20 October Sunday
കേന്ദ്രസംഘത്തോട്‌ കർഷകർ

" ഞങ്ങളുടെ കണ്ണീർ കാണാതെ പോകരുത്‌ ’

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2019

മഴയിൽ നശിച്ച കുണ്ടൂർ ആലമറ്റം മാണി, ഗംഗാധരൻ എന്നിവരുടെ വാഴത്തോട്ടം കേന്ദ്രസംഘം സന്ദർശിക്കുന്നു

തൃശൂർ 
കാലവർഷക്കെടുതിയിൽ മണിയുടെ ആയിരക്കണക്കിന്‌ വാഴയാണ്‌ നശിച്ചത്‌. പാട്ടത്തിനെടുത്ത ഭൂമിയിലിറക്കിയ നെൽകൃഷിയും വെള്ളത്തിൽ മുങ്ങി. മാള കുണ്ടൂരിലെ ആലമറ്റത്ത്‌ വാഴത്തോട്ടം സന്ദർശിക്കാനെത്തിയ കേന്ദ്രസംഘത്തിന്‌ മുന്നിൽ കണ്ണീരോടെ മണിയും ഭർത്താവ്‌ ഗംഗനും പറഞ്ഞു " ഞങ്ങളെ മറക്കരുത്‌.  കഷ്ടപ്പാടും നാശവും കണ്ടില്ലെന്ന്‌ നടിക്കരുത്‌'. കേന്ദ്രത്തിന്‌ മുന്നിൽ കേരളത്തിലെ കർഷകരുടെ കണ്ണീർ. കേന്ദ്രസംഘത്തിന്‌ മുന്നിൽ കർഷകരുടെ കെടുതികൾ  കലക്ടർ എസ്‌ ഷാനവാസും ഉദ്യോഗസ്ഥരും വിവരിച്ചു.  
പാറക്കോട്ടുപറമ്പിൽ മണിയും ഗംഗനുംകൂടി രണ്ടരയേക്കറോളം സ്ഥലത്താണ്‌ വാഴകൃഷിയിറക്കിയത്‌. മഴയിൽ   മുഴുവൻ വാഴയും നശിച്ചു. എട്ടേക്കറോളം ഭൂമിയിൽ നെൽകൃഷിയും രണ്ട്‌ നടീൽയന്ത്രങ്ങളും നശിച്ചു.  ലക്ഷക്കണക്കിന്‌ രൂപയുടെ നാശമുണ്ടായി. മുല്ലപ്പിള്ളി രാജേന്ദ്രൻ, പാറാശേരി കുഞ്ഞച്ചൻ, വിജയലക്ഷ്‌മ‌ി എന്നിവരുടെയെല്ലാം ഇവിടെയുള്ള വാഴ, ജാതികൃഷിയും നശിച്ചു.  കേന്ദ്രസർക്കാരിൽനിന്ന്‌ കൂടുതൽ സഹായം ലഭിക്കുമെന്ന പ്രതീക്ഷയാണ്‌ ഇവരും പങ്കുവച്ചത്‌. 
എരവത്തൂരിൽ മാട്ടാംവീട്ടിൽ കൃഷ്ണകുമാറിന്റെ രണ്ടേക്കറിലെ വാഴകൃഷി  നശിച്ചു. കേന്ദ്രസംഘത്തിന്‌ മുന്നിൽ കൃഷ്ണകുമാറും  നഷ്ടം വിവരിച്ചു.  
പൊയ്യ താഴ്‌വാരം റോഡിൽ നൂറ്‌ മീറ്ററിലധികമാണ്‌ മഴയിൽ ഇടിഞ്ഞുവീണത്‌. ഇതുമൂലം നാട്ടുകാർക്ക്‌  മറ്റൊരു വഴിയിലൂടെ ചുറ്റിവളഞ്ഞുവേണം പൊയ്യ കമ്പനിപ്പടി സ്‌റ്റോപ്പിലേക്കും മറ്റുമെത്താൻ. പതിനാലോളം കുടുംബങ്ങളാണ്‌ ഇവിടെ താമസിക്കുന്നത്‌. റോഡ്‌ തകർന്നതോടെ  നാട്ടുകാർക്കുണ്ടായ ദുരിതം പഞ്ചായത്ത്‌ അധികൃതർ കേന്ദ്രസംഘത്തോട്‌ വിവരിച്ചു.     സംസ്ഥാന സർക്കാർ വിവിധ ജില്ലകളിലുണ്ടായ നാശത്തിന്റെ റിപ്പോർട്ട്‌ കേന്ദ്രസർക്കാരിന്‌ നൽകിയതിന്റെ അടിസ്ഥാനത്തിലാണ്‌ സന്ദർശനം.
പ്രധാന വാർത്തകൾ
 Top