06 July Wednesday
തിളക്കമാർന്ന മുന്നേറ്റം തുടരുന്നു

എൽഡിഎഫിന്‌ സീറ്റിലും വോട്ടിലും വർധന

സ്വന്തം ലേഖകൻUpdated: Thursday May 19, 2022
തൃശൂർ
തദ്ദേശ സ്ഥാപനങ്ങളിലേക്ക്‌ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ എൽഡിഎഫിന്‌ വോട്ടിലും സീറ്റിലും വർധന. ജില്ലയിൽ എൽഡിഎഫ്‌ തുടരുന്ന തിളക്കമാർന്ന വിജയത്തിന്റെ തുടർച്ചയാണ്‌ ബുധനാഴ്‌ച പുറത്തുവന്ന തെരഞ്ഞെടുപ്പു ഫലം. ഉപതെരഞ്ഞെടുപ്പ്‌ നടന്ന വാർഡുകളിൽ ബിജെപി വോട്ട്‌ യുഡിഎഫിന്‌ മറിച്ചു നൽകിയിട്ടും എൽഡിഎഫ്‌ വോട്ടു വർധനയോടെ ആറിൽ നാലു സീറ്റും നേടി. 
തൃക്കൂർ ആലേങ്ങാട്‌ വാർഡിലാണ്‌ എൽഡിഎഫ്‌ അട്ടിമറി വിജയം നേടിയത്‌. കഴിഞ്ഞതവണ യുഡിഎഫ്‌ 174 വോട്ടിന്റെ ഭൂരിപക്ഷത്തിന്‌ വിജയിച്ച വാർഡിൽ ഇക്കുറി എൽഡിഎഫിലെ ലിന്റോ തോമസ്‌ 285 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്‌ വിജയിച്ചത്‌. കഴിഞ്ഞ തവണ യുഡിഎഫിന്‌ ലഭിച്ച 601വോട്ട്‌ ഇക്കുറി 410വോട്ടായി ചുരുങ്ങി. അതേസമയം, എൽഡിഎഫ്‌ കഴിഞ്ഞ തവണ നേടിയ 427 വോട്ട്‌ ഇക്കുറി 695 വോട്ടായി ഉയർന്നു. ബിജെപിക്ക്‌ കഴിഞ്ഞ തവണ ലഭിച്ച 143 വോട്ട്‌ ഇക്കുറി  56 ആയി ചുരുങ്ങി. 
വടക്കാഞ്ചേരി നഗരസഭ 13–--ാം ഡിവിഷൻ ഒന്നാംകല്ലിൽ എൽഡിഎഫിലെ മല്ലിക സുരേഷ്‌ യുഡിഎഫിലെ സിന്ധു സുബ്രഹ്മണ്യനെയാണ്‌ പരാജയപ്പെടുത്തിയത്‌. കഴിഞ്ഞ വർഷം എൽഡിഎഫിന്‌ 476  വോട്ടും യുഡിഎഫിന്‌ 354വോട്ടും ബിജെപിക്ക്‌ 276 വോട്ടുമാണ്‌ ലഭിച്ചത്‌. ഇക്കുറി എൽഡിഎഫിന്റെ വോട്ട്‌ 555 ആയി ഉയർന്നു. യുഡിഎഫിന്‌ 528 വോട്ട്‌ ലഭിച്ചപ്പോൾ, ബിജെപിക്ക്‌ ലഭിച്ചത്‌   152 വോട്ട്. പകുതിയിലേറെ ബിജെപി വോട്ട്‌ കോൺഗ്രസിന്‌ മറിച്ചു നൽകിയിട്ടും എൽഡിഎഫ്‌ 44.94 ശതമാനത്തോടെ മികച്ച വിജയം നേടി. 
ഇരിങ്ങാലക്കുട ബ്ലോക്ക്‌ പഞ്ചായത്ത്‌ ആനന്ദപുരം ഡിവിഷനിൽ 50 ശതമാനത്തിലേറെ വോട്ടു നേടിയാണ്‌ എൽഡിഎഫ്‌ വിജയക്കൊടി പാറിച്ചത്‌.  എൽഡിഎഫ്  സ്ഥാനാർഥി ഷീന രാജൻ യുഡിഎഫിലെ ശാലിനി ഉണ്ണികൃഷ്ണനെ 597 വോട്ടിന്‌ പരാജയപ്പെടുത്തി. കഴിഞ്ഞ വർഷം എൽഡിഎഫിന്‌ 2882 വോട്ടും യുഡിഎഫിന്‌ 1318 വോട്ടും ബിജെപിക്ക്‌ 1029 വോട്ടുമാണ്‌ ലഭിച്ചിരുന്നത്‌. ഇക്കുറി പോളിങ് പത്തു ശതമാനത്തിലേറെ കുറഞ്ഞിട്ടും എൽഡിഎഫിന്‌ 1937 വോട്ട്‌ ലഭിച്ചു. യുഡിഎഫിന്‌ 1340 വോട്ടും ലഭിച്ചു. ബിജെപിക്ക്‌   552 വോട്ടുമാത്രമായി ചുരുങ്ങി. ബിജെപിയുടെ പകുതിയിലേറെ വോട്ട്‌ കോൺഗ്രസിന്‌ മറിച്ചിട്ടും യുഡിഎഫ്‌ പച്ചതൊട്ടില്ല. 
മുരിയാട്‌ പഞ്ചായത്തിലെ തുറവങ്കാട് വാർഡിൽ എൽഡിഎഫിലെ റോസ്മി ജയേഷിന്റെ വിജയവും ബിജെപി വോട്ടു കച്ചവടത്തെ മറികടന്ന്‌. കഴിഞ്ഞതവണ ഈ വാർഡിൽ എൽഡിഎഫിന്‌ ലഭിച്ച 501 വോട്ട്‌ ഇക്കുറി 565 വോട്ടായി ഉയർന്നു. ബിജെപിക്ക്‌ കഴിഞ്ഞതവണ ലഭിച്ച 259 വോട്ട്‌ ഇക്കുറി 153 ആയി കുറഞ്ഞിട്ടും യുഡിഎഫിന്‌ വിജയത്തിനരികിൽപോലും എത്താനായില്ല. ഉപതെരഞ്ഞെടുപ്പ്‌ നടന്ന കുഴൂരിലും വെള്ളാങ്കല്ലൂർ വെളയനാട്‌ വാർഡിലും  ബിജെപി പച്ചതൊട്ടില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top