10 August Monday
കുറാഞ്ചേരി ദുരന്തം

പ്രിയപ്പെട്ടവർക്ക് നാടിന്റെ അന്ത്യാഞ്‍ജലി

വെബ് ഡെസ്‌ക്‌Updated: Sunday Aug 19, 2018

കുറാഞ്ചേരിയില്‍ ഉരുള്‍പ്പൊട്ടി മരിച്ചവരുടെ മൃതദേഹത്തില്‍ മന്ത്രി എ സി മൊയ്‍തീന്‍ പുഷ്‍പചക്രം അര്‍പ്പിക്കുന്നു

വടക്കാഞ്ചേരി 

കുറാഞ്ചേരി ഉരുൾപൊട്ടലിൽ കണ്ണീരോർമയായവർക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി. മുളംകുന്നത്തുകാവ് ഗവ.മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ശനിയാഴ്ച 12ന് മുണ്ടത്തിക്കോട് മിണാലൂർ വടക്കേക്കര മുനിസിപ്പൽ ഇൻഡോർ സ്‌റ്റേഡിയത്തിൽ പൊതുദർശനത്തിന് വച്ച  മൃതദേഹങ്ങളിൽ ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു.   
18 മൃതദേഹങ്ങളും സംസ്കരിച്ചു. ദുരന്തത്തിൽ രണ്ടു കുടുംബങ്ങളാണ‌് പൂർണമായി ഇല്ലാതായത‌്.  പ്ലാക്കൽ ജെൻസന്റെയും കന്നുകുഴിയിൽ മോഹനന്റെയും കുടുംബം. കുറാഞ്ചേരിയിൽ ചാച്ചൻസ് തട്ടുകട നടത്തുന്ന മുണ്ടൻ പ്ലാക്കൽ ജെൻസൻ (ചാച്ചൻ 45 ) ,മക്കൾ ഹെനോക്ക് (7), യാഫത്ത് (3), മോസസ് (10),  ജെൻസന്റെ സഹോദരൻ ഷാജി (48), ജെൻസന്റെ ഭാര്യയുടെ മാതാപിതാക്കളായ പാലക്കാട് വടക്കുംചേരി ആനക്കുഴിപ്പാടം കള പുരയ്ക്കൽ സ്വദേശി ഫ്രാൻസിസ് (65 ),  സാലി (60), കുറാഞ്ചേരിയിൽ പച്ചക്കറി കട നടത്തുന്ന കന്നുകുഴിയിൽ അയ്യപ്പൻ നായരുടെ മകൻ നാരായണൻ (മോഹനൻ 52 ), ഭാര്യ ആശ (45), മക്കൾ അഖിൽ (വിഷ്ണു   22), അമൽ (20), കൊല്ലം കുന്നേൽ മത്തായി (മാത്യു 65), ഭാര്യ ബേബി (റോസ 58), മകൾ സൗമ്യ (35), സൗമ്യയുടെ മക്കൾ മെറിൻ (10), മെൽന(5), പാറേക്കാട്ടിൽ പരേതനായ തങ്കച്ചന്റെ ഭാര്യ റോസി (65), റോസിയുടെ ചെറുമകൾ എയ്ഞ്ചൽ സജി (10) എന്നിവരുടെ മൃതദേഹങ്ങളാണ്സംസ്കരിച്ചത്.    പരിക്കേറ്റ പാറേക്കാട്ടിൽ സജി , ഭാര്യ ജോളി , മക്കൾ ജോഷ്വാ,  കാതറിൻ ,കൊല്ലം കുന്നേൽ മത്തായിയുടെ മകൾ സൗമ്യയുടെ മകൻ മെൽവിൻ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. മന്ത്രി എ സി മൊയ്തീൻ, പി കെ ബിജു എം പി, അനിൽ അക്കര എംഎൽഎ, സി പിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം സേവ്യർ ചിറ്റിലപ്പിള്ളി, മുതിർന്ന നേതാവ് എ പത്മനാഭൻ, ഏരിയ സെക്രട്ടറി പി എൻ സുരേന്ദ്രൻ, ജില്ലാപഞ്ചായത്ത്പ്രസിഡന്റ‌് മേരി തോമസ് , നഗരസഭ ചെയർപേഴ്സൺ ശിവപ്രിയ സന്തോഷ്. വൈസ് ചെയർമാൻ എം ആർ അനൂപ് കിഷോർ, മാർ ആൻഡ്രൂസ് താഴത്ത്,   മാർ ടോണി നീലങ്കാവിൽ , മുളംകുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുബെന്നി, തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് എം കെ ശ്രീജ, വൈസ് പ്രസിഡന്റ് സി വി സുനിൽ കുമാർഎന്നിവർ അന്ത്യാഞ് ജലി അർപ്പിച്ചു. സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി എ സി മൊയ്തീൻ പുഷ്പചക്രം അർപ്പിച്ചു.
 

മണ്ണിലടിഞ്ഞത‌് നാട്ടുനന്മയുടെ വഴിവിളക്കുകൾ

വടക്കാഞ്ചേരി 
സ്വാദൂറും ഭക്ഷണത്തോടൊപ്പം  നർമം ചാലിച്ച വർത്തമാനവും ഇനി കുറാഞ്ചേരിക്കാർക്ക‌് ഓർമമാത്രം.  മണ്ണ‌് ഒന്നായി കൊണ്ടുപോയത‌് ആ ചാച്ചൻസ് തട്ടുകടയെക്കൂടിയാണ‌്.  തൃശൂർ﹣ഷൊർണൂർ സംസ്ഥാന പാതയിലെ സ്ഥിരയാത്രക്കാർ കുറാഞ്ചേരിയിലെത്തുമ്പോൾ വാഹനം അറിയാതെ നിർത്തും, ആ ബ‌സ‌്‌സ‌്റ്റോപ്പിനു പിറകിലെ 'ചാച്ചൻസ്’ തട്ടുകടയിൽനിന്നൊരു ചായ കുടിക്കാൻ. ഒപ്പം വീട്ടുരുചിയുള്ള നാടൻ പലഹാരങ്ങൾ കഴിക്കാൻ. ആ തട്ടുകട നാടിന്റെതന്നെ വേറിട്ടൊരു അടയാളമായിരുന്നു. തന്റെ സ്വതസിദ്ധമായ ഇടപെടൽ ശൈലികൊണ്ടും കടയിലെത്തുന്നവരെ തന്നോട് അടുപ്പിക്കുന്ന സ്വഭാവക്കാരനായിരുന്നു ചാച്ചൻ.  കടയിലെത്തുന്നവരോടുള്ള നിഷ‌്കളങ്ക സൗഹൃദമാണ് മണ്ണിൽ പുതഞ്ഞ ആ ശരീരം കണ്ടെടുത്തപ്പോൾ നാട്ടുകാരെ വിങ്ങിപ്പൊട്ടിച്ചത‌്. പ്രകൃതി തന്റെ വിശ്വരൂപം പുറത്തെടുത്തപ്പോൾ പ്രിയപ്പെട്ടവർക്കെല്ലാം നഷ്ടമായത് ജെൻസനെന്ന ചാച്ചനോടൊപ്പം ഭാര്യ സുമിയെയും  മക്കളായ മോസസ്, ഹെനോക്ക്, യാഫത്ത് എന്നിവരെയുമാണ‌്. രോഗിയായ സഹോദരൻ ഷാജിയും ഭാര്യാപിതാവ് ഫ്രാൻസിസും ഭാര്യാമാതാവ് സാലിയും അന്ത്യയാത്രയിൽ ഒന്നിച്ചായി.
 

നാട്ടുനന്മയുള്ള പച്ചക്കറി നൽകാൻ ഇനി മോഹനേട്ടൻ ഇല്ല

വിഷരഹിതമായ പച്ചക്കറികൾ നാട്ടുകാർക്കു നൽകുന്നതിൽ നിർബന്ധമുണ്ടായിരുന്നു കന്നുകുഴിയിൽ നാരായണനെന്ന മോഹനന‌്.  ആ കുടുംബത്തിന്റെ വേർപാടും ദുരന്തമുഖത്ത് തീരാനൊമ്പരമായി. തെക്കുംകര പഞ്ചായത്തിലെ മലയോര മേഖലകളായ നായരങ്ങാടി, കുളത്താഴം കുത്തുപാറ, ചെപ്പാറ, പൂമല തുടങ്ങിയ പ്രദേശങ്ങളിൽ കൃഷി ചെയ്തിരുന്ന പച്ചക്കറിയെല്ലാം കർഷകർ നൽകിയിരുന്നത് കുറാഞ്ചേരി ബസ് സ്റ്റോപ്പിനടുത്തുള്ള മോഹനേട്ടന്റെ പച്ചക്കറിക്കടയിലായിരുന്നു. 
ഉൽപ്പന്നങ്ങൾക്ക് ന്യായവില നൽകുമെന്നതും  ഉൽപ്പാദനം എത്ര കൂടിയാലും മടക്കി അയക്കാറില്ലെന്നതും മോഹനേട്ടനെ ഇവർക്ക് പ്രിയങ്കരനാക്കിയിരുന്നു. 
സ്ഥിരമായി ഇതുവഴി കടന്നു പോകുന്ന യാത്രക്കാരും വിഷരഹിതമായ പച്ചക്കറിക്കായി കടയിലെത്തിയിരുന്നു. മോഹനേട്ടന്റെ ഭാര്യ ആശയും  മക്കളായ അഖിലും (വിഷ്ണു)  അമലും സാമൂഹ്യ പ്രതിബദ്ധതയോടെ ഈ പ്രവർത്തനങ്ങൾക്ക് എന്നും കൂട്ടായിനിന്നു.  പ്രിയപ്പെട്ടവർ നിമിഷ നേരംകൊണ്ട് ഭൂമുഖത്തുനിന്ന് തുടച്ചുനീക്കപ്പെട്ടതിന്റെ ഞെട്ടലിലാണ് ബന്ധുക്കളും നാട്ടുകാരും.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top