01 April Wednesday

സഹോദരങ്ങൾക്കിത് ഇരട്ടി മധുരം

സുരേഷ്‌ എടക്കുന്നിUpdated: Thursday Feb 20, 2020

ചിത്രയും ശരത്തും

ഒല്ലൂർ
സഹോദരങ്ങളായ ചിത്രയും  ശരത്തും  സന്തോഷത്തിന്റെ നിറവിലാണ്. ഒരു വീട്ടിൽനിന്ന് രണ്ട് പേർ ഒരേ ദിവസം ഒരേ തസ്തികയിൽ സർക്കാർ ജോലിയിൽ പ്രവേശിക്കുന്നതിന്റെ ഇരട്ടി മധുരം. രാജ്യത്തിന് വേണ്ടി കായിക മത്സരങ്ങളിൽ മിന്നുന്ന പ്രകടനത്തോടെ ചാമ്പ്യൻമാരായ കുരിയച്ചിറ സ്വദേശികളായ ചിത്രക്കും ശരത്തിനും സർക്കാർ ജോലിയെന്ന സ്വപ്നം യാഥാർഥ്യമായി. കുരിയച്ചിറ മാവേലി നഗറിലെ നെല്ലിപ്പറമ്പിൽ ചന്ദ്രമോഹന്റെ മക്കളായ ചിത്ര (34 ), സഹോദരൻ ശരത് (32) എന്നിവർ തൃശൂർ സ്പോർട്‌സ്‌  കൗൺസിൽ അംഗങ്ങളും  കായിക പരിശീലകരുമാണ്. 
കായിക  താരങ്ങൾക്ക്‌  സംരക്ഷണം നൽകാൻ  എൽഡിഎഫ്‌ സർക്കാർ തയ്യാറായതിൽ അഭിമാനിക്കുന്നുവെന്നും ഇരുവരും പറഞ്ഞു.  നന്നേ ചെറുപ്പത്തിൽതന്നെ ചിത്ര  വെയ്റ്റ് ലിഫ്റ്റിങ്ങിലേക്ക്‌   പ്രവേശിച്ചു.  2003 ൽ കോഴിക്കോട് നടന്ന നാഷണൽ ചാമ്പ്യൻഷിപ്പിൽ ചാമ്പ്യൻ.  2004, 2005 , 2006-ൽ രണ്ട് തവണ , 2007 ദേശീയ മെഡൽ .  2008-ൽ പഞ്ചാബിൽ എൻഐഎസ് ( ദേശീയ പരിശീലന  കോഴ്സ് ) ഡിപ്ലോമ പാസായി. 2010 കണ്ണൂരിൽ നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ ഗോഡ് മെഡൽ . രണ്ട് കോമൺവെൽത്ത് ഗെയിംസിന്റേയും, രണ്ട് ഏഷ്യൻ ഗെയിംസിന്റെയും, ജൂനിയർ വേൾഡ് ചാമ്പ്യൻഷിപ്പിന്റേയും  ഇന്ത്യൻ ടീം പരിശീലക.   കോമൺവെൽത്ത് ചാമ്പ്യൻഷിപ്പിൽ ചിത്ര പരിശീലിപ്പിച്ച രണ്ട് പേർ ഗോൾഡ് മെഡൽ നേടി.  തൃശൂർ വിമല കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി. ആർബിഐ ഉദ്യോഗസ്ഥനായ ഭർത്താവ് കെ മധു ബാഡ്മിന്റൺ ദേശീയ ചാമ്പ്യനാണ്. അനന്തു നാരായണൻ, ആദി നാരായണൻ എന്നിവർ മക്കളാണ്.
ചിത്രയുടെ ഇളയ സഹോദരൻ ശരത്  എട്ടു വർഷമായി കേരള ടീം പരിശീലകനാണ്‌. 2007, 2010, 2012, വർഷങ്ങളിലെ ജൂഡോ ചാമ്പ്യൻഷിപ്പിലെ മെഡൽ ജേതാവാണ്. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ജൂഡോയിൽ കമ്പം തോന്നിയത്. എട്ടു വർഷം തുടർച്ചയായി കലിക്കറ്റ് സർവകലാശാല ചാമ്പ്യൻ. ജൂഡോയിൽ എ ഗ്രേഡോടെ പാസാകുന്ന കേരളത്തിലെ ആദ്യ കോച്ചാണ്.  ആറു വർഷത്തിനിടെ 50-ൽ പരം ദേശീയ മെഡൽ ജേതാക്കളെ വാർത്തെടുത്തു. ഭാര്യ ലക്ഷ്മി ബർഗാം  കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപികയാണ്. ഷീലയാണ് ഇരുവരുടെയും അമ്മ.
പ്രധാന വാർത്തകൾ
 Top