തൃശൂർ
കേരള നിയമസഭയുടേയും സംസ്ഥാന സാക്ഷരതാമിഷന്റേയും നേതൃത്വത്തിൽ സംഘടിപ്പിച്ച ഭരണഘടനാ സാക്ഷരതാ സന്ദേശയാത്രയ്ക്ക് ജില്ലയിൽ ഉജ്വല വരവേൽപ്പ്. സാംസ്കാരിക നഗരിയിലേക്ക് പ്രവേശിച്ച ജാഥയെ നൂറുകണക്കിന് സാക്ഷരതാ പ്രവർത്തകർ അണിനിരന്ന റാലിയോടെയാണ് വരവേറ്റത്. വാദ്യഘോഷങ്ങളും അകമ്പടിയായി.
സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ ഡോ. പി എസ് ശ്രീകല നേതൃത്വം നൽകുന്ന സന്ദേശയാത്രയ്ക്ക് ശനിയാഴ്ച പകൽ 1.15ന് ചേലക്കരയിൽ (വി ടി ഭട്ടതിരിപ്പാട് നഗർ) ആദ്യസ്വീകരണം നൽകി. യോഗം കേരള കലാമണ്ഡലം രജിസ്ട്രാർ ആർ കെ ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. തുടർന്ന് വടക്കാഞ്ചേരിയിൽ ( പാർവതി നെന്മിനി മംഗലം നഗർ) ചേർന്ന സ്വീകരണയോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം ചെയ്തു.നഗരത്തിലെത്തിയ സന്ദേശയാത്രയെ തെക്കേ ഗോപുരനടയിൽനിന്ന് സ്വീകരിച്ചാനയിച്ചു. പ്രൊഫ. ജോസഫ് മുണ്ടശേരി നഗറിൽ ചേർന്ന സ്വീകരണയോഗം മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. മേയർ അജിത വിജയൻ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ഡെപ്യൂട്ടി മേയർ റാഫി ജോസ് എന്നിവർ വിശിഷ്ടാതിഥികളായി. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ കെ ഉദയപ്രകാശ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ഐ എസ് ഉമാദേവി, പി സി ശ്രീദേവി, വി ആർ സരള , അഡ്വ. ബിജു വർഗീസ്, സാക്ഷരതാമിഷൻ എക്സി. അംഗം കാവുമ്പായി ബാലകൃഷ്ണൻ, ഡയറ്റ് പ്രിൻസിപ്പൽ കെ പത്മനാഭൻ, കൗൺസിലർ അഡ്വ. എ എസ് രാമദാസ് എന്നിവർ സംസാരിച്ചു. ഞായറാഴ്ച രാവിലെ 9.30ന് ചാലക്കുടിയിൽ (പി സി കുറുമ്പ നഗർ ) സ്വീകരണം നൽകും. ഭരണഘടനാ സാക്ഷരതാ ജനകീയ വിദ്യാഭ്യാസപരിപാടിയുടെ അനിവാര്യത ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനാണ് സന്ദേശയാത്ര സംഘടിപ്പിക്കുന്നത്. 14ന് മഞ്ചേശ്വരത്തുനിന്നും ആരംഭിച്ച യാത്ര 24ന് തിരുവനന്തപുരത്ത് സമാപിക്കും.