21 February Thursday

ബിൻലാദനെ പിടികൂടിയ ശ്വാനരാജാവ് മണ്ണുത്തിയില്‍

വെബ് ഡെസ്‌ക്‌Updated: Sunday Jan 20, 2019

ശ്വാനപ്രദർശനത്തിൽനിന്ന്‌

തൃശൂർ
ബിൻലാദനെ പിടികൂടിയ ശ്വാനരാജാവിന്റെ പരമ്പരയെ കാണണോ. വരൂ, മണ്ണുത്തിയിലേക്ക്. വിദേശചലച്ചിത്രമായ ഹച്ചിക്കോയിലൂടെ വിശ്വസ്തതയുടെ പ്രതീകമായി മനുഷ്യമനസ്സിലിടം നേടിയ ഗ്രേറ്റ് ജപ്പാനീസ് ഡോഗ് ഷിബയും  മിന്നും താരമാണ്. ആകാരവടിവിലും ഉശിരിലും മാത്രമല്ല സ്നേഹത്തിലും കൂറിലും ആരെയും വെല്ലുന്ന ശ്വാനപ്പടതന്നെ സജ്ജം.    
കെന്നൽ ക്ലബ് ഓഫ് ഇന്ത്യയുടെ ഘടകമായ തൃശൂർ കനൈൻ ക്ലബ് ആതിഥേയത്വം വഹിക്കുന്ന ദേശീയ ശ്വാനപ്രദർശനത്തിന് മണ്ണുത്തിയിൽ തുടക്കമായി.  മണ്ണുത്തി വെറ്ററിനറി കോളേജ് ഗ്രൗണ്ടിലാണ് പ്രദർശനം. റോട്ട് വീലർ ക്ലബ് ഓഫ് ഇന്ത്യയുടെ റോട്ട് വീലർ നായ്ക്കൾക്ക് മാത്രമായുള്ള പ്രത്യേക ദേശീയ ശ്വാനപ്രദർശനവും ഇതോടൊപ്പമുണ്ട്.  
അഴകളവിന്റെയും അനുസരണയുടെയും ഏത് മത്സരമാനദണ്ഡങ്ങളെയും കീഴടക്കുന്ന വിദേശികളും സ്വദേശികളുമായ അപൂർവ ശ്വാനപ്രതിഭകളുടെ സംഗമവേദിയാണിവിടം. ഉസാമ ബിൻലാദനെ വധിക്കാൻ നിയോഗിക്കപ്പെട്ട അമേരിക്കയുടെ ഓപ്പറേഷൻ നെപ്റ്റൺ ടീമിൽ ഉൾപ്പെട്ട നായയായ കെയ്റോയുടെ തനി ജനുസ്സായ ബെൽജിയൻ മാലിനോയിസിനെ കാണാൻ ആരാധകരേറെയാണ്.  റോട്ട് വീലർ, ജർമൻ ഷെപ്പേർഡ് ഡോഗ്, ഗെയ്റ്റ് ഡെയ്ൻ, ബോക്സർ തുടങ്ങിയ ജർമ്മൻ വംശജരും നായ് വംശത്തിലെ ഗ്ലാഡിയേറ്റർ എന്ന ഓമനപ്പേരുള്ള ബുൾ ടെറിയർ, ക്ഷുഭിത സ്വഭാവം കാരണം  ചില രാജ്യങ്ങളിൽ വിലക്കുള്ള ബ്രസീലുകാരൻ ഫില ബ്രസീലിയാറോ, കെയ്ൻ കോർസോ തുടങ്ങിയ ഭീമൻമാരും സിനിമ–-സീരിയൽ താരമായി പേരെടുത്ത ജാക്ക് റസൽ ടെറിയർ, ആർട്ടിക് പ്രദേശത്തുകാരായ സൈബീരിയൻ ഹസ്കി, ഇത്തിരിക്കുഞ്ഞൻമാരായ മിനിയേച്ചർ പിൻഷർ, ഷിവാവ, ഫ്രഞ്ച് ബുൾഡോഗ്, നീല നാവുകാരനായ ചാ ചാ ഇങ്ങനെ ശ്വാനനിര ഏറെ.  ചിപ്പിപ്പാരായ്, മദോൾ ഹൗണ്ട്, രാജപാളയം, കാരവാൻ ഹൗണ്ട് തുടങ്ങിയ ഇന്ത്യൻ വംശജരും അണിനിരക്കുന്ന പ്രദർശനം ശ്വാനക്കമ്പക്കാർക്ക്   ഹരമാണ‌്.   
കൊളംബിയോയിൽനിന്നുള്ള കാർലോസ് ക്യുനിനോസ് ഡോ. റാഫേൽ ഇഗ്നേഷ്യ ഒറ്റാലോറ, ജർമനിയിൽനിന്നുള്ള ആന്റോൺ ടോണി സ്പിന്റ‌്‌ലർ, ശരത് ശർമ (ഇന്ത്യ) എന്നിവരാണ് വിധി കർത്താക്കൾ. ഞായറാഴ്ചയും പ്രദർശനം തുടരും.  രാവിലെ പത്തുമുതൽ വൈകിട്ട് എട്ടുവരെയാണ് പ്രദർശനം.
 പ്രളായാനന്തര കേരളത്തിന്റെ പുനർ നവീകരണത്തിന് ഒരു സഹായഹസ്തമെന്ന നിലയിൽ ഈ പ്രദർശനത്തിൽനിന്നുള്ള  ലാഭം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന  ചെയ്യാനാണ് തൃശൂർ കനൈൻ ക്ലബ് തീരുമാനമെന്ന്  പ്രസിഡന്റ് ടി ചന്ദ്രൻ, സെക്രട്ടറി കെ ടി അഗസ്റ്റിൻ, ട്രഷറർ ഡാനിഷ് ജോൺ എന്നിവർ  അറിയിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top