Deshabhimani

വിദഗ്ധ സമിതി യോഗം ചേർന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 17, 2024, 12:39 AM | 0 min read

പുഴയ്ക്കൽ
തൃശൂർ - –-കുറ്റിപ്പുറം സംസ്ഥാന പാതയിൽ മുണ്ടൂർ മുതൽ പുറ്റേക്കര വരെയുള്ള 1.8 കിലോമീറ്റർ ദൂരം നാലുവരിപ്പാതയാക്കി വികസിപ്പിക്കുന്നതിനുള്ള സാമൂഹ്യാഘാത പഠനത്തിന്റെ അന്തിമ റിപ്പോർട്ട്‌ പരിഗണിക്കാൻ വിദഗ്ധ സമിതി യോഗം ചേർന്നു. എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളേജ് പ്രിൻസിപ്പലും ശാസ്ത്രജ്ഞനുമായ ഡോ. ചാക്കോ ജോസ് ചെയർമാനായ വിദഗ്ധസമിതിയാണ് അന്തിമ റിപ്പോർട്ട് പരിഗണിച്ചത്. ആർഎഫ്സിടി എൽഎഎആർ ആക്ട് 2013 പ്രകാരം വിദഗ്ധസമിതി അംഗീകരിച്ച റിപ്പോർട്ട്‌  തുടർനടപടികൾക്കായി സമർപ്പിക്കും. കളമശ്ശേരി രാജഗിരി ഔട്ട്റീച്ച് തയ്യാറാക്കിയ കരട് റിപ്പോർട്ടിന്മേൽ ജൂൺ 22ന് പബ്ലിക് ഹിയറിങ് നടന്നിരുന്നു. ഭൂമി ഏറ്റെടുക്കൽ നേരിട്ടും പരോക്ഷമായും ബാധിക്കുന്ന ഇരുന്നൂറിലേറെപ്പേർ പങ്കെടുത്ത ഹിയറിങ്ങിൽ ഉയർന്നുവന്ന ആവശ്യങ്ങളും നിർദേശങ്ങളും കൂടി പരിഗണിച്ചാണ് രാജഗിരി ഔട്ട്റീച്ച് അന്തിമ റിപ്പോർട്ട് നൽകിയത്. വിദഗ്ധസമിതി റിപ്പോർട്ട്‌ അംഗീകരിക്കുന്നതോടെ സർക്കാർ  നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ച് കെട്ടിടം, സ്ഥലം, ഫലവൃക്ഷങ്ങൾ തുടങ്ങിയവയുടെ മൂല്യം കണക്കാക്കിക്കൊണ്ടുള്ള വാല്യുവേഷൻ റിപ്പോർട്ട്‌ തയ്യാറാക്കും. ശേഷം പുനരധിവാസ പ്ലാൻ തയ്യാറാക്കി അതിന്മേൽ പബ്ലിക്ക് ഹിയറിങ് നടത്തും. തുടർന്ന് സമഗ്രമായ വാല്യുവേഷൻ സ്റ്റേറ്റ്മെന്റ്‌  പൂർത്തിയാകുന്നതോടെ സ്ഥലം ഉടമകൾക്ക് നഷ്ടപരിഹാരം നൽകി ഭൂമി ഏറ്റെടുക്കാനാകും . വടക്കാഞ്ചേരി മണ്ഡലത്തിന്റെ  ദീർഘകാല വികസന  ആവശ്യകതയായ മുണ്ടൂർ - –-പുറ്റേക്കര നാലുവരി പ്പാത യാഥാർഥ്യമാകുന്നതോടെ കേരളത്തിലെ തെക്കൻ ജില്ലകളെ വടക്കൻ ജില്ലകളുമായി ബന്ധിപ്പിക്കുന്ന എസ് എച്ച്  69 ലെ ഗതാഗതം സുഗമവും അപകടരഹിതവുമാക്കിത്തീർക്കാനാകും.


deshabhimani section

Related News

View More
0 comments
Sort by

Home