21 August Wednesday

സുരേഷ് ഗോപിയുടെ തൊണ്ടയില്‍ മീന്‍മുള്ള് കുടുങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Apr 18, 2019
തൃശൂർ
തൃശൂർ ലോക‌്സഭാ എൻഡിഎ സ്ഥാനാർഥി സുരേഷ്  ഗോപിയുടെ തൊണ്ടയിൽ മീൻമുള്ള് കുടുങ്ങി. തുടർന്ന‌് സ്ഥാനാർഥിപര്യടനം പാതിവഴിയിൽ നിർത്തി സുരേഷ് ഗോപിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുള്ള് എടുത്തുമാറ്റി. എന്നാൽ മുള്ള്‌ കുടുങ്ങിയത്‌ സെക്രട്ടറിയുടെ തൊണ്ടയിലാണെന്ന്‌ വരുത്താൻ വൈകീേട്ടാടെ  ബിജെപി ശ്രമമാരംഭിച്ചു.
തീരദേശമേഖലയിൽ പര്യടനത്തിനിടെ ബുധനാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുമ്പോഴായിരുന്നു സംഭവം.  ജനങ്ങളുടെ അണ്ണാക്കിലേക്ക് 15 ലക്ഷംവീതം തള്ളിത്തരാമെന്ന് സുരേഷ‌് ഗോപി അടുത്തയിടെ അധിക്ഷേപിച്ചത് വിവാദമായ സാഹചര്യത്തിൽ തൊണ്ടയിൽ മീൻമുളള‌് കുടുങ്ങിയത‌് നവമാധ്യമങ്ങളിൽ വലിയ പരിഹാസത്തിനിടയാക്കി.   
കഴിഞ്ഞദിവസം വീടുകളിൽ കയറി സുരേഷ് ഗോപി ഭക്ഷണം കഴിക്കുന്നത് ട്രോളർമാർ ആഘോഷിച്ചിരുന്നു. ട്രോളർമാരെ വെല്ലുവിളിച്ച് ആവേശം കാണിക്കുന്നതിനിടെയാണ് മീൻമുള്ള് തൊണ്ടയിൽ തുളഞ്ഞു കയറിയത്. വെള്ളംകുടിച്ചും ചോറ്കഴിച്ചും നോക്കിയിട്ടും മുള്ള് പോയില്ല. പിന്നീട് പഴം കഴിച്ചിട്ടും മുള്ള് വില്ലനായി. തുടർന്ന് ആശുപത്രിയിലേക്കെത്തിച്ച് ഡോക്ടർമാർ മുള്ള് നീക്കി. തുടർന്നാണ് പര്യടനം പുനരാരംഭിച്ചത്.
കഴിഞ്ഞ ലോക്‌ സഭാ തെരഞ്ഞെടുപ്പിൽ ഓരോരുത്തരുടെ ബാങ്ക് അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപവീതം ഇടുമെന്ന് ബിജെപി പ്രകടനപത്രികയിൽ പറഞ്ഞിരുന്നു. ഈ വാഗ്ദാനപ്രകാരം ചില്ലിക്കാശുപോലും കൊടുത്തില്ല. ബിജെപി സ്ഥാനാർഥിയായതിനെത്തുടർന്ന് അഭിമുഖത്തിലാണ് സുരേഷ് ഗോപി അണ്ണാക്ക്പ്രയോഗം നടത്തി മോഡിയെ ന്യായീകരിച്ചത്. ജനങ്ങളുടെ അണ്ണാക്കിലേക്ക് 15 ലക്ഷം വീതം തള്ളിത്തരാം എന്നായിരുന്നു അധിക്ഷേപം.  
തൊണ്ടയിൽ മീൻമുള്ള് തുളഞ്ഞു കയറിയതോടെ  സുരേഷ് ഗോപിയുടെ അണ്ണാക്കിൽ  മീൻമുള്ള‌് കുടുങ്ങി എന്ന പരിഹാസം നവമാധ്യമങ്ങളിൽ പ്രചരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top