുന്നു. ഇതോടെയാണ് ഇരുമുന്നണികളും വർഗീയത പടർത്തുന്നത്. തൃശൂരിലെ യുഡിഎഫ് സ്ഥാനാർഥി ടി എൻ പ്രതാപനെ എ, ഐ ഗ്രൂപ്പുകൾ കൈവിട്ടതോടെ അങ്കലാപ്പിലാണ്.  ഇതോടെ  കുൽസിത മാർഗങ്ങൾ അവലംബിക്കുകയാണ‌്. തൃശൂർ പട്ടിക്കാട്  ഒരു വിഭാഗം പാസ്റ്റർമാരെ വിരുന്നുസൽക്കാരത്തിന് ക്ഷണിച്ച് പണം നൽകി വോട്ട് വാങ്ങാൻ  യുഡിഎഫ് ശ്രമം നടത്തി.  വിശ്വാസികൾതന്നെ ഇതിൽ പ്രതിഷേധവുമായി രംഗത്തെത്തി.  തൃശൂരിൽ എൻഡിഎ സ്ഥാനാർഥി   നടൻ സുരേഷ് ഗോപി ആദ്യഘട്ടത്തിൽ ത്തന്നെ കടുത്ത വർഗീയത പ്രചരിപ്പിക്കാനാണ് ശ്രമിച്ചത്. 
ചാലക്കുടിയിൽ ഇന്നസെന്റ് വൻ വികസനപ്രവൃത്തികളുടെ പിൻബലവുമായാണ് ജനങ്ങളിലേക്ക് വീണ്ടും ഇറങ്ങുന്നത്. എന്നാൽ യുഡിഎഫ് സ്ഥാനാർഥി ബെന്നി ബഹന്നാനും  യുഡിഎഫ് നേതാക്കളും  ഇന്നസെന്റിനെതിരെ നുണപ്രചാരണങ്ങളുമായി രംഗത്തുവന്നിരിക്കുകയാണ്. എ എൻ രാധാകൃഷ്ണനാണ് ചാലക്കുടിയിൽ ബിജെപി സ്ഥാനാർഥി. ബിജെപി മത്സരിക്കാത്ത ആലത്തൂരിൽ കോൺഗ്രസും ബിജെപിയും രഹസ്യബന്ധം പ്രകടമാണ്.  ബിജെപിക്കാർ പ്രവർത്തനരംഗത്തില്ലെന്ന്  ബിഡിജെഎസ് സ്ഥാനാർഥി ടി വി ബാബു  പരാതിയുമായി രംഗത്ത് വന്നിട്ടുണ്ട്. ആലത്തൂരിൽ  രമ്യ ഹരിദാസാണ് കോൺഗ്രസ് സ്ഥാനാർഥി.
പ്രധാന വാർത്തകൾ
 Top