27 November Sunday
ചാലക്കുടി അടിപ്പാത

വാഹനഗതാഗത
ട്രയല്‍ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Sep 19, 2022

ചാലക്കുടി മുനിസിപ്പൽ ജങ്ഷനിൽ വാഹനങ്ങളുടെ ട്രയൽ റൺ തുടങ്ങിയപ്പോൾ

 
ചാലക്കുടി
ചാലക്കുടി മുനിസിപ്പൽ ജങ്ഷനിലെ അടിപ്പാതയുടെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുന്നതിന്റെ ഭാഗമായി വാഹനഗതാഗത ട്രയൽ ആരംഭിച്ചു. തിങ്കളും തുടരും. അപാകം പരിഹരിച്ച് 26മുതൽ മുനിസിപ്പൽ ജങ്ഷന് സമീപം സർവീസ് റോഡിലൂടെയുള്ള ഗതാഗതം ക്രമീകരിക്കും. ഇതോടൊപ്പം  അടിപ്പാതയുടെ നിർമാണം പുനരാരംഭിക്കും. പെരുമ്പാവൂർ ഇ കെ കെ കൺസ്ട്രക്ഷൻ കമ്പനിക്കാണ് നിർമാണച്ചുമതല. 
57.5 കോടി രൂപ ചെലവിലാണ് നിർമാണം. മണ്ണുത്തി മുതൽ അങ്കമാലി വരെയുള്ള ഭാഗത്ത് ദേശീയ പാത റോഡുകളുടെയും നിലവിലുള്ള സർവീസ് റോഡുകളുടേയും അറ്റകുറ്റപ്പണികളും ട്രെയിനേജുകളുടെ അറ്റകുറ്റപ്പണികളും ഇതിന്റെ ഭാഗമായി നടത്തും. ആറ് മാസത്തിനകംഅടിപ്പാത നിർമാണം പൂർത്തീകരിക്കാനാണ് ലക്ഷ്യം.  പ്രവൃത്തി   വൈകിച്ചതിനെ തുടർന്ന്  ഗുരുവായൂർ ഇൻഫ്ര സ്ട്രക്ചർ ലിമിറ്റഡിനെ ഒവിവാക്കിയിരുന്നു. തുടർന്നാണ് പുതിയ ടെണ്ടർ ക്ഷണിച്ചത്. അടിപ്പാതയുടെ ഭാഗമായുള്ള ദേശീയപാത ഭാഗത്തെ പ്രവർത്തികൾ സുഗമമായി നടത്താനാണ്  നിയന്ത്രണം.  മുനിസിപ്പൽ ജങ്ഷനിലെ പ്രധാന റോഡ് അടച്ചിട്ട് ഇരുഭാഗത്തേയും സർവീസ് റോഡുകൾ വഴിയാണ് ഗതാഗതം തിരിച്ചുവിടുന്നത്. എറണാകുളം ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ സിഗ്നൽ ജങ്ഷനിൽ നിന്നും പടി വശത്തുള്ള സർവീസ് റോഡ് വഴിയും തൃശൂർ ഭാഗത്ത് നിന്നും വരുന്നവ പോട്ട സിഗ്നൽ കടന്ന് സർവീസ് റോഡിലേക്ക് പ്രവേശിച്ച് ചാലക്കുടി മുനിസിപ്പൽ ജങ്ഷൻ കടന്ന് ഹൈവേയിൽ പ്രവേശിക്കുന്ന തരത്തിലുമാണ് ക്രമീകരണം. മാള റോഡിൽ നിന്നും ബസ് ഒഴികെയുള്ളവ ചാലക്കുടി   ഐടിഐ ജങ്ഷനിൽ നിന്ന് വലതുഭാഗത്തേക്ക് തിരിഞ്ഞ് ബിഎസ്എൻഎൽ ഓഫീസ് മുൻവശം വഴിയും മാള ഭാഗത്ത് നിന്നുള്ള   ബസുകൾ മുനിസിപ്പൽ ജങ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് സർവീസ് റോഡ് മാർഗവും സൗത്ത് ജങ്ഷനിൽ എത്തണം. ഈ ഭാഗത്ത് നിന്നുള്ള ബസ് ഒഴികെയുള്ള ഭാരവാഹനങ്ങൾ അഷ്ടമിച്ചിറ വഴിയോ  ചാലക്കുടി റെയിൽവേ പാലത്തിന് സമീപമുള്ള വെള്ളാഞ്ചിറ റോഡ് വഴിയോ തിരിച്ച് വിടുന്ന തരത്തിലാണ് ക്രമീകരണം. ഞായർ പകൽ 10 മുതൽ വൈകിട്ട് 6വരേയും തിങ്കൾ പകൽ 8മുതൽ വൈകീട്ട് 8വരേയുമാണ് ട്രയൽ റൺ. പൊലീസിന്റെ സഹകരണത്തോടെയാണ് ഗതാഗത നിയന്ത്രണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top