22 October Thursday

പാലകാപ്യനെപ്പോല്‍ ‘ആന മുനി'

വെബ് ഡെസ്‌ക്‌Updated: Saturday Sep 19, 2020
പാലകാപ്യ  മഹർഷിയെപ്പോലെ ആനകളെ സ്നേഹിച്ചും അറിഞ്ഞുമായിരുന്നു അവണപ്പറമ്പ് മഹേശ്വരൻ നമ്പൂതിരിപ്പാടിന്റെ ചികിത്സ. 
ആന ചികിത്സാക്രമം ഔപചാരികമായി പഠിക്കുകയല്ല, പകരം ഹസ്ത്യായുർവേദം  (ആനകളുടെ ആയുർവേദം) അഥവാ പാലകാപ്യം എന്ന പുസ്തകം അദ്ദേഹം ഹൃദിസ്ഥമാക്കുകയായിരുന്നു.  ആനകളുടെ കളിക്കൂട്ടുകാരനായിരുന്ന പാലകാപ്യ  മഹർഷി എഴുതിയ പുസ്തകമാണിത്.  
ആ പുസ്തകത്തിലെ സമ്പൂർണ ചികിത്സാവിധികൾ പഠിച്ച  മലയാളത്തിലെ അവസാന കണ്ണിയാണ് വേർപെടുന്നത്.  മനയിലെത്തുന്നവരോട് സൗമ്യമായ പെരുമാറ്റം, സ്നേഹം അതായിരുന്നു മുഖമുദ്ര. ധനം ഒരിക്കലും മോഹിച്ചില്ല. ആവശ്യപ്പെടാറുമില്ല.
പാലകാപ്യ മഹർഷിയുടെ കളിക്കൂട്ടുകാരായിരുന്നു ആനകൾ. ആനകളെ നിരീക്ഷിച്ചും സ്നേഹിച്ചും പഠിച്ചും ഭക്ഷണം നൽകിയും ഇഷ്ടങ്ങളും അനിഷ്ടങ്ങളുമെല്ലാം തിരിച്ചറിഞ്ഞതായി പുസ്തകത്തിലുണ്ട്. 
ആനകളെ സ്നേഹിക്കലാണ് പ്രധാനം. ഇത്തരം ആന ചികിത്സാരീതികൾ ആധുനിക സമ്പ്രദായമല്ല, അതിപുരാതനമായ സമ്പ്രദായമാണ്.  
ഇത് പഠിച്ചെടുക്കുകയും പ്രാവർത്തികമാക്കുകയും ചെയ്ത മലയാളത്തിലെ അവസാനകണ്ണിയാണ് അവണപ്പറമ്പ് മഹേശ്വരൻ നമ്പൂതിരിപ്പാട്. വെറ്ററിനറി ബിരുദവിദ്യാർഥികൾക്ക് ഇദ്ദേഹം  ഹസ്ത്യായുർവേദം ഉൾപ്പെടെ ചികിത്സാവിധികൾ ലളിതമായി പറഞ്ഞുകൊടുക്കും. 
കുട്ടികൾ ഇത് റെക്കോഡ് ചെയ്ത് സൂക്ഷിക്കും. ഇത്  താനും കേൾക്കാനിടയായിട്ടുണ്ട്. പ്രതിഫലേച്ഛയില്ലാതെ കർമം, ഇതായിരുന്നു ഹസ്ത്യായുർവേദത്തിന്റെ സന്ദേശം. അദ്ദേഹം അത് പൂർണമായും ഉൾക്കൊണ്ടു.  പരമ്പരാഗത ചികിത്സയ്ക്കപ്പുറം ചികിത്സാവിധികളെ സ്ഥാപനവൽക്കരിച്ചില്ല. തേടി വരുന്നവരെമാത്രം ചികിത്സിക്കുകയായിരുന്നു. 
ഗജചികിത്സ, സർപ്പവിഷചികിത്സ എന്നിവയെല്ലാം  ഇളയച്ഛനായ നമ്പ്യാത്തൻ  നമ്പൂതിരിപ്പാടിൽനിന്നാണ് കൂടുതൽ പഠിക്കുന്നത്.  ആന ചികിത്സക്കൊപ്പം, സർപ്പവിഷ ചികിത്സ, ത്വക്ക് രോഗ ചികിത്സ എന്നിവയിൽ പ്രഗത്ഭനായിരുന്നു. വിട്ടുമാറാത്ത   ത്വക്ക്‌രോഗങ്ങൾ മാറിയതിന്റെ നിരവധി അനുഭവങ്ങളുണ്ട്. ഒരിക്കൽ വീടിനടുത്തുള്ള കുട്ടിയെ അണലി കടിച്ചു. 
അലോപ്പതി ചികിത്സക്കുശേഷവും കുട്ടിയുടെ ശരീരത്തിൽ വ്രണങ്ങളുണ്ടായി. മുറിപ്പാടുകൾ ഉണങ്ങുന്നില്ല. വെള്ളമൊലിച്ചുകൊണ്ടേയിരുന്നു. അലോപ്പതി ചികിത്സയിൽ ഇത് ഭേദമായില്ല. തന്റെ നിർദേശപ്രകാരം കുട്ടി അവണപ്പറമ്പ് മഹേശ്വരൻ നമ്പൂതിരിപ്പാടിനെ കണ്ടു. കഷായം, ലേപനം എന്നിവ വഴി രണ്ടാഴ്ചക്കകം ഭേദമായി. 
പരമ്പരാഗതമായി അവണപ്പറമ്പ് മനയിൽ ആനകളുണ്ടായിരുന്നു. ആന ചികിത്സയുടെ പ്രയോക്താക്കളാണ്‌  അവണപ്പറമ്പ് കുടുംബം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top