05 December Thursday

സംഗീതസാന്ദ്രം

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2019
തൃശൂർ
അക്ഷരമുറ്റം അക്ഷരസന്ധ്യയെ ധന്യമാക്കി സംഗീതവിരുന്ന്. അക്ഷരമുറ്റം ജില്ലാതല വിജയികൾക്കുള്ള സമ്മാനദാനച്ചടങ്ങിലാണ് യുവഗായകർ വേറിട്ട ആട്ടവും പാട്ടുമായി സംഗീതപ്രേമികളെ വരവേറ്റത്. പുതുമയാർന്ന പാട്ടുകൾക്കൊപ്പം വർണവിസ്മയമൊളിപ്പിച്ച നൃത്തശിൽപ്പങ്ങളും അരങ്ങേറിയതോടെ വൻ ഹർഷാരവത്തോടെയാണ് സദസ്സ് പരിപാടിയ വരവേറ്റത്. ശ്രീരാഗമോ എന്ന നിഖിൽ രാജിന്റെ ഗാനത്തോടെയാണ് ഒമ്പതാമത് അക്ഷരസന്ധ്യ സംഗീതവിരുന്ന് ആരംഭിച്ചത്. കണ്ണാനെ കണ്ണേ, ജീവാംശമായി, ഗുരുവായൂരപ്പാ തുടങ്ങിയ ഗാനങ്ങളും നിഖിൽ ആലപിച്ചു. 
തുടർന്ന് ഷംനകാസിമിന്റെ താണ്ഡവ് നൃത്തം. ഗാനാലാപനത്തിനൊപ്പം, ഷംനക്കൊപ്പം ചുവന്ന പട്ടുപ്പുടവയുമണിഞ്ഞെത്തിയ പിന്നണിസംഘം ചുവടുകൾവച്ചത് ആകർഷകമായി. തൊട്ടുപിന്നാലെ മൗനം സ്വരമായി എന്ന മനോഹരഗാനവുമായി രഞ്ജിനി ജോസ് വേദിയിൽ എത്തിയത് സദസ്സിനെ സംഗീതകുളിർമയിലാഴ്ത്തി. പിന്നാലെ, ദിൽസേ... വിപിൻ സേവ്യറിന്റെ ഗാനം. തമിഴ് സിനിമയിൽ വിജയ്  അജിത് തുടങ്ങിയ താരങ്ങളെ പ്രശസ്തിയിലേക്ക് ഉയർത്തിയ ഗാനങ്ങളും വേദിയിൽ ആലപിച്ചു. 
പാട്ടിനൊപ്പം, നൃത്തച്ചുവടുകൾവച്ച് റഫീഖ് റഹ്‌മാന്റെ അവതരണവും ശ്രദ്ധേയമായി. മലയാള ഗാനങ്ങൾക്കൊപ്പം, തമിഴ്, ഹിന്ദി സിനിമകളിലെ ജനപ്രിയ ഗാനങ്ങളും, പാടിപ്പതിഞ്ഞ ഗാനങ്ങളും ഒഴുകിയെത്തി.  
റഫീഖ് റഹ്‌മാന്റെ പോക്കിരി ആൻഡ് ആലുമ മിക്സ്, ഹമ്മ ഹമ്മ ഹമ്മ എന്ന വിപിന്റെ ആലാപാനങ്ങൾ സദസ്സിനെ ഉണർത്തി. കലാഭവൻ സലീമും സംഘവും ഹാസ്യപരിപാടിയും അവതരിപ്പിച്ചു.
പ്രധാന വാർത്തകൾ
 Top