20 September Friday

വായനയുടെ പുത്തൻ വാതായനം തുറന്ന‌് അന്നനാട് വായനശാല

വെബ് ഡെസ്‌ക്‌Updated: Wednesday Jun 19, 2019
അന്നനാട് 
നാടിന്റെ  സാംസ്കാരിക മുഖഛായ മാറ്റി എഴുതുകയാണ് അന്നനാട് ഗ്രാമീണ വായനശാല. 
വായന കുറഞ്ഞുവരുന്ന ഈ കാലഘട്ടത്തിൽ വിവിധ പ്രായക്കാരെ വ്യത്യസ്തമായ പരിപാടികളിലൂടെ വായനയുടെ ലോകത്തിലേക്കെത്തിക്കാൻ  ഈ ഗ്രന്ഥശാലയ്ക്ക് സാധിക്കുന്നുണ്ട്. യുവതലമുറ പുതിയ സാങ്കേതിക വിദ്യകൾക്ക് പുറമെ പായുമ്പോഴും അവരേയും ഒപ്പംകൂട്ടാൻ ഇ -റീഡറുകൾ പോലുള്ള ആധുനിക  വായന ഉപകരണങ്ങളും വായനശാല ഒരുക്കിയിട്ടുണ്ട്.
ഇത്തരത്തിലുള്ള ജനകീയ ഇടപെടലുകൾ പരിഗണിച്ച്  ജില്ലയിലെ മികച്ച ഗ്രന്ഥശാലയായി ഈ വർഷം അന്നനാട് ഗ്രാമീണ വായനശാലയെ ലൈബ്രറി കൗൺസിൽ തെരഞ്ഞെടുത്തിരുന്നു. 
ചാലക്കുടി താലൂക്കിലെ മികച്ച ലൈബ്രറിക്കുള്ള പുരസ്‌കാരവും ഈ വായനശാലയ്ക്ക് ലഭിച്ചു.  സാഹിത്യ ചർച്ചകൾ, കാവ്യാവതരണങ്ങൾ, ചലച്ചിത്ര പ്രദർശനങ്ങൾ, വിദ്യാഭ്യാസ പരിപാടികൾ എന്നിവ നടത്തുന്ന വായനശാല കാടുകുറ്റി പഞ്ചായത്തിന്റെ സാംസ‌്കാരിക  മുഖമാണ്.
1937 ൽ സ്ഥാപിതമായ ഗ്രന്ഥശാല 2018 ൽ അശീതി ആഘോഷം സംഘടിപ്പിച്ചു. 2016 ൽ സർക്കാർ സംവിധാനങ്ങളുടെയും ജനകീയ പിന്തുണയോടും കൂടി പുതിയ കെട്ടിടം നിർമിച്ചു. നിലവിൽ ഗ്രന്ഥശാലയ്ക്ക് രണ്ട‌് കെട്ടിടങ്ങൾ ഉണ്ട്. പുതിയ കെട്ടിടം  ഗ്രന്ഥശാലയായും പഴയ കെട്ടിടം കുട്ടികളുടെ ലൈബ്രറിയായും പ്രവർത്തിക്കുന്നു.
പന്ത്രണ്ടായിരത്തിലധികം പുസ്തകങ്ങളും അഞ്ഞൂറിനടുത്ത് അംഗങ്ങളും  ഉണ്ട്. കാടുകുറ്റി പഞ്ചായത്തിലെ ആദ്യ സൗജന്യ വൈ-ഫൈ കേന്ദ്രം കൂടിയാണ് അന്നനാട്  വായനശാല.  മുൻ ലൈബ്രേറിയൻ സി കെ രാഘവന്റെ പേരിൽ മികച്ച വായനശാല പ്രവർത്തകൻ,  കൂടുതൽ പുസ്തകങ്ങൾ വായിച്ച വ്യക്തി, ബാലവേദി അംഗത്തിനും പുരസ്കാരം  നൽകുന്നുണ്ട‌്.   ഗ്രാമബന്ധു എന്ന പേരിൽ പുസ്തകം പ്രസിദ്ധീകരിക്കുന്നു . 
ഫ്രെയിംസ് ഫിലിം സൊസൈറ്റി രൂപീകരിച്ച‌് ചലച്ചിത്ര മേള നടത്തുന്നുണ്ട‌്.   
പ്രതിമാസ ചലച്ചിത്ര പ്രദർശനങ്ങൾക്ക് പുറമെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് അന്നനാട് എന്ന പേരിൽ  ജില്ലാ പഞ്ചായത്തിന്റെയും ചലച്ചിത്ര അക്കാദിയുടെയും സഹകരണത്തോടെ രാജ്യന്തര ചലച്ചിത്രമേളയും നടത്തിവരുന്നു.
പ്രധാന വാർത്തകൾ
 Top