18 August Sunday

സർവേ നടത്തിപ്പുകാര്‍ ഫലം വരുമ്പോള്‍ ദുഃഖിക്കും: കാനം

സ്വന്തം ലേഖകന്‍Updated: Thursday Apr 18, 2019
തൃശൂർ
വോട്ടർമാരുടെ കണക്കുപോലും തെരഞ്ഞെടുപ്പ് കമീഷൻ പുറത്തുവിടുന്നതിനുമുമ്പ് സർവേകൾ നടത്തി ഇടതുപക്ഷവിരുദ്ധ വികാരമുണ്ടാക്കാൻ ശ്രമിക്കുന്നവർക്ക്, മെയ് 23ന് ഫലം പ്രഖ്യാപിക്കുമ്പോൾ ദുഃഖിക്കേണ്ടിവരുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. 2004, 2011, 2015, 2016 തുടങ്ങിയ തെരഞ്ഞെടുപ്പുകൾക്കുമുമ്പ് പുറത്തുവന്ന സർവേയും തെരഞ്ഞെടുപ്പ് ഫലവും താരതമ്യം ചെയ്താൽ ഏവർക്കും അത് ബോധ്യമാകും. പക്ഷിശാസ്ത്രക്കാരെപ്പോലെ സർവേ നടത്തുന്നവരെ എൽഡിഎഫ് ഭയക്കുന്നില്ല. അശാസ്ത്രീയ സർവേകളും മറ്റും നടത്തി ഇടതുമുന്നണിയെ ദുർബലപ്പെടുത്താൻ ആരും നോക്കേണ്ടെന്നും കാനം പറഞ്ഞു. തൃശൂർ പ്രസ് ക്ലബ്ബിന്റെ രാഷ്ട്രീയം പറയാം–- തെരഞ്ഞെടുപ്പ് സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
2004ൽ എൽഡിഎഫിന‌് സർവേക്കാർ പ്രവചിച്ചത് നാലു സീറ്റുമാത്രമാണ്. 16 സീറ്റ് യുഡിഎഫിനും എന്ന് പറഞ്ഞു. എന്നാൽ ഫലം പ്രഖ്യാപിച്ചപ്പോൾ, ഒറ്റ സീറ്റുപോലും കോൺഗ്രസിന് ലഭിച്ചില്ല. 
തുടർന്നുള്ള സർവേ പ്രവചനങ്ങളും വൻ പരാജയമായിരുന്നു. ആകെ വോട്ടർമാർ എത്രയെന്ന് തെരഞ്ഞെടപ്പ് കമീഷൻ പ്രഖ്യാപിക്കുംമുമ്പാണ് മാധ്യമങ്ങൾ സർവേ നൽകി വിജയസാധ്യത പ്രഖ്യാപിച്ചത്. മോഡിഭരണംകൊണ്ട് രാജ്യത്തുണ്ടായ പ്രധാന പ്രശ്നങ്ങൾ ഉയർത്തിക്കാണിക്കുന്നതിനു പകരം ഇക്കിളിപ്പെടുത്തുന്ന വാർത്തകൾ നൽകാനും, ഇല്ലാത്ത ചില പ്രശ്നത്തെ വൈകാരികമായി അവതരിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഞങ്ങൾക്ക് ഒത്തിരി സീറ്റ് കിട്ടുമെന്ന് ദയവായി സർവേക്കാർ പറയരുത്. കാരണം ഫലം എതിരാവുമെന്നും അദ്ദേഹം പറഞ്ഞു. 
ലോക‌്‌സഭാ തെരഞ്ഞെടുപ്പിൽ ശബരിമല ഒരു വിഷയമേ അല്ല. വിഷുവിനോടനുബന്ധിച്ച് ശബരിമല നട തുറന്നപ്പോൾ, പതിനായിരക്കണക്കിനുപേർ ഒരു കുഴപ്പവുമില്ലാതെ ദർശനം നടത്തി. കേവലം വോട്ടിനുവേണ്ടിമാത്രം ശബരിമലയെ ആശ്രയിക്കുന്നവർക്ക് തക്കതായ മറുപടി വോട്ടർമാർ നൽകും. ബിജെപിയും മാധ്യമങ്ങളും അജണ്ട മാറ്റിയാലും കേന്ദ്രസർക്കാരിന്റെ വർഗീയതയും അഴിമതിയും ജനദ്രോഹനിലപാടുകളുമാണ് പ്രധാന വിഷയങ്ങൾ. ഇതുകൂടാതെ, മതത്തിന്റെയും ജാതിയുടെയുംപേരിൽ ഇല്ലാത്ത പ്രശ്നങ്ങളുണ്ടാക്കി ചർച്ചകൾ വഴിമാറ്റാൻ ശ്രമിക്കുന്നവരുടെ അജൻഡയിൽ എൽഡിഎഫ‌് വീഴില്ല. 
ദേശീയ രാഷ്ട്രീയത്തിൽ രാഹുൽഗാന്ധി ഇപ്പോഴും കൺഫ്യൂഷനിലാണ്. രാഹുൽഗാന്ധി ഇടതുപക്ഷത്തെ വിമർശിക്കാത്തതെന്തെന്ന ചോദ്യത്തിന് വിമർശിക്കാൻ എന്തെങ്കിലും വേണ്ടെയെന്നും, ഇടതുപക്ഷത്തിന് ആരുടെയും സൗജന്യം വേണ്ടെന്നും കാനം പറഞ്ഞു. ഇടതുപക്ഷം കോൺഗ്രസിന് വോട്ട് ചെയ്യണമെന്ന ആന്റണിയുടെ പ്രസ്താവന 2004 അടക്കമുള്ള മുൻകാല അനുഭവങ്ങൾ ഓർക്കാതെയാണ്. 
സംവാദത്തിൽ പ്രസ് ക്ലബ് പ്രസിഡന്റ് കെ പ്രഭാത് അധ്യക്ഷനായി. സെക്രട്ടറി എം വി വിനീത സ്വാഗതവും ട്രഷറർ പ്രശാന്ത് നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top