24 October Thursday

പുഴയ്‌ക്കൽ പാലം: ഇനി മിനുക്കുപണികൾ മാത്രം

സ്വന്തം ലേഖകൻUpdated: Wednesday Sep 18, 2019
തൃശൂർ
പുഴയ്‌ക്കൽ പാലത്തിന്റെ നിർമാണം അന്തിമഘട്ടത്തിൽ. അപ്രോ
ച്ച്‌ റോഡിൽ ടൈലിടുന്നതും പാലത്തിന്റെ പെയിന്റിങ്ങും മാത്രമാണ്‌ ബാക്കിയുള്ളത്‌. ഒരാഴ്‌ചയ്‌ക്കുള്ളിൽ മുഴുവൻ പണികളും പൂർത്തിയാകുമെന്ന്‌ പിഡബ്ല്യുഡി ബ്രിഡ്‌ജസ്‌ വിഭാഗം അറിയിച്ചു. ബ്രിഡ്‌ജസ്‌ വിഭാഗത്തിന്റെ റിപ്പോർട്ടിന്മേൽ വിശദ പരിശോധനയ്‌ക്കുശേഷമാണ്‌ പാലം തുറക്കുക. 
2018 മാർച്ച്‌ 27നാണ്‌ നിർമാണം ആരംഭിച്ചത്‌. 2019 സെപ്‌തംബർ 26ന്‌ പൂർത്തിയാക്കുമെന്നായിരുന്നു കരാർ. 7.37 കോടി രൂപയും സംസ്ഥാന സർക്കാർ അനുവദിച്ചു. 
പിഡബ്ല്യുഡി ബ്രിഡ്‌ജസ്‌ വിഭാഗത്തിനായിരുന്നു നിർമാണച്ചുമതല. അപ്രോച്ച്‌ റോഡും നടപ്പാലവും ടൈലുകൾ വിരിച്ചാണ്‌ പാലം ഒരുങ്ങുന്നത്‌. ഉയരവും വീതിയും കൂടിയ  പാലത്തിൽ ഡിവൈഡറും സ്ഥാപിച്ചതോടെ ശോഭ സിറ്റിയിലേക്കുള്ള യുടേൺ ഒഴിവാകും. ഇവിടെ വൺവേയാകുന്നതോടെ കുരുക്കൊഴിവാകും. ശോഭ സിറ്റിയിലേക്ക്‌ വാഹനങ്ങൾ തിരിക്കുന്നതിന്‌ മറ്റൊരു സംവിധാനം വേണ്ടിവരും. 
തൃശൂർ ഭാഗത്തുനിന്ന്‌ ശോഭസിറ്റിയിലേക്കുള്ള വാഹനങ്ങൾ തിരിയുന്നതാണ്‌ കുരുക്കിന്‌ മുഖ്യകാരണം. ഇവിടെ ഇപ്പോൾ താൽക്കാലികമായി വൺവേ ഏർപ്പെടുത്തിയിട്ടുണ്ട്‌. എന്നാൽ, വാഹനങ്ങൾ പുഴയ്‌ക്കൽ ബസ്‌സ്‌റ്റോപ്പിന്‌ സമീപം തിരിക്കാൻ സൗകര്യമൊരുക്കിയതോടെ കുരുക്ക്‌ അവിടേക്ക്‌ മാറി. 
ആമ്പക്കാടുനിന്നുള്ള വാഹനങ്ങളും  തൃശൂരിലേക്ക്‌ പോകാൻ പുഴയ്‌ക്കലിൽനിന്ന്‌ റോഡ്‌ മുറിച്ചുകടക്കുന്നതും കുരുക്കുണ്ടാക്കുന്നു. വൺവേ കർക്കശമാക്കി മുതുവറ സെന്ററിൽ സിഗ്നലുകൾ സ്ഥാപിച്ച്‌ യു ടേൺ സൗകര്യം ഒരുക്കണമെന്നാണ്‌ പൊലീസ്‌ നിർദേശം. 
ഇതിനിടെ ചൊവ്വാഴ്‌ചയും പുഴയ്‌ക്കലിൽ നീണ്ട കുരുക്കുണ്ടായി. രാവിലെയും വൈകിട്ടുമാണ്‌ കുരുക്ക്‌ രൂക്ഷമായത്‌.
പ്രധാന വാർത്തകൾ
 Top