തൃശൂർ
കേരളത്തോടുള്ള കേന്ദ്രസർക്കാരിന്റെ റെയിൽവേ അവഗണനയ്‌ക്കെതിരെ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച പ്രതിഷേധ ട്രെയിൻയാത്ര യാത്രക്കാർ ഏറ്റെടുത്തു. സംസ്ഥാനത്തെ ട്രെയിനുകളുടെ സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറച്ച്, പകരം ത്രീടയർ എസി കംപാർട്‌മെന്റുകൾ ആക്കുന്നതിനെതിരെയാണ് യുവത ട്രെയിനിൽ യാത്ര ചെയ്‌ത് സമരം സംഘടിപ്പിച്ചത്. സംസ്ഥാനത്ത് ട്രെയിൻ യാത്രതന്നെ ദുരിതത്തിലായിരിക്കേ, കൂടുതൽ ട്രെയിനുകൾ അനുവദിക്കേണ്ടതിനു പകരമാണ് നിലവിലെ ട്രെയിനുകളിലെ കോച്ചുകൾ വെട്ടിച്ചുരുക്കുന്നത്. സാധാരണ യാത്രക്കാരെ വഴിയാധാരമാക്കുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ ജില്ലയിലെ എട്ട് റെയിൽവേ സ്‌റ്റേഷനുകളിലെ പ്ലാറ്റ്‌ഫോമുകളിൽ പ്രതിഷേധയോഗവും പ്രതിഷേധ ട്രെയിൻ യാത്രയും നടത്തി. തൃശൂർ റെയിൽവേ സ്റ്റേഷനിൽ സംസ്ഥാന ട്രഷറർ എസ് ആർ അരുൺബാബു സമരം ഉദ്ഘടനം ചെയ്തു. ജില്ലാ ട്രഷറർ കെ എസ് സെന്തിൽ കുമാർ, ആഷിക് വലിയകത്ത്, രാഹുൽ നാഥ്, ആൻസൺ സി ജോയ്, കെ സച്ചിൻ, കെ എസ് ശ്രീരാജ് എന്നിവർ സംസാരിച്ചു. ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ ജില്ലാ പ്രസിഡന്റ് ആർ എൽ ശ്രീലാൽ ഉദ്ഘാടനം ചെയ്തു. പി എച്ച് നിയാസ്, സി ധനുഷ്‌കുമാർ, ഐ വി സജിത്ത്, ഐ എസ് അക്ഷയ് എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സുകന്യ ബൈജു (പുതുക്കാട്), കെ എസ് റോസൽ രാജ് (ചാലക്കുടി), വി പി ശരത്ത് പ്രസാദ് (ഗുരുവായൂർ), ജില്ലാ വൈസ് പ്രസിഡന്റുമാരായ എൻ ജി ഗിരിലാൽ (വള്ളത്തോൾ നഗർ), സി ആർ കാർത്തിക (വടക്കാഞ്ചേരി), സി എസ് സംഗീത് (ഒല്ലൂർ) എന്നിവിടങ്ങളിൽ ഉദ്ഘാടനം ചെയ്തു. പ്രതിഷേധ യോഗങ്ങൾക്കുശേഷം, പ്ലക്കാർഡുകൾ ഏന്തിയ വളണ്ടിയർമാർ പ്ലാറ്റ്‌ഫോമിൽ ലഘുലേഖകൾ വിതരണം ചെയ്‌തു. തുടർന്ന് ട്രെയിനിൽ കയറി കേന്ദ്രസർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണന റെയിൽവേ യാത്രക്കാരോട് വിശദീകരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..