17 November Sunday

പുഴയ്‌ക്കല്‍ പാലത്തില്‍ കോണ്‍ഗ്രസ് സമരനാടകം

വെബ് ഡെസ്‌ക്‌Updated: Sunday Aug 18, 2019

 

തൃശൂർ
രണ്ടു പ്രളയത്തെ അതിജീവിച്ച് പുഴയ്‌ക്കൽ പാലം നിർമാണം അതിവേഗം പൂർത്തീകരിക്കാനിരിക്കെ സമരപ്രഖ്യാപനവുമായി കോൺഗ്രസ് നാടകം. നിർമാണം പൂർത്തിയാക്കാനുള്ള കാലാവധി പൂർത്തിയാകാൻ ഒന്നര മാസത്തോളം ബാക്കിയിരിക്കെയാണ് നിർമാണത്തിൽ വീഴ്ചയെന്നാരോപിച്ച് സമരം പ്രഖ്യാപിച്ചിട്ടുള്ളത്. 
പുഴയ്‌ക്കലിലെ ഗതാഗതക്കുരുക്കിന് പരിഹാരമേകാനാണ് എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം 2018 മാർച്ചിൽ 7.37 കോടി ചെലവിൽ പാലം നിർമാണം ആരംഭിച്ചത്. സെപ്തംബർ 26 വരെയാണ് കരാർ കാലാവധി. മഴ മാറുന്നതോടെ പണി പൂർത്തിയാക്കി പാലം  തുറക്കാനാകുമെന്ന് മന്ത്രി ജി സുധാകരനും അറിയിച്ചിട്ടുണ്ട്.   
എന്നാൽ, ഇതെല്ലാം മറച്ചുവച്ച് ശനിയാഴ്ച പാലം തുറക്കുമെന്ന് അനിൽ അക്കര എംഎൽഎ ഏകപക്ഷീയമായി പ്രഖ്യാപിച്ചു. നിർമാണം പൂർത്തിയാവാത്തതിനാൽ പൊതുമരാമത്ത് വകുപ്പിൽനിന്ന് അനുമതി ലഭിച്ചില്ല. ഇതോടെ എംഎൽഎ നാണംകെട്ടു. ഈ ജാള്യം മറയ്ക്കാനാണ് സമരപ്രഖ്യാപനവുമായി രംഗത്തിറങ്ങിയത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും സർക്കാരിനെതിരെ തിരിക്കാനും ടി എൻ പ്രതാപൻ എംപിയും രംഗത്തെത്തിയിട്ടുണ്ട്.  
പാലം പണി പൂർത്തിയായെങ്കിലും അപ്രോച്ച് റോഡ് പൂർത്തിയായിട്ടില്ല. റോഡ് മണ്ണിട്ടു നികത്തി ഒരു തവണ കരിങ്കൽപ്പൊടിയടിച്ചിട്ടുണ്ട്. രണ്ടു തട്ടുകുടി കരിങ്കൽപ്പൊടിയിട്ട് ശക്തിപ്പെടുത്തണമെന്ന് പിഡബ്ല്യുഡി അധികൃതർ അറിയിച്ചു.    ഇതിനുശേഷം ടാറിങ് നടത്തണം. തുടർന്ന്‌ പാലത്തിന്റെയും റോഡിന്റെയും ബല പരിശോധന പൂർത്തിയായശേഷമേ തുറക്കാനാവൂ. നിർമാണം പുരോഗമിക്കുന്നതിനിടെ രണ്ടു തവണ പ്രളയമുണ്ടായി പണി തടസ്സപ്പെട്ടു. ഇപ്പോൾ പ്രളയത്തെത്തുടർന്ന് ക്വാറികളുടെ പ്രവർത്തനം നിർത്തിയതിനാൽ കരിങ്കൽപ്പൊടി ലഭിക്കുന്നില്ല. കനത്ത മഴ മാറാതെ ടാറിങ് ആരംഭിച്ചാൽ ഉറയ്‌ക്കില്ല. വീണ്ടും ടാറിങ് നടത്തി വൻസംഖ്യ നഷ്ടമാവുകയും ചെയ്യും. എന്നാൽ,  പാലം ഉടൻ തുറക്കണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം.
പുഴയ്ക്കലിൽ പഴയ പാലത്തിന് സമാന്തരമായി രണ്ടു പാലമാണ് നിർമിക്കുന്നത്. രണ്ട്‌ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയും വിധം 44.64 മീറ്റർ നീളത്തിൽ പത്തുമീറ്റർ വീതിയിലാണ് ഒരു പാലം നിർമിച്ചിട്ടുള്ളത്. കാൽനടയാത്രക്കാർക്കായി 30 മീറ്റർ നീളത്തിൽ രണ്ടരമീറ്റർ വീതിയിലാണ് മറ്റൊരുപാലം. തൃശൂരിൽനിന്ന് കുന്നംകുളത്തേക്ക് പോവുമ്പോൾ 70 മീറ്ററിലും തിരിച്ചുള്ള റൂട്ടിൽ 40 മീറ്ററിലുമാണ് അപ്രോച്ച്റോഡ്.
പ്രധാന വാർത്തകൾ
 Top