16 November Saturday

വായനപക്ഷാചരണം ജില്ലാതല ഉദ്ഘാടനം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Wednesday Jun 19, 2019
തൃശൂർ
ജൂൺ 19 മുതൽ ജൂലൈ 7 വരെ ലൈബ്രറി കൗൺസിലിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ വായനപക്ഷാചരണം സംഘടിപ്പിക്കും. ജില്ലാതല ഉദ്ഘാടനം ബുധനാഴ‌്ച രാവിലെ പത്തിന് സാഹിത്യ അക്കാദമി ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ‌് മേരി തോമസ് നിർവഹിക്കും.  കലക്ടർ ടി വി അനുപമ അധ്യക്ഷയാകും. 
മേയർ അജിത വിജയൻ മുഖ്യാതിഥിയാകും. സാഹിത്യ അക്കാദമി സെക്രട്ടറി കെ പി മോഹനൻ വായനദിന സന്ദേശം നൽകും. ലൈബ്രറി കൗൺസിൽ എക്‌സി. അംഗം ടി കെ വാസു‌‌, പി എൻ പണിക്കർ അനുസ്മരണം നടത്തും. 
തൃശൂർ താലൂക്ക്–- -കെ വി തങ്കമ്മ (ഗ്രാമീണ വായനശാല, കോടന്നൂർ) കൊടുങ്ങല്ലൂർ - ബേബി പ്രഭാകരൻ (ജനശക്തി വായനശാല കൂളിമുട്ടം) തലപ്പിള്ളി -- ടി വാസുദേവൻ (കെഎസ്ആർഎംഎസ് ഗ്രാമീണ വായനശാല മായന്നൂർ), ചാലക്കുടി -- സുരേഷ് പി എ (ജനകീയ വായനശാല, പാറക്കൂട്ടം) ചാവക്കാട്-- -- മേരി പോൾ ( ഗ്രാമീണ വായനശാല, കോട്ടപ്പടി) മുകുന്ദപുരം -- അഡ്വ. കെ ജി അജയകൂമാർ ( മഹാത്മഗാന്ധി റീഡിങ്‌ റൂം ആൻഡ‌് ലൈബ്രറി ഇരിങ്ങാലക്കുട) എന്നിവരെയാണ് ജില്ലയിലെ മികച്ച ഗ്രന്ഥശാല പ്രവർത്തകരായി തെരഞ്ഞെടുത്തിട്ടുള്ളത്. മികച്ച ലൈബ്രേറിയനായി എൻ കെ ഹരിശ്ചന്ദ്രയെും (ഗ്രാമീണ വായനശാല, പുത്തൻചിറ) തെരഞ്ഞെടുത്തു. ജില്ലയിലെ മികച്ച സ്‌കൂൾ ലൈബ്രറികളായി തെരഞ്ഞെടുക്കപ്പെട്ട വരവൂർ ജിഎൽപിഎസ്, കൊടുങ്ങല്ലൂർ ബോയ്‌സ് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, ആശാരിക്കാട് ജിയുപിഎസ് സ്‌കൂൾ എന്നിവയ്ക്ക് 3000 രൂപയുടെ പുസ്തകക്കിറ്റുകൾ നൽകും. കേരളത്തിലെ മികച്ച പൊലീസ‌്സ്റ്റേഷനായി തെരഞ്ഞെടുക്കപ്പെട്ട ചാലക്കുടി പൊലീസ്‌സ്റ്റേഷനിൽ പുതുതായി ആരംഭിക്കുന്ന ലൈബ്രറിക്കും അതിരപ്പിള്ളി പഞ്ചായത്തിൽ ആരംഭിക്കുന്ന ട്രൈബൽ ലൈബ്രറിക്കും പുസ്തകക്കിറ്റുകൾ വിതരണം ചെയ്യും.
ബുധനാഴ‌്ച ജില്ലയിലെ 12 വിദ്യാഭ്യാസ ഉപജില്ലാതല ഉദ്ഘാടനങ്ങളും നടക്കും. ജൂലൈ ഏഴ‌് വരെയുള്ള തീയതികളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വായനശാലകൾ തുടർവിദ്യാഭ്യാസ കേന്ദ്രങ്ങൾ അടക്കം എല്ലാ മേഖലയിലും വായനയെ പ്രോത്സാഹിപ്പിക്കാനും വിപുലപ്പെടുത്താനും ജില്ലയിലാകെ വിവിധ പരിപാടികൾ സംഘടിപ്പിക്കും. വനിതകൾക്കായും, യുപി, ഹൈസ്‌കൂൾ വിദ്യാർഥികൾക്കായുള്ള വായന മത്സരങ്ങളും ബഷീർ, കേശവദേവ്, പൊൻകുന്നം വർക്കി അനുസ്മരണപരിപാടികളും നടക്കും. ജൂലൈ ഏഴിന് താലൂക്ക് തലത്തിൽ ഐ വി ദാസ് അനുസ്മരണത്തോടെ വായനപക്ഷാചരണ പരിപാടികൾ സമാപിക്കും.
പ്രധാന വാർത്തകൾ
 Top