മാനന്തവാടി
കടയിൽ മോഷ്ടിക്കാൻ കയറി കുറിപ്പെഴുതി വൈറലായ കള്ളൻ വയനാട്ടിൽ പിടിയിൽ. തൃശൂർ കുന്നംകുളത്തെ കടയിൽ ഗ്ലാസ് ഡോർ തകർത്ത് കയറി ഒന്നും ലഭിക്കാതെ വന്നപ്പോൾ കുറിപ്പെഴുതിവച്ച മോഷ്ടാവ് പുൽപ്പള്ളി ഇരുളം കളിപറമ്പിൽ വിശ്വരാജിനെയാണ്(40) മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തത്.
വിവിധ ജില്ലകളിലെ സ്റ്റേഷനുകളിലായി അമ്പത്തിമൂന്നോളം കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ‘പൈസ ഇല്ലെങ്കിൽ എന്തിനാടാ ഗ്ലാസ് ഡോർ പൂട്ടിയിട്ടത്. വെറുതെ തല്ലിപ്പൊളിച്ചില്ലേ ' എന്നായിരുന്നു കുന്ദംകുളത്തെ കടയിൽ എഴുതിവച്ചത്. ഈ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലായി.
കഴിഞ്ഞ ദിവസം കൽപ്പറ്റയിൽ മോഷണശ്രമം നടത്തിയ വിശ്വരാജ് മാനന്തവാടിയിലേക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചു. അന്വേഷണത്തിൽ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളതായി മനസ്സിലാക്കി.
തുടർന്ന് ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വിശ്വരാജാണെന്ന് ഉറപ്പാക്കി ആശുപത്രി അധികൃതരുടെ അനുമതിയോടെ മാനന്തവാടി എസ്എച്ച്ഒ എം എം അബ്ദുൾ കരീമും സംഘവും അറസ്റ്റ് ചെയ്യുകയായിരുന്നു. മാനന്തവാടി സ്റ്റേഷനിൽ പ്രതിക്കെതിരെ കേസില്ലാത്തതിനാൽ കൽപ്പറ്റ പൊലീസിന് കൈമാറി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..