04 August Wednesday
ലോക്ക്‌ഡൗൺ ഇളവ്‌

ജനജീവിതം സാധാരണ നിലയിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Saturday Jun 19, 2021

ലോക്ക്ഡൗൺ അവസാനിച്ചതോടെ തിരക്കേറിയ എംജി റോഡ്

തൃശൂർ
ലോക്ക്‌ഡൗൺ ഇളവിൽ ജനജീവിതം സാധാരണ നിലയിലേക്ക്‌. ലോക്ക്‌ഡൗണിൽ ഇളവ്‌ പ്രഖ്യാപിച്ച രണ്ടാം ദിനത്തിൽ വാഹനങ്ങൾ കൂടുതൽ റോഡിലിറങ്ങിയതോടെ തെരുവുകൾ സജീവമായി. ബഹുഭൂരിപക്ഷം കടകളും  തുറന്നു. സ്വകാര്യ ബസുകൾ ഉൾപ്പെടെ  പൊതു വാഹനങ്ങൾ വെള്ളിയാഴ്‌ച സർവീസ്‌ നടത്തി. ഇളവ്‌ ഉണ്ടെങ്കിലും കരുതലും സുരക്ഷയും ഒട്ടും കുറയ്‌ക്കാതെയാണ്‌ ജനം പുറത്തിറങ്ങുന്നത്‌.   ഇരട്ട മാസ്ക്‌‌ ധരിച്ചാണ്‌ ജനങ്ങൾ പുറത്തിറങ്ങിയത്‌. ഹോട്ടലുകൾ തുറന്ന്‌ പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെങ്കിലും ഇരുന്ന്‌ ഭക്ഷണം നൽകൽ ഇനിയും ആരംഭിച്ചിട്ടില്ല. പാഴ്‌സൽ മാത്രമാണ്‌ അനുവദിച്ചിട്ടുള്ളത്‌. ബാർബർ ഷോപ്പുകൾ തുറന്ന്‌ പ്രവർത്തനം ആരംഭിച്ചു. മെയ്‌ എട്ടിന്‌ ആരംഭിച്ച ലോക്ക്‌ഡൗണിനാണ്‌ വ്യാഴാഴ്‌ച മുതൽ ഇളവ്‌ വന്നത്‌. 
ടിപിആറിന്റെ അടിസ്ഥാനത്തിൽ പ്രാദേശികമായാണ്‌ ലോക്ക്‌ ഡൗൺ നടപ്പിലാക്കിയിരിക്കുന്നത്‌. തദ്ദേശ സ്ഥാപനങ്ങളെ ടിപിആറിന്റെ അടിസ്ഥാനത്തിൽ നാലായി തിരിച്ചാണ്‌ ലോക്ക്‌ ഡൗണിൽ നിയന്ത്രണങ്ങളോടെ കടകൾ തുറക്കുന്നത്‌. 30 ശതമാനത്തിലേറെ ടിപിആർ നിരക്കുള്ള  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ട്രിപ്പിൾ ലോക്ക്‌ഡൗണായി തുടരും. 
20 ശതമാനത്തിലേറെ ടിപിആർ നിരക്കുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സമ്പൂർണ ലോക്ക്‌ ഡൗണായും എട്ടുമുതൽ 20 വരെ ടിപിആർ നിരക്കുള്ളവ ഭാഗിക ലോക്ക്‌ഡൗണായും എട്ടിനു‌ താഴെ ടിപിആർ നിരക്കുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്‌ നിയന്ത്രണങ്ങളോടെ എല്ലാ കടകളും തുറക്കാമെന്നതുമാണ്‌ ഇളവുകൾ. ലോക്ക്‌ഡൗണിൽ ഇളവ്‌ വന്ന രണ്ടാം ദിനത്തിലും പൊലീസ്‌ പരിശോധന ഉണ്ടായിരുന്നില്ല. 
എന്നാൽ, പൊലീസ്‌ സാന്നിധ്യം ഉണ്ടായിരുന്നു. പ്രധാന കേന്ദ്രങ്ങളിലെ ബാരിക്കേഡും  മറ്റും തുടരുന്നുണ്ട്‌. ശനി, ഞായർ ദിവസങ്ങളിലെ ലോക്ക്‌ഡൗൺ പഴയ പോലെ തുടരും. ഈ ദിവസങ്ങളിൽ പൊലീസ്‌ പരിശോധന സാധാരണ പോലെ തുടരും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top