25 August Sunday
വനിതാകമീഷന്‍ അദാലത്ത്‌

സര്‍ഫാസി നിയമപ്രകാരമുള്ള ജപ്തി: സ്വമേധയാ കേസെടുക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Jul 17, 2019
തൃശൂർ
തലോരിൽ സ്ത്രീകളും  കുട്ടികളും മാത്രം അടങ്ങുന്ന അഞ്ചംഗ കുടുംബത്തിനെതിരെ പഞ്ചാബ് നാഷണൽ ബാങ്കിന്റെ നേതൃത്വത്തിൽ സർഫാസി നിയമപ്രകാരമുള്ള ജപ്തി നടപടികളെ സംബന്ധിച്ചും വീട്ടിലെ വൈദ്യുതിബന്ധം പത്തുവർഷമായി കെഎസ്ഇബി വിഛേദിച്ചതും സംബന്ധിച്ച് സ്വമേധയാ കേസെടുക്കുമെന്ന് വനിതാകമീഷൻ ചെയർപേഴ്സൺ എം സി ജോസഫൈൻ പറഞ്ഞു. തൃശൂർ ടൗൺഹാളിൽ നടന്ന വനിതാ കമീഷൻ അദാലത്തിൽ സംസാരിക്കുകയായിരുന്നു അവർ. 
വൈദ്യുതി കണക്ഷൻ വിഛേദിച്ചസംഭവത്തിൽ കെഎസ്ഇബി ഒല്ലൂർ സെക്ഷൻ അധികൃതരോട് വിശദീകരണം തേടി, ഉടൻ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ ആവശ്യപ്പെടും. ദേശീയപാതയോരത്ത് രണ്ടുകോടിക്ക് മുകളിൽ വിലയുള്ള തലോറിലെ 23.5 സെന്റ് സ്ഥലമാണ് ബാങ്ക് ലേലത്തിൽ വയ്ക്കാൻ തയ്യാറെടുക്കുന്നത്.  ഇക്കാര്യത്തിൽ ഹൈക്കോടതി ആവശ്യപ്പെട്ടതനുസരിച്ച് 30 ലക്ഷം  ഈടാക്കി ബാക്കി തുക കുടുംബത്തിന് നൽകുന്നനിലയിലുള്ള നടപടി ബാങ്ക് സ്വീകരിക്കണമെന്നും കമീഷൻ ആവശ്യപ്പട്ടു. 
കാർഷിക സർവകലാശാലയിൽ അസി. എക്സി. എൻജിനിയർ മാനസികമായി പീഡിപ്പിക്കുന്നുവെന്ന വനിതാ അസി. എൻജിനിയറുടെ പരാതിയിൽ ഉന്നത ഉദ്യോഗസ്ഥരിൽനിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടതിനുശേഷം നടപടി സ്വീകരിക്കും. നിയമപരമായി വിവാഹബന്ധം വേർപ്പെടുത്താതെ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച ഭർത്താവിനോട് കോടതി  പ്രതിമാസം 3000 രൂപ നൽകാൻ നിർദേശിച്ചിട്ടും അത് നൽകുന്നില്ലെന്ന ഭാര്യയുടെ പരാതിയിൽ ഭർത്താവിന് സമൻസ് അയക്കും. 
വടക്കാഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ വട്ടപ്പാറയിൽ വഴിത്തർക്കത്തിനിടെ സ്ത്രീയെ ലൈംഗികമായി അപമാനിച്ചുവെന്ന പരാതിയിൽ കമീഷൻ റിപ്പോർട്ട് തേടും. ഭർത്താവ് മരിച്ചതിനെത്തുടർന്ന്  പിതാവിന്റെ പേരിൽ രജിസ്റ്റർ ചെയ്ത ഭർത്താവിന്റെ ഭൂമിയിൽ അവകാശം ലഭിക്കാൻ ഇടപെടണമെന്ന സ്ത്രീയുടെ അപേക്ഷ കമീഷൻ പരിഗണിച്ചു. കമീഷന്റെ മധ്യസ്ഥതയിൽ 30 ലക്ഷം രൂപ 90 ദിവസത്തിനുള്ളിൽ ഇവർക്ക് നൽകാമെന്ന ഉറപ്പ് ലംഘിച്ച ഭർതൃവീട്ടുകാരെ അദാലത്തിൽ വിളിപ്പിക്കാൻ കമീഷൻ തീരുമാനിച്ചു. 
ചൊവ്വാഴ്ച കമീഷൻ പരിഗണിച്ച 100 കേസുകളിൽ 46 കേസുകൾ തീർപ്പാക്കി. 49 എണ്ണം അടുത്ത അദാലത്തിലേക്ക് മാറ്റി. അംഗങ്ങളായ ഇ എം രാധ, ഷിജി ശിവജി എന്നിവരും പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top