25 August Sunday
ഇന്ന‌് വായനദിനം

സ്മാര്‍ട്ട് ഇ റീഡിങ് റൂമുകളുമായി വായനശാലകള്‍

വെബ് ഡെസ്‌ക്‌Updated: Wednesday Jun 19, 2019
തൃശൂർ 
കുട്ടികൾക്ക് പുസ്തകങ്ങൾ  വായിക്കാൻ  വായനശാലകളിൽ സ്മാർട്ട് ഇ റീഡിങ് റൂമുകൾ. ഒപ്പം വായനശാലകളുടെ പുസ്തകവിതരണ സമ്പ്രദായങ്ങളും ഡിജിറ്റലൈസ് ചെയ്യുകയാണ്. സർക്കാരിന്റെയും ലൈബ്രറി കൗൺസിലിന്റെയും പ്രത്യേക പദ്ധതി പ്രകാരം ജില്ലയിലെ വായനശാലകൾ ഡിജിറ്റലാവുകയാണ്. ആദ്യഘട്ടമായി ജില്ലയിൽ അഞ്ച‌് വായനശാല  ഡിജിറ്റലായി.വായനശാലകളിലെ പുസ്തകവിതരണ സംവിധാനം പൂർണമായും ദൈനംദിനപ്രവൃത്തികളും ഡിജിറ്റലൈസ് ചെയ്യുകയാണ്. പുസ്തകം എടുക്കുന്ന അംഗം, തെരഞ്ഞെടുത്ത പുസ്തകം, തീയതി, തിരിച്ചുകൊണ്ടുവന്ന തീയതി എന്നിവയെല്ലാം ഈ സംവിധാനത്തിൽ ഉൾപ്പെടും. കൊണ്ടുപോയ പുസ്തകം തിരിച്ചേൽപ്പിച്ചില്ലെങ്കിൽ മൊബൈൽ ഫോണിലേക്ക് സന്ദേശം അയക്കും. ഇതോടൊപ്പം വായനശാലകളിലെ  കംപ്യൂട്ടർ സംവിധാനംവഴി ഓൺലൈനിൽ പുസ്തകങ്ങൾ വായിക്കാനവസരം ലഭിക്കും. വിവിധ പരീക്ഷകൾക്ക്  ഓൺലൈൻ വഴി അപേക്ഷ അയക്കുന്നതിനും പരീക്ഷ എഴുതുന്നതിനുമുള്ള പരിശീലനവും ലക്ഷ്യമിടുന്നതായി ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ എൻ ഹരി പറഞ്ഞു.  
പദ്ധതിക്കായി സ്മാർട്ട് ഇ റീഡിങ് റൂം ഉൾപ്പെടെ ഭൗതിക സാഹചര്യമൊരുക്കുന്നതിന് 50,000 രൂപമുതൽ ഒരു ലക്ഷംവരെ ഫണ്ട് ലൈബ്രറി കൗൺസിൽ വഴി സർക്കാർ നൽകും. ജില്ലയിൽ 486 രജിസ്ട്രേഡ് വായനശാലകളുണ്ട്. ഇതിൽ, പൂങ്കുന്നം ജ്ഞാനോദയം വായനശാല, വിയ്യൂർ ഗ്രാമീണ വായനശാല, വടക്കാഞ്ചേരി കേരളവർമ, വടൂക്കര സർഗദീപം, ഇരിങ്ങാലക്കുട മഹാത്മ എന്നീ വായനശാലകൾ പൂർണമായി ഡിജിറ്റലൈസ‌് ചെയ‌്തു. ഇതോടൊപ്പം ജില്ലയിൽ 44 വായനശാല  ഇ വിജ്ഞാനസേവന കേന്ദ്രങ്ങളാക്കി ഉയർത്തി. 
കംപ്യൂട്ടറും ഇന്റർനെറ്റ് സൗകര്യങ്ങളുമുള്ള വായനശാലകളിലാണ് ആദ്യം പദ്ധതി നടപ്പാക്കിയത്.  അക്ഷയ കേന്ദ്രങ്ങളിൽ ലഭിക്കുന്ന സേവനങ്ങൾ കുറഞ്ഞ നിരക്കിൽ ഇവിടെ ലഭിക്കും. വായനാശാലാ സമയത്തിനു പുറമെ രാവിലെയും വൈകിട്ടും കേന്ദ്രങ്ങൾ പ്രവർത്തിക്കും. പഞ്ചായത്തുകളിലേക്കുള്ള വിവിധ അപേക്ഷകൾ ഇത്തരം കേന്ദ്രങ്ങൾ വഴി ശേഖരിച്ച് പഞ്ചായത്തിൽ ഏൽപ്പിക്കാൻ അനുമതി നൽകി തദ്ദേശ സ്വയംഭരണവകുപ്പ് പ്രത്യേകം ഉത്തരവിറക്കി. വൈദ്യുതിബിൽ തുടങ്ങി മറ്റു ബില്ലുകൾ അടയ‌്ക്കാനും കഴിയും.
 എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം വായനശാലകളുടെ ഗ്രാന്റ് 60 ശതമാനമാണ് വർധിപ്പിച്ചത്. എ ക്ലാസ് വായനശാലകൾക്ക് 20,000 രൂപയെന്നത് 32000 ആക്കി വർധിപ്പിച്ചു. ഈ ക്രമത്തിൽ മറ്റുക്ലാസുകളിലും ഗ്രാന്റ് വർധിപ്പിച്ചു.  ലൈബ്രേറിയൻ അലവൻസും വർധിപ്പിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മുരളി പെരുനെല്ലി എംഎൽഎ, സെക്രട്ടറി കെ എൻ ഹരി, സംസ്ഥാനകമ്മിറ്റി അംഗം ടി കെ വാസു തുടങ്ങിയവരുടെ നേതൃത്വത്തിൽ വിപുലമായ ഗ്രന്ഥശാലാ പ്രവർത്തനങ്ങളാണ് ജില്ലയിൽ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ പ്രളയത്തിൽ പൂർണമായും മുങ്ങിയ ഏഴ് വായനശാല ലൈബ്രറി കൗൺസിലിന്റെയും ജനങ്ങളുടെയും സഹകരണത്തോടെ വീണ്ടെടുത്തു. ഇതിൽ നാല‌് വായനശാലകളിൽ പുസ്തകങ്ങൾ പൂർണമായും നശിച്ചിരുന്നു. ബുക്ക് ചാലഞ്ച് എന്ന പദ്ധതി വഴി ലൈബ്രറി കൗൺസിലും പ്രസാധകരും ചേർന്ന് ഈ വായനശാലകൾക്ക്  പുസ്തകങ്ങൾ വിതരണം ചെയ്തു. നാട്ടിടങ്ങളിലെ വിജ്ഞാനശാഖകളാക്കി  വായനശാലകളെ മാറ്റുന്നതിനുള്ള വിപുലമായ കർമപരിപാടികളാണ് സർക്കാരും ലൈബ്രറി കൗൺസിലും ആവിഷ്കരിച്ചിരിക്കുന്നത്.
പ്രധാന വാർത്തകൾ
 Top