15 October Tuesday
വൃഷ്ടിപ്രദേശത്ത് മഴയ്ക്ക് ശമനം

ഷോളയാറിലും പെരിങ്ങല്‍ക്കുത്തിലും നീരൊഴുക്ക് കുറഞ്ഞു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2019
തൃശൂർ
വൃഷ്ടിപ്രദേശത്ത് മഴയ്ക്ക് ശമനമായതോടെ ഷോളയാർ, പെരിങ്ങൽക്കുത്ത് ഡാമുകളിൽ വെള്ളത്തിന്റെ അളവ് കുറഞ്ഞു. നീരൊഴുക്കിൽ കാര്യമായ കുറവ് വന്നതോടെയാണ് ഡാമുകളിൽ വെള്ളത്തിന്റെ അളവ് നേരിയതോതിൽ കുറഞ്ഞത്. കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്തെ ഡാമുകളിലേക്കുള്ള നീരൊഴുക്ക് വർധിച്ചതിനെത്തുടർന്ന്‌ ചാലക്കുടി ഭാഗങ്ങളിൽ കലക്ടർ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 
കുറച്ചു ദിവസമായി ഡാമുകളിൽ അരയടിവീതമാണ് വെള്ളം ഉയർന്നിരുന്നത്. എന്നാൽ, ചൊവ്വാഴ്ച ഇത്‌ കുറയുകയായിരുന്നു. നിലവിൽ വെള്ളം തുറന്നുവിടാവുന്ന സാഹചര്യമില്ല. വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടർന്നാൽ മാത്രമേ ഡാമുകൾ തുറക്കൂവെന്ന് കെഎസ്ഇബി അധികൃതർ വ്യക്തമാക്കി. തമിഴ്നാട്ടിലെ അപ്പർ ഷോളയാർ ഡാമിൽ നിലവിൽ 3290.40 അടിവെള്ളമാണുള്ളത്. ലോവർ ഷോളയാറിൽ 2661.50 അടിയും പെരിങ്ങൽക്കുത്തിൽ 419.70 മീറ്റർ വെള്ളവുമാണുള്ളത്. പറമ്പിക്കുളം ഡാമിൽ 1822.70 അടി വെള്ളമാണുള്ളത്. എല്ലാ ഡാമുകളിലും വെള്ളത്തിന്റെ അളവ് കഴിഞ്ഞ ദിവസത്തേക്കാൾ കുറഞ്ഞു. 
ഏതെങ്കിലും സാഹചര്യത്തിൽ ലോവർ ഷോളയാറിൽ ജലനിരപ്പ് 2663 അടിയോടടുത്താൽ മുന്നറിയിപ്പ് കൂടാതെ ഡാം തുറന്ന് വെള്ളം പെരിങ്ങൽക്കുത്ത് ഡാമിലേക്കും അതുവഴി ചാലക്കുടി പുഴയിലേക്കും ഒഴുക്കാൻ കലക്ടർ അനുമതി നൽകിയിട്ടുണ്ട്. സെക്കൻഡിൽ പരമാവധി 100 ഘനമീറ്റർ അധികജലം ഡാമിൽനിന്ന് തുറന്നുവിടാനാണ് അനുമതി. ഇതിന്റെ ഭാഗമായാണ് കലക്ടർ റെഡ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top