22 October Tuesday
കേന്ദ്രസംഘം ഇന്നെത്തും

പ്രളയം: 23,144 വീട്‌ തകർന്നു, 2654 ഹെക്ടറില്‍ കൃഷിനാശം

സ്വന്തം ലേഖകൻUpdated: Wednesday Sep 18, 2019
തൃശൂർ  
ഈ വർഷത്തെ രൂക്ഷമായ മഴക്കെടുതിയിലും മണ്ണിടിച്ചിലിലുമുണ്ടായ നാശം വിലയിരുത്താൻ കേന്ദ്രസംഘം ബുധനാഴ്ച ജില്ലയിലെത്തും. ഇതിന്റെ ഭാഗമായി കൃഷിനാശം, കന്നുകാലികളുടെ നഷ്ടം, റോഡുകൾ, കെട്ടിടങ്ങൾ, വൈദ്യുതി മേഖല, ജലസേചന,  കുടിവെള്ള വിതരണ മേഖലകൾ, വീട് നഷ്ടം എന്നിവയുടെ വിശദ റിപ്പോർട്ട് തയ്യാറാക്കി. 
ഈ വർഷം 127 ശതമാനം അധികമഴയാണ് തൃശൂരിൽ ലഭിച്ചത്. കഴിഞ്ഞവർഷത്തെ പ്രളയ പുനർനിർമാണങ്ങളേയും മഴക്കെടുതി ബാധിച്ചു. 2654 ഹെക്ടറിൽ കൃഷി നശിച്ചു. ചെറുകിട നാമമാത്ര കർഷകർക്ക് മാത്രം 391.11 ലക്ഷം രൂപയുടെ നഷ്ടം നേരിട്ടെന്നാണ് പ്രാഥമിക കണക്ക്. 80 വീട്‌ നശിച്ചു. 689 വീടുകൾക്ക് സാരമായി കേട് സംഭവിച്ചു. 23,144 വീടുകൾക്ക് ഭാഗിക നാശമുണ്ടായി. ഫിഷ് ഫാമുകൾക്ക് 357 ലക്ഷം രൂപയുടേയും മൃഗപരിപാലന മേഖലയിൽ 66.85 ലക്ഷം രൂപയുടേയും നഷ്ടം കണക്കാക്കുന്നു. വൈദ്യുത മേഖലയിൽ കേന്ദ്ര മാനദണ്ഡങ്ങളനുസരിച്ച് മാത്രം 879.38 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. പൊതുമരാമത്ത് വകുപ്പിന്റെ 459 കി.മീറ്റർ റോഡുകൾക്ക് നാശമുണ്ടായി. ജലസേചന, കുടിവെള്ള വിതരണ മേഖലയിൽ 386.24 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ഈ വർഷം ജില്ലയിൽ 21,333 കുടുംബങ്ങളിലെ 55,258 പേർക്ക്‌ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയേണ്ടിവന്നു.   
ജില്ലയിൽ മഴക്കെടുതി ബാധിച്ച പ്രദേശങ്ങൾ കേന്ദ്രസംഘം സന്ദർശിക്കും. കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ഡയറക്ടർ അനിത ബാഗേൽ, ജലവിഭവ മന്ത്രാലയത്തിലെ എസ്ഇ വി മോഹൻ മുരളി, ഗതാഗത മന്ത്രാലയം റീജണൽ ഓഫീസർ വി വി ശാസ്ത്രി എന്നിവരാണ് കേന്ദ്രസംഘത്തിലുള്ളത്. നാശനഷ്ടങ്ങൾ സംബന്ധിച്ച് തയ്യാറാക്കിയ റിപ്പോർട്ട് കലക്ടർ  എസ് ഷാനവാസ് കേന്ദ്ര സംഘത്തിനു മുന്നിൽ വിശദീകരിക്കും. ജില്ലയിൽ വൻ നഷ്ടമുണ്ടായെങ്കിലും കേന്ദ്ര, സംസ്ഥാന ദുരന്തനിവാരണ ഫണ്ടിന്റെ മാനദണ്ഡപ്രകാരമുള്ള സഹായം മാത്രമാണ് ലഭിക്കുക എന്നതിനാൽ അത് പ്രകാരമുള്ള നാശനഷ്ടക്കണക്കാണ് കേന്ദ്രസംഘത്തിന് സമർപ്പിക്കുക.
ജില്ലാ അതിർത്തിയിൽ രാവിലെ പത്തിന് കേന്ദ്രസംഘത്തെ ജില്ലാ ഭരണകേന്ദ്രത്തിന്റെ നേതൃത്വത്തിൽ സ്വീകരിക്കും. കലക്ടർ എസ് ഷാനവാസിന്റെ നേതൃത്വത്തിലാണ് സ്വീകരിക്കുക. തുടർന്ന് ചാലക്കുടി സിദ്ധാർഥയിൽ പ്രളയദുരന്തം സംബന്ധിച്ച ലഘു വിവരണവും പവർപോയിന്റ് പ്രദർശനവും നടക്കും. 
ദുരന്തമുണ്ടായ ഇടങ്ങളിൽ പകൽ 11.30 മുതൽ സംഘം സന്ദർശിക്കും. കൃഷി നാശമുണ്ടായ കുഴൂരിൽ പകൽ12നും റോഡുകൾ തകർന്ന പൊയ്യയിൽ പകൽ  12.30നും സന്ദർശിക്കും. പകൽ മൂന്നിന് പുഴയ്ക്കൽ, 3.15ന് മുതുവറ, കുറ്റൂർ, 4.30ന് ഹരിപുരം കാറളം, 4.45ന് എടത്തിരിഞ്ഞി എന്നീ പ്രദേശങ്ങൾ സന്ദർശിക്കും. ശേഷം സംഘം എറണാകുളത്തേക്ക്‌ യാത്ര തിരിക്കും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top