21 August Wednesday

ആവേശത്തിരയുയർത്തി തീരദേശയാത്ര സമാപിച്ചു

സ്വന്തം ലേഖകൻUpdated: Friday Apr 19, 2019
ചാവക്കാട്
ആവേശക്കടലിരമ്പമായി രാജാജി മാത്യു തോമസ് നയിച്ച തീരദേശ ലോങ് മാർച്ച് സമാപിച്ചു. ഗുരുവായൂർ നിയോജക മണ്ഡലത്തിലെ തീരമേഖലയിലെ ഗ്രാമങ്ങളിലൂടെയായിരുന്നു സമാപനദിവസമായ  വ്യാഴാഴ‌്ച   രാജാജിയും സംഘവും സഞ്ചരിച്ചത്. 
പകൽ മൂന്നരയോടെ   മന്ത്രി എ സി മൊയ്തീൻ സമാപനദിനത്തിലെ പര്യടനം ഉദ്ഘാടനം ചെയ്തു. കെ വി അബ്ദുൾഖാദർ എംഎൽഎ അധ്യക്ഷനായി.
വർഗീയതയെ പ്രീണിപ്പിക്കുന്നതിൽ കോൺഗ്രസും ബിജെപിയിൽനിന്ന് വ്യത്യസ‌്തമല്ലെന്ന് എ സി മൊയ്തീൻ പറഞ്ഞു. കർഷകരെയും തൊഴിലാളികളെയും വഞ്ചിച്ചവരാണ് കോൺഗ്രസും ബിജെപിയും. തീരത്തെ കൂരയിൽനിന്ന് മത്സ്യത്തൊഴിലാളിയെ കുടിയിറക്കുന്ന നിയമങ്ങൾക്ക് തുടക്കം കുറിച്ചത് കോൺഗ്രസ് സർക്കാരാണ്. 
പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില നിശ്ചയിക്കാനുള്ള അധികാരം മുതലാളിമാർക്ക് കൊടുത്തതും കോൺഗ്രസാണ‌്.  ബിജെപിയാകട്ടെ കോൺഗ്രസ് തുടങ്ങിയ എല്ലാതരം ജനവിരുദ്ധ നടപടികളും പതിന്മടങ്ങ് ശക്തിയോടെ നടപ്പാക്കുകയാണ് ചെയ്തത്. വർഗീയതയുടെ കാര്യത്തിൽ ബിജെപി പറയുന്നത് ആവർത്തിക്കുകയാണ് കോൺഗ്രസ്. 
ഈ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുപക്ഷത്തിന്റെ  സമ്പൂർണ വിജയത്തിനാണ് രാജ്യം സാക്ഷിയാവുകയെന്നും മന്ത്രി പറഞ്ഞു.
 മംഗലാംകുന്ന് സെന്ററിൽനിന്ന് വൈകിട്ട‌് നാലോടെ  ആരംഭിച്ച പര്യടനം രാത്രിയോടെ   മുനക്കക്കടവിൽ സമാപിച്ചു. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് തീരവാസികളാണ് തീരദേശ ലോങ‌് മാർച്ചിൽ അണിനിരന്നത്. ഓരോ സ്വീകരണ കേന്ദ്രത്തിലും നിരവധി പേർ സ്ഥാനാർഥിയെ സ്വീകരിക്കാനെത്തി. രാജാജിയുടെ മുഖപടമണിഞ്ഞ‌്,  തൊപ്പിയും വിശറിയുമായി കൊടുംചൂടിലും പ്രവർത്തകരും നാട്ടുകാരും വിജയാഭിവാദ്യങ്ങൾ അർപ്പിച്ചു.
 ഉദ്ഘാടന യോഗത്തിലും സ്വീകരണകേന്ദ്രങ്ങളിലും കെ പി രാജേന്ദ്രൻ, പി ടി കുഞ്ഞുമുഹമ്മദ്, എം കൃഷ്ണദാസ്, സി സുമേഷ്, എൻ കെ അക്ബർ, സുരേഷ് വാരിയർ , പി കെ സെയ‌്താലിക്കുട്ടി, ടി  വി സുരേന്ദ്രൻ, വി സമീർ, എ ഡി ധനീപ് എന്നിവർ സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top