28 September Tuesday

എ കെ ജിയുടെ സമരഗാഥ, ‘ചുവന്ന കാലടികൾ’ തമിഴിലും

വെബ് ഡെസ്‌ക്‌Updated: Monday Jul 19, 2021
തൃശൂർ
എ കെ ജിയുടെ ജീവിതം ആസ്‌പദമാക്കി സി ആർ ദാസ്‌ രചിച്ച ‘ചുവന്ന കാലടികൾ’ നോവലിന്‌ തമിഴിലേക്കും മൊഴിമാറ്റം. എ കെ ജിയുടെ ജീവിതം സഹധർമിണി സുശീല ഗോപാലൻ വിവരിക്കുന്നതുപോലെയാണ്‌ രചന.  കാലടി പ്ലാന്റേഷനിലെ  തൊഴിലാളികളുടെ  പോരാട്ടങ്ങളാണ്‌   പ്രതിപാദ്യം. ‘ചിവന്ത കാലടികൾ’ എന്നാണ്‌ തമിഴ്‌ നോവലിന്റെ പേര്‌.  
ഭാരതി പുസ്‌തകാലയയാണ്‌  പ്രസാധകർ.  തമിഴ്‌നാട് പ്രോഗ്രസീവ് റൈറ്റേഴ്സ് അസോസിയേഷൻ സെക്രട്ടറി  ഉദയശങ്കർ  സിപിഐ എം ജില്ലാ സെക്രട്ടറി കെ അർജുനന് നൽകിയാണ് പ്രകാശനം ചെയ്തത്. തമിഴ്‌ ശെൽവമാണ്‌ ആമുഖം എഴുതിയത്‌.  എൻ ഷൺമുഖമാണ്‌ വിവർത്തനം.  
കാലടി പ്ലാന്റേഷനും അയ്യമ്പുഴയുടെ വിപ്ലവമണ്ണുമാണ്‌ നോവലിന്റെ അടിസ്ഥാനം. അടിയന്തിരാവസ്ഥക്കാലത്ത്‌ കസ്‌റ്റമറി ബോണസ്‌ നാലു ശതമാനമായി വെട്ടിച്ചുരുക്കിയതിനെതിരെ തോട്ടം തൊഴിലാളികൾ സമരത്തിനിറങ്ങി. അതിനെതിരെ സർക്കാരും മാനേജ്‌മെന്റും  ശക്തമായ ആക്രമണം നടത്തി. 
പുരുഷത്തൊഴിലാളികൾക്ക്‌ മർദനം സഹിക്കവയ്യാതെ കാട്ടിലേക്ക്‌  പലായനം ചെയ്യേണ്ടി വന്നു. ലയത്തിൽ കഴിഞ്ഞ വനിതകളേയും കുട്ടികളേയും പൊലീസ്‌ ഭീകരമായി മർദിച്ചു. രോഗബാധിതനായി ചികിത്സയിലായിരുന്നിട്ടും ഇതറിഞ്ഞ്‌ എ കെ ജി തൊഴിലാളികൾക്കിടയിലേക്ക്‌ ഇറങ്ങിത്തിരിച്ചു.  സുശീലഗോപാലനും തുണയായുണ്ടായി.  ഇതുൾപ്പെടെ പാവങ്ങളുടെ പടത്തലവന്റെ സമരോത്സുക ജീവിതം  തെളിയുന്ന നോവൽ വരും തലമുറയ്‌ക്ക്‌  പാഠമാണ്‌. 
 സമരാനുഭവങ്ങളെ ആസ്‌പദമാക്കി സാഹിത്യ സൃഷ്ടികൾ ഉണ്ടാവണമെന്ന്‌ എ കെ ജി ആഗ്രഹിച്ചിരുന്നു.   കാലടി സമരത്തെക്കുറിച്ച്‌ സുശീലാ ഗോപാലൻ എഴുതിയ ലേഖനത്തിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്‌.    ഇതാണ്‌ തന്റെ  നോവലിന്‌ പ്രചോദനമായതെന്ന്‌ സി ആർ ദാസ്‌ പറഞ്ഞു.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top