തൃശൂർ
സമരപോരാട്ടങ്ങളിലൂടെ വിദ്യാർഥി മനസ്സുകളിൽ നിറസാന്നിധ്യമായ എസ്എഫ്ഐയുടെ സുവർണ ജൂബിലി ജില്ലാ ആഘോഷത്തിന് സംഘാടക സമിതിയായി. ത്യാഗപൂർണമായ അമ്പതാണ്ടത്തെ പോരാട്ടത്തിന് മുന്നിൽനിന്ന് നയിച്ച മുൻകാല എസ്എഫ്ഐ–- കെഎസ്എഫ് പ്രവർത്തകരുടെ മഹാസംഗമത്തിനാണ് വിപുലമായ സംഘാടക സമിതി രൂപീകരിച്ചത്. ഫെബ്രുവരി ഏഴിന് പകൽ മൂന്നിന് കേരളവർമ കോളേജിലാണ് മഹാസംഗമം. തുടർന്ന് കലാപരിപാടികളും ഗസൽസന്ധ്യയും അരങ്ങേറും.
കേരളവർമ കോളേജിൽ ചേർന്ന സംഘാടകസമിതി രൂപീകരണ യോഗം സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം പി കെ ബിജു ഉദ്ഘാടനം ചെയ്തു. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ജാസിർ ഇക്ബാൽ അധ്യക്ഷനായി. യു പി ജോസഫ്, പി കെ ഷാജൻ, പ്രൊഫ. ആർ ബിന്ദു, കെ രവീന്ദ്രൻ, പി എസ് ഇക്ബാൽ, അനൂപ് കിഷോർ, പി ജി സുബിദാസ്, അനൂപ് ഡേവിസ് കാട, വി പി ശരത് പ്രസാദ്, സെന്തിൽകുമാർ എന്നിവർ സംസാരിച്ചു. എസ്എഫ്ഐ ജില്ലാ സെക്രട്ടറി സി എസ് സംഗീത് സ്വാഗതവും അഡ്വ. കെ എസ് ധീരജ് നന്ദിയും പറഞ്ഞു.
തലമുറകളുടെ മഹാസംഗമത്തിന് 1001 അംഗ സംഘാടകസമിതിയെയും 101 അംഗ എക്സിക്യുട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു. എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി യു പി ജോസഫ് ചെയർമാനും ജില്ലാ സെക്രട്ടറി സി എസ് സംഗീത് ജനറൽ കൺവീനറുമാണ്. ജില്ലാ പ്രസിഡന്റ് ജാസിർ ഇക്ബാലാണ് ട്രഷറർ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..