29 February Saturday
കർഷകമിത്ര പദ്ധതി

തൊടിയിലെത്തി പറിക്കും; ആഴ്ചച്ചന്ത വഴി വിൽക്കും

സ്വന്തം ലേഖകന്‍Updated: Sunday Jan 19, 2020

തെക്കുംകര പഞ്ചായത്തിലെ കർഷകമിത്ര അജിഷ അജയന്‍ വീരോലിപ്പാടത്തെ മല്ലിക മോഹനനിൽ നിന്ന്‌ പച്ചക്കറി ശേഖരിക്കുന്നു

തൃശൂർ 

ഇത്തിരി  തൊടിയിലും വീട്ടിലുമായി  കാർഷിക ഉൽപ്പന്നങ്ങളുണ്ടോ. അത്‌ വിറ്റഴിക്കണോ. ആശങ്കവേണ്ട. കർഷകമിത്രങ്ങൾ വിളിപ്പാടകലെ സഹായത്തിനുണ്ട്.   ജൈവപച്ചക്കറി റൊക്കം പണത്തിന്‌ വാങ്ങി വിപണിയൊരുക്കാൻ ഇവർ സഹായിക്കും.  സംസ്ഥാനത്ത് ആദ്യമായി  ജില്ലയിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച  കർഷകമിത്ര പദ്ധതി വിജയമായതോടെ മറ്റുജില്ലകളിലേക്കും വ്യാപിപ്പിക്കാൻ കൃഷിവകുപ്പ്‌ ഒരുങ്ങുകയാണ്‌.
 
 എൽഡിഎഫ്  അധികാരത്തിലെത്തിയശേഷം ഹരിതകേരളം പദ്ധതിവഴി കാർഷികമുന്നേറ്റത്തിന് വഴിയൊരുക്കുകയാണ്. മന്ത്രി വി എസ്‌ സുനിൽകുമാറിന്റെ നേതൃത്വത്തിലാണ്‌ ഈ പദ്ധതിക്ക്‌ രൂപം നൽകിയത്‌.  കൃഷിഭവനുകൾക്ക് കീഴിൽ നിയോഗിക്കുന്ന കർഷകമിത്ര  അതത് പ്രദേശത്തെ  കർഷകരിൽനിന്ന്‌ ഗാർഹികാടിസ്ഥാനത്തിലും അല്ലാതെയും ജൈവപച്ചക്കറി ശേഖരിക്കും. ഇക്കോഷോപ്‌, ആഴ്ചച്ചന്തയുൾപ്പെടെ സ്വകാര്യവിപണിയിലും  വിൽക്കും. ഉൽപ്പന്നങ്ങളിൽ കീടബാധയുണ്ടെങ്കിൽ  കൃഷിഭവനിൽ അറിയിച്ച് പരിഹാരമുണ്ടാക്കും.
  
രാവിലെ  കർഷകരുടെ തൊടിയിലെത്തി  പച്ചക്കറി ശേഖരിക്കുമെന്ന് തെക്കുംകര കൃഷിഭവനിലെ കർഷകമിത്ര അജിഷ അജയൻ പറഞ്ഞു. പത്തരയോടെ ഇത് പുന്നംപറമ്പിലെ ഇക്കോ ഷോപ്പിലെത്തിച്ച് വിൽപ്പന തുടങ്ങും. കർഷകർ നേരിട്ടും കടയിലെത്തിക്കും.  മാസം  കുറഞ്ഞത് 100 കർഷകരെ നേരിൽ കാണുമെന്നും  അജിഷ പറഞ്ഞു.  കൃഷിഭവൻവഴി ലഭിക്കുന്ന സഹായങ്ങളെക്കുറിച്ചും  കാർഷിക അറിവുകളും  കർഷകരെ അറിയിക്കുമെന്ന്‌   ചൊവ്വന്നൂർ ബ്ലോക്ക് കർഷകമിത്ര ലീഡർ അനീഷ് ആനായ്ക്കൽ പറഞ്ഞു.  കൃഷിയിൽ  കീടബാധ കണ്ടാൽ ഫോട്ടോസഹിതം   കൃഷിഓഫീസറെ അറിയിക്കും.  മരുന്ന്‌ തളിക്കേണ്ട വിവരം കർഷകരെ അറിയിക്കും.  ആവശ്യമെങ്കിൽ കൃഷി ഓഫീസർ സ്ഥലത്തെത്തും.  വരുമാനത്തിനപ്പുറം സമർപ്പണ മനസ്സുള്ളവരാണ്   സേവനരംഗത്തുള്ളതെന്ന്‌   അദ്ദേഹം പറഞ്ഞു.
 
ജില്ലയിൽ എൺപതോളം കർഷകമിത്രങ്ങളുണ്ടെന്ന്‌ കൃഷി ഡെപ്യൂട്ടി ഡയറക്ടർ വി ആർ നരേന്ദ്രൻ പറഞ്ഞു.   കർഷകമിത്രങ്ങൾക്ക് മാസം 5000 രൂപയാണ് പ്രതിഫലം.  വണ്ടിച്ചലവിന് 5000 രൂപയും നൽകും. ഉൽപ്പന്നങ്ങൾ വാങ്ങാൻ അഡ്വാൻസിനായി   80,000 രൂപവരെ നൽകും.   ഇതിനാവശ്യമായ സെക്യൂരിറ്റി കെട്ടിവയ്‌ക്കണം.   ഇ മാർക്കറ്റിങ്‌,  വാട്ട്സാപ്‌ കൂട്ടായ്മ എന്നിങ്ങനെയള്ള   സാധ്യതയും പ്രയോജനപ്പെടുത്തും. 
പ്രധാന വാർത്തകൾ
 Top