22 October Tuesday
തൃശൂർ–ഷൊർണൂർ പാത

വടക്കാഞ്ചേരിയിൽ കൈയേറ്റം തിരിച്ചുപിടിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2019

വടക്കാഞ്ചേരി ടൗണിൽ താലൂക്ക് സർവേയറുടെ നേതൃത്വത്തിൽ സ്ഥലം അളക്കുന്നു

വടക്കാഞ്ചേരി 
പതിറ്റാണ്ടുകളായി സ്വകാര്യവ്യക്തികൾ  കൈവശം വെച്ചിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കും.  വടക്കാഞ്ചേരി റെയിൽവേസ്റ്റേഷൻമുതൽ വാഴക്കോട് വളവുവരെയുള്ള പ്രദേശങ്ങളിലെ അഞ്ച് ഏക്കർ 10 സെന്റോളം സർക്കാർ ഭൂമിയാണ്  പൊതുമരാമത്ത് വകുപ്പ്‌,  വടക്കാഞ്ചേരി നഗരസഭ,  മുള്ളൂർക്കര പഞ്ചായത്ത്‌  എന്നിവയുടെ നേതൃത്വത്തിൽ തിരിച്ചുപിടിക്കുക. ഇതോടെ വടക്കാഞ്ചേരി പട്ടണം  ഒരേ വീതിയിലും ഏകീകൃത രൂപത്തിലുമാകും. 
നിലവിൽ ഓട്ടുപാറമുതൽ റെയിൽവേ സ്‌റ്റേഷൻവരെയുള്ള രണ്ടു കിലോ മീറ്റർ ദൂരം റോഡിന് പല വീതിയും രൂപവുമാണ്. കുന്നംകുളം റോഡിലേക്ക് തിരിയുന്ന ഓട്ടുപാറ ഭാഗം കുപ്പിക്കഴുത്തു രൂപത്തിലാണ്. ഇവിടെ ഗതാഗതക്കുരുക്കും രൂക്ഷമാണ്. താലൂക്ക്  സർവേയറുടെ നേതൃത്വത്തിൽ നടക്കുന്ന  അളവ് പൂർത്തിയാക്കി കൈയേറ്റം ഒഴിപ്പിക്കും. വടക്കാഞ്ചേരി വില്ലേജിൽ 59 ഉം  എങ്കക്കാട് - 72, മുള്ളൂർക്കര - 43 ഉം കൈയേറ്റങ്ങളാണ് ഒഴിപ്പിക്കുക. ജില്ലാ ആശുപത്രി പരിസരത്തുനിന്നാണ്‌  സ്ഥല അളവ്‌ ആരംഭിച്ച ത്‌. ഒരാഴ്ചകൊണ്ട് സർവേ പൂർത്തിയാക്കി കൈയേറ്റക്കാർക്ക്‌  നോട്ടീസ് നൽകും.
 താലൂക്ക് സർവേയർ  യു റോഷ്നി, പൊതുമരാമത്ത് നിരത്ത് വിഭാഗം അസി. എൻജിനിയർ വി വി ഹാപ്പി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എസ് ബസന്ത് ലാൽ, നഗരസഭാ വൈസ് ചെയർമാൻ എം  ആർ  അനൂപ് കിഷോർ, സ്ഥിരം സമിതി അധ്യക്ഷരായ എൻ   കെ പ്രമോദ് കുമാർ, എം ആർ സോമനാരായണൻ, കൗൺസിലർമാരായ പ്രസീത സുകുമാരൻ, എം എച്ച് ഷാനവാസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ്‌ സ്ഥലം അളന്ന്‌  തിട്ടപ്പെടുത്തിയത്‌. 
പ്രധാന വാർത്തകൾ
 Top