02 June Tuesday
അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി

കൊടുങ്ങല്ലൂർ നഗരസഭയ്ക്ക് സംസ്ഥാന സർക്കാരിന്റെ 50 ലക്ഷം

വെബ് ഡെസ്‌ക്‌Updated: Tuesday May 19, 2020
കൊടുങ്ങല്ലൂർ
അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി കൊടുങ്ങല്ലൂർ നഗരസഭയ്ക്ക് സംസ്ഥാന സർക്കാർ 50 ലക്ഷം രൂപ അനുവദിച്ചു. ചെറിയ തോടുകളും കാനകളും ശുചീകരിക്കുന്നതിനും പൊതുവഴിയിലെ കുറ്റിക്കാടുകൾ വെട്ടി വൃത്തിയാക്കുന്നതിനും ഈ ഫണ്ടുപയോഗിക്കും. നഗരസഭയിലെ വയലാർ–-കോട്ടപ്പുറം റോഡിന്റെയും ചാപ്പാറ റോഡിന്റെയും നിർമാണത്തിന് ഈ റോഡുകൾ ഹാർബർ എൻജിനിയറിങ്‌ വകുപ്പിന് കൈമാറുന്നതിന് ചെയർമാൻ കെ ആർ ജൈത്രന്റെ അധ്യക്ഷതയിൽ ചേർന്ന നഗരസഭാ കൗൺസിൽ യോഗം തീരുമാനിച്ചു. വയലാർ റോഡിന് 41 ലക്ഷം രൂപയും ചാപ്പാറ റോഡിന് 52 ലക്ഷം രൂപയും ഉൾപ്പെടെ ആകെ 93 ലക്ഷം രൂപയ്ക്കാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളത്. മേത്തല അത്താണി ഹെൽത്ത് സെന്റർ പരിസരത്ത് നാല്‌ ഓട്ടോ ടാക്‌സികൾക്ക് ലാൻഡ്‌ അനുവദിക്കുന്നതിനും കൗൺസിൽ അനുമതി നൽകി. നാല്‌ ഓട്ടോ ഡ്രൈവർമാർ ചേർന്ന് അപേക്ഷ നൽകിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംസ്ഥാന സർക്കാരിന്റെ സുഭിക്ഷകേരളം പദ്ധതി നഗരസഭയിൽ നടപ്പാക്കുന്നതിന് വാർഡ് തലത്തിൽ കാർഷികസമിതികൾ രൂപീകരിക്കും. ഓരോ വാർഡിലും തരിശുകിടക്കുന്ന നിലം, പുരയിടം എത്രയെന്നും അതിൽ കൃഷി ചെയ്യാൻ എത്ര ഭൂമി ലഭ്യമാകുമെന്നും സർവേ നടത്തുന്നതിന് വാർഡ്‌ കമ്മിറ്റികളെ ചുമതലപ്പെടുത്തി. ഇങ്ങനെ കണ്ടെത്തുന്ന സ്ഥലങ്ങളിൽ ഭൂവുടമയോ സന്നദ്ധ സംഘടനകളോ നഗരസഭയോ കൃഷി ചെയ്യും.
പ്രധാന വാർത്തകൾ
 Top