21 May Tuesday

അങ്കമാലിയുടെ ഹൃദയത്തിലേക്ക‌് വീണ്ടും

വെബ് ഡെസ്‌ക്‌Updated: Friday Apr 19, 2019

അങ്കമാലി

അങ്കമാലി മണ്ഡലത്തിലെ പൊതുപര്യടനം നടത്തിയശേഷം വീണ്ടും പ്രചാരണത്തിനായി എത്തിയപ്പോഴും  ആവേശം വാനോളം. സ്ഥാപനങ്ങളിൽ കയറിയും വ്യക്തികളോട‌് നേരിട്ടും വോട്ട‌് അഭ്യർഥിക്കാനാണ‌് ഇന്നസെന്റ‌് ഇത്തവണ ശ്രദ്ധിച്ചത‌്. 
പെസഹദിനത്തിൽ ഉച്ചയ‌്ക്കുശേഷം അങ്കമാലി എൽഎഫ‌് ആശുപത്രി ഡയറക്ടർ ഫാ. സെബാസ‌്റ്റ്യൻ കളപ്പുരയ‌്ക്കലിനെ കണ്ട‌് അനുഗ്രഹം തേടി പര്യടനം തുടങ്ങി. തുടർന്ന‌് മൂക്കന്നൂർ അട്ടാറ ഹീമാൻ ഓട്ടോ റൊബോ പാർക്കിൽ ജോലിസമയം കഴിഞ്ഞിട്ടും ഇന്നസെന്റിന്റെ വരവും കാത്ത‌ുനിന്ന‌് തൊഴിലാളികൾ ഊഷ‌്മളവരവേൽപ്പാണ‌് നൽകിയത‌്. 
സ്ഥാപന ഉടമ കെ ടി ജോസ‌് ഇന്നസെന്റിന‌് ബൊക്കെ നൽകി. അവിടെനിന്ന‌് മടങ്ങിപ്പോകുമ്പോൾ റോഡരികിൽ കൈക്കുഞ്ഞുങ്ങളുമായി സ‌്ത്രീകളടക്കം കാത്തുനിന്ന‌് കൈവീശി തങ്ങളുടെ ഹൃദയ ഐക്യം പങ്കുവച്ചു. 
തുടർന്ന‌് പീച്ചാനിക്കാട‌് സെന്റ‌് പീറ്റേഴ‌്സ‌് കിഴക്കേ പുത്തൻപള്ളി ഹാളിലെത്തിയ ഇന്നസെന്റിനെ നിറഞ്ഞ പുഞ്ചിരിയോടെ വിശ്വാസികളും വൈദികരും വരവേറ്റു. 
ഡോ. ഏലിയാസ‌് മാർ അത്തനാസിയോസ‌് മെത്രാപോലീത്ത, വികാരി ഫാ. വിൽസൻ കൂരൻ, ട്രസ‌്റ്റിമാരായ എ വൈ എൽദോ, ബോബി കുര്യൻ എന്നിവർ അദ്ദേഹത്തോട‌് തെരഞ്ഞെടുപ്പ‌ുവിശേഷങ്ങളാരാഞ്ഞു. 
മെത്രാപോലീത്ത വിജയം ആശംസിച്ചു. തങ്ങൾ സംസ്ഥാന സർക്കാരിനൊപ്പമാണെന്ന‌് അദ്ദേഹം കൂട്ടിച്ചേർത്തു. കൈക്കുഞ്ഞുങ്ങളോടൊപ്പം അമ്മമാർ സ‌്നേഹാദരവോടെ ഇന്നസെന്റിനൊപ്പം സെൽഫിയെടുത്തു. 
എടക്കുന്ന‌് മഠത്തിലെ സന്ദർശനത്തോടെ പര്യടനം പൂർത്തിയാക്കി. ഉജ്വല സ്വീകരണമാണ‌് ഇവിടെ ലഭിച്ചത‌്. ഇന്നസെന്റിനും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നവർക്കും മദർ സുപ്പീരിയർ അപ്പവും പാലും നൽകി. 
ഇന്നസെന്റിനോടൊപ്പം സിപിഐ എം ഏരിയ സെക്രട്ടറി അഡ്വ. കെ കെ ഷിബു, ഘടകകക്ഷി നേതാക്കളായ അഡ്വ. ജോസ‌് തെറ്റയിൽ, ബെന്നി മൂഞ്ഞേലി, ജോണി തോട്ടങ്കര, തങ്കച്ചൻ ആലപ്പാട്ട‌് എന്നിവരുമുണ്ടായിരുന്നു.
പ്രധാന വാർത്തകൾ
 Top