20 October Sunday
അന്വേഷണം തുടങ്ങി

അരിയിൽ കീടനാശിനിക്കുപ്പി: എത്തിയത്‌ ആന്ധ്രയിൽനിന്ന്‌

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2019
കൊടുങ്ങല്ലൂർ
ഉച്ചക്കഞ്ഞി വിതരണത്തിനായി എത്തിച്ച അരിയിൽ കീടനാശിനി കുപ്പി കണ്ടെത്തിയ സംഭവത്തിൽ ഭക്ഷ്യസുരക്ഷാവകുപ്പ്‌ അന്വേഷണം തുടങ്ങി. 
മതിലകം സെന്റ്‌ മേരീസ്‌ സ്‌കുളിലാണ്‌ ഉച്ചക്കഞ്ഞിക്കുള്ള അരിയിൽ ഗുളിക രൂപത്തിലുള്ള അലുമിനിയം ഫോസ്‌റ്റെഡ്‌ കീടനാശിനി നിറച്ച പൊട്ടാത്ത കുപ്പി കണ്ടെത്തിയത്‌. 
ചൊവ്വാഴ്‌ച രാവിലെ ഫുഡ്‌സേഫ്‌റ്റി വിഭാഗം അസി. കമീഷണർ സി എ ജനാർദനന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ സ്‌കൂളിലെത്തി കീടനാശിനി ക്കുപ്പിയും അരിയും പരിശോധിച്ചു.
സ്‌കൂൾ അധികൃതരുമായി സംസാരിച്ചശേഷം സപ്ലൈകോ ഗോഡൗണിലെത്തി വിവരങ്ങൾ തേടി. ആന്ധ്രയിൽ നിന്നും കർണാടകയിൽനിന്നുമുള്ള നൂറിലേറെ മില്ലുകളിൽ നിന്നാണ്‌ അരിയെത്തുന്നത്‌. ഉച്ചക്കഞ്ഞിക്കായി സ്‌കൂളുകളിലേക്കുള്ള അരി ഏതുമില്ലിൽനിന്ന്‌ കൊണ്ടുവന്നതാണെന്ന വിവരം സപ്ലൈകോ രേഖപ്പെടുത്തുന്നില്ലെന്ന്‌ ഭക്ഷ്യസുരക്ഷാവിഭാഗം ഉദ്യോഗസ്ഥർ കണ്ടെത്തി. 
ഇനിമുതൽ ഇതേക്കുറിച്ചുള്ള വിശദവിവരത്തിന്റെ ലിസ്‌റ്റ്‌ ഉണ്ടാകണമെന്ന്‌ നിർദേശംനൽകി. സപ്ലൈകോയ്‌ക്കും എഫ്‌സിഐക്കും നോട്ടീസ്‌ നൽകുകയും ചെയ്‌തു. തുടന്ന്‌ നടത്തിയ അന്വേഷണത്തിൽ ആന്ധ്രയിലെ ഒരു മില്ലിൽനിന്ന്‌ കൊണ്ടുവന്ന അരിയിലാണ്‌ കീടനാശിനിക്കുപ്പി ഉണ്ടായിരുന്നതെന്ന്‌ വ്യക്തമായി.
സംഭവത്തെക്കുറിച്ച്‌ കൂടുൽ അന്വേഷണം നടത്തി കലക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്ക്‌ റിപ്പോർട്ട്‌ നൽകുമെന്ന്‌ അസി. കമീഷണർ സി എ ജനാർദനൻ പറഞ്ഞു. ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥൻ ടി പോൾ, കൃഷ്‌ണപ്രിയ, അനിൽ, രാജീവ്‌, നിജ എന്നിവരും അന്വേഷക സംഘത്തിലുണ്ടായിരുന്നു.
പ്രധാന വാർത്തകൾ
 Top