25 February Thursday
ഐ എം വിജയൻ സ്‌പോർട്‌സ്‌ കോംപ്ലക്‌സ്‌

ഇൻഡോർസ്‌റ്റേഡിയം ഉടൻ പൂർത്തിയാവും

സ്വന്തം ലേഖകൻUpdated: Monday Jan 18, 2021

തൃശൂർ

ലാലൂരിലെ ഐ എം വിജയൻ സ്‌പോർട്‌സ്‌ കോംപ്ലക്‌സ്‌ ഇൻഡോർസ്‌റ്റേഡിയം നിർമാണം ഫെബ്രുവരി അവസാനവാരം പൂർത്തീകരിക്കാൻ നടപടിയായി.  കിഫ്ബി വഴി 70.56 കോടി രൂപ ചെലവിലാണ്  നിർമാണം. സംസ്ഥാനത്തിന്റെതന്നെ കായികമുന്നേറ്റത്തിന് വഴിതുറക്കുന്നതാകും സ്‌പോർട്‌സ്‌ കോംപ്ലക്‌സ്‌. ആദ്യഘട്ടനിർമാണ പൂർത്തീകരണത്തിന്റെ  അവലോകനയോഗത്തിലാണ്‌ നിർമാണം   പൂർത്തീകരിക്കാൻ നടപടി സ്വീകരിച്ചത്‌. 
കോർപറേഷന്റെ 14 ഏക്കർ സ്ഥലത്താണ് പദ്ധതി . ഇൻഡോർസ്‌റ്റേഡിയം നിർമാണം പൂർത്തീകരിക്കുന്നതോടെ, ബാസ്‌കറ്റ്‌ബോൾ, ബാഡ്‌മിന്റൻ, വോളിബോൾ, ഹാൻഡ്‌ബോൾ, ഗുസ്‌തി, കരാട്ടെ, വെയിറ്റ്‌‌ ലിഫ്‌റ്റിങ്‌ തുടങ്ങിയ മത്സരങ്ങൾ നടത്താനാകും.  രണ്ടാംഘട്ടത്തിൽ ഹോക്കി, സ്വിമ്മിങ്‌പൂൾ, ടെന്നീസ്‌, ഫുട്‌ബോൾ മൈതാനങ്ങളും മേപ്പിൾ വുഡ് ഫ്ളോറിങ്ങോടുകൂടിയ പ്ലേ ഏരിയ, കളിക്കാർക്ക്‌ ചേഞ്ചിങ് റൂമുകൾ, ഓഫീസ് മുറികൾ, വിഐപി ലോഞ്ച്, ടോയ്‌ലറ്റ് ബ്ലോക്ക്, ഓവർഹെഡ് ടാങ്ക്, സമ്പ് ആൻഡ് പമ്പ് റൂം, സെക്യൂരിറ്റി ക്യാബിൻ തുടങ്ങിയവ ഒരുക്കും. 
സ്റ്റേഡിയം നിർമാണവുമായി ബന്ധപ്പെട്ട് മരംമുറിക്കൽ, കോർപറേഷൻ അധികാര പരിധിയിൽ വരുന്ന കെട്ടിടത്തിന്റെയും യന്ത്രസാമഗ്രികളുടെയും അവശിഷ്ടങ്ങൾ നീക്കം ചെയ്യൽ, ഇലക്ട്രിക്കൽ പോസ്റ്റും ട്രാൻസ്ഫോർമറും മാറ്റി സ്ഥാപിക്കൽ, ബിൽഡിങ്‌ പെർമിറ്റ് നൽകൽ, അതിര് നിർണയിക്കൽ തുടങ്ങിയ കാര്യങ്ങളിൽ തീരുമാനമായി. 
വൃക്ഷങ്ങൾ മുറിച്ചുമാറ്റുന്നത്‌ പരമാവധി ഒഴിവാക്കിയാണ്‌ ഫുട്ബോൾ മൈതാനം നിർമിക്കുക. കെട്ടിടത്തിന്റെയും യന്ത്രസാമഗ്രികളുടെയും അവശിഷ്ടങ്ങൾ നീക്കം ചെയ്യാനും നടപടിയായി. നിലയ്‌ക്കാതെയുള്ള  വൈദ്യുതി സംവിധാനമൊരുക്കാൻ ഇലക്ട്രിക്പോസ്റ്റുകളും ട്രാൻഫോർമറും മാറ്റി സ്ഥാപിക്കും. കോമ്പൗണ്ട് വാളിന്റെ നിർമാണവും ഉടൻ ആരംഭിക്കും.  അവലോകനയോഗത്തിൽ മന്ത്രിമാരായ എ സി മൊയ്‌തീൻ, വി എസ്‌ സുനിൽകുമാർ, മേയർ എം കെ വർഗീസ്, കലക്ടർ എസ് ഷാനവാസ്, വർഗീസ് കണ്ടംകുളത്തി, കോർപറേഷൻ സെക്രട്ടറി വിനു സി കുഞ്ഞപ്പൻ, കിറ്റ്‌കോ ഗ്രൂപ്പ് ഹെഡ് ജി രാകേഷ്, കോ–-ഓർഡിനേറ്റർ ടി എ നിഖിൽ, സ്‌പോർട്‌സ്‌ കൗൺസിൽ ജില്ലാ പ്രസിഡന്റ്‌ കെ ആർ സാംബശിവൻ തുടങ്ങിയവർ  പങ്കെടുത്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top