20 May Monday
441 പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ

ഒഴിയാതെ മഴ, ദുരിതവും...

സ്വന്തം ലേഖകർUpdated: Tuesday Jul 17, 2018

കനത്ത മഴയിൽ ചേർപ്പ്‌ മുത്തുള്ളിയാൽ പ്രദേശത്ത്‌ വെള്ളം കയറിയ വീടുകൾ

 
 
തൃശൂർ
ജില്ലയിൽ പെരുമഴയ്ക്കൊപ്പം ദുരിതവും പെയ്തിറങ്ങുന്നു. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ചയുമായുണ്ടായ കനത്ത മഴയിലും കാറ്റിലും മരങ്ങൾ വീണ് നിരവധി വീടുകൾ തകർന്നു. താഴ്ന്ന പ്രദേശങ്ങളിലുള്ള നൂറുകണക്കിന് വീടുകളിൽ വെള്ളംകയറി.  ഇതേത്തുടർന്ന്  വീട്ടുകാരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.  മൊത്തം  ഒമ്പത് ക്യാമ്പുകളിലായി 441 പേരെ മാറ്റിപ്പാർപ്പിച്ചു. പലയിടങ്ങളിലും റോഡിലേക്ക് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി ബന്ധങ്ങളും നിലച്ചു. ചാവക്കാട്, കൊടുങ്ങല്ലൂർ, നാട്ടിക തീരമേഖലയിൽ കടൽക്ഷോഭം രൂക്ഷമാണ്. ആയിരക്കണക്കിന് വീടുകളിൽ വെള്ളംകയറിയിട്ടുണ്ട്. കൊടുങ്ങല്ലൂരിൽ ഓഖിക്കു സമാനമാണ് തിരയേറ്റം. ഒന്നര കിലോമീറ്ററോളം ദൂരത്തിലേക്ക് തിര അടിച്ചുകയറിയിട്ടുണ്ട്. 
മനക്കൊടി ‐പുള്ള് കോൾ ബണ്ടിൽ വെള്ളംകയറി.  റോഡും പാടവും തിരിച്ചറിയാതായതോടെ   ഇതുവഴിയുള്ള വാഹനഗതാഗതം താൽക്കാലികമായി നിരോധിച്ചു. തിങ്കളാഴ്ച രാവിലെ മനക്കൊടി‐ ശാസ്താംകടവ് റോഡിൽ കാർ പാടത്തേക്ക് മറിഞ്ഞു. കാറിലുള്ളവർ അപകടംകൂടാതെ രക്ഷപ്പെട്ടു. പള്ളിപ്പുറം‐ കുണ്ടോളിക്കടവ് മേഖലകളിൽ റോഡുകളിൽ വെള്ളം കയറി. ചേർപ്പ് ചിറയ്ക്കൽ ഇഞ്ചമുടി മേഖലയിൽ വീടുകളിൽ വെള്ളംകയറിയതിനാൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. ചിറയ്ക്കൽ എൽപി സ്കൂളിലാണ്  ക്യാമ്പ്. 
 വെള്ളം നിറഞ്ഞതോടെ പൂമല ഡാമും അസുരൻകുണ്ടും തുറന്നു. പീച്ചി, ചിമ്മിണി, വാഴാനി ഡാമിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. പത്താഴക്കുണ്ട് ഡാമിന് ചോർച്ചയുള്ളതിനാൽ നിറഞ്ഞിട്ടില്ല. ഇതിന്റെ ചോർച്ച അടയ്ക്കാനുള്ള പണികൾ മഴമൂലം തടസ്സപ്പെട്ടു. പെരിങ്ങൽക്കുത്ത് ഡാമിന്റെ നാല് ഷട്ടറുകളും ഷോളയാറും തുറന്നു. ഇതോടെ ചാലക്കുടിപ്പുഴയിൽ ഒഴുക്ക് ശക്തിപ്പെട്ടു. പുഴയുടെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിൽ ശക്തി വർധിച്ചതിനാൽ സഞ്ചാരികളുടെ തിരക്ക് വർധിച്ചിട്ടുണ്ട്. വെങ്ങിണിശേരിയിലും കുതിരാനിലും റോഡിലേക്ക് മരങ്ങൾ വീണ് ഗതാഗതം തടസ്സപ്പെട്ടു. കരൂപ്പടന്നയിൽ റോഡിലേക്ക് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. വെങ്കിടങ്ങ് മേച്ചേരിപ്പടിയിൽ വൈദ്യുതിക്കാൽ റോഡിലേക്ക് വീണു. കമ്പികളും പൊട്ടിവീണു. 
ജില്ലയിൽ നിരവധി വീടുകൾ  ഭാഗികമായി തകർന്നു. മുകുന്ദപുരം താലൂക്കിൽ കളപ്പുരയ്ക്കൽ സുകുമാരൻ, വെള്ളിക്കുളങ്ങര നാരാത്ത് ശാന്ത, അമ്പലപ്പറമ്പിൽ രത്ന, കല്ലൂർ വടക്കുംമുറി മഠത്തുംപറമ്പിൽ കുമാരൻ, മുപ്ലിയം ഈമക്കാടൻ വിജയൻ, എരുമക്കാടൻ കുട്ടൻ, മക്കുഴി അരയഗൻ കൊച്ചുഗോവിന്ദൻ, വാടാനപ്പള്ളി പുതിയേടത്ത് നാരായണി, വെങ്കിടങ്ങ് പാലിരൻ കുഞ്ഞുണ്ണി, പറപ്പൂക്കര നമ്പ്യാത്ത് ശിവദാസൻ, വടക്കൂടൻ സുകുമാരൻ, കാറളം പറപ്പിള്ളി  അനിതകുമാരി, കുരുതുകുളങ്ങര വിത്സൻ, തൈവളപ്പിൽ ഷീജ, മാടക്കത്തറ നൊച്ചപ്പിള്ളി അമ്മിണി, നടുവിൽപുരയിൽ ഭാരതി, മേനാച്ചേരി ജാൻസി, തേറാട്ടിൽ സുമതി, ഊരകം എടമുട്ടം മുതുവീട്ടിൽ മോഹൻ,  മണലൂർ പെരിങ്ങാട് തങ്ക, ആനക്കപ്പറമ്പിൽ ജോൺസൺ, മായന്നൂർ തരകൻ വീട്ടിൽ ജോസ്, മുളയം പീടികപ്പറമ്പ്  തടത്തിൽ ഗീത എന്നിവരുടെ വീടുകളാണ് മഴയിലും കാറ്റിലും മരംവീണ് തകർന്നത്. 
കൊടകരയിലും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളംകയറി. കോടാലി റോഡിൽ മൂന്നുമുറി പെട്രോൾ പമ്പിനുസമീപമുള്ള റോഡ് വെള്ളത്തിൽ മുങ്ങി. തളിക്കുളം കുടുംബാരോഗ്യകേന്ദ്രം വെള്ളത്താൽ ചുറ്റപ്പെട്ടു.   
എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ വെള്ളംകയറിയതിനാൽ ട്രെയിനുകളെല്ലാം വൈകിയത് ജില്ലയേയും ബാധിച്ചു.  മണിക്കൂറുകൾ വൈകി ട്രെയിനുകൾ ഓടിയതുമൂലം യാത്രക്കാർ വലഞ്ഞു.
 

ആയിരത്തോളം വീടുകൾ വെള്ളത്തിൽ 

കടലും കലിതുള്ളി 

കൊടുങ്ങല്ലൂരിന്റെ തീരദേശത്ത‌് കടലാക്രമണം രൂക്ഷം. കടലിൽനിന്ന‌് ഒന്നര കിലോമീറ്റർ കിഴക്കോട്ട‌് കടൽവെള്ളം ഇരച്ചുകയറി. ആയിരത്തോളം വീടുകൾ വെള്ളത്തിലായി. 
ചെളിയും മണ്ണും വെള്ളവും വീടുകളിൽ കയറിയതോടെ ജനജീവിതം ദുരിതത്തിലായി. നിരവധി വീടുകൾ തകർന്നു. ഓഖി ചുഴലിക്കാറ്റിനെത്തുടർന്ന‌് നാടിനെ നടുക്കിയ കടലാക്രമണത്തിന‌് സമാനമായ രീതിയിലാണ‌് തിങ്കളാഴ്ച കടൽ കരയിലേക്ക‌് ആഞ്ഞടിച്ചത‌്. ആർത്തിരമ്പിയെത്തിയ വൻ തിരമാലകൾ കടൽഭിത്തിക്ക‌് മുകളിലൂടെ മീറ്ററുകളോളം ഉയരത്തിൽ പൊന്തി കരയിലേക്ക‌് പതിക്കുകയാണ‌്.
കടൽഭിത്തിയിലെ കരിങ്കല്ലുകളെവരെ എടുത്തുയർത്തി കരയിലേക്കെറിഞ്ഞാണ‌് പലയിടത്തും വൻതിരമാലകൾ കരയിൽ പതിക്കുന്നത‌്. മുമ്പുണ്ടായ കടലാക്രമണത്തിൽ ഭാഗികമായി തകർന്ന കടലോരത്തെ വീടുകൾ തിരമാലകൾ തല്ലിത്തകർത്തു. കടൽഭിത്തിയാട‌് ചേർന്നുള്ള നിരവധി വീടുകളാണ‌് തകർന്നത‌്.  ഇൗ വീടുകളിൽനിന്ന‌് ആളുകൾ ഒഴിഞ്ഞുപോയിരുന്നു. 
എറിയാട‌് ലൈറ്റ‌് ഹൗസ‌് ഭാഗത്ത‌് കടൽഭിത്തിക്കരികിലായി തകരാതെ നിന്നിരുന്ന നിരവധി വീടുകൾക്ക‌് കടലാക്രമണത്തിൽ കേടുപറ്റി. ഈ വീടുകൾക്കുള്ളിലൂടെയാണ‌് കടൽവെള്ളം തീരദേശ റോഡിലേക്ക‌് ഒഴുകിയെത്തുന്നത‌്. ഈ ഭാഗത്ത‌് ഭാഗികമായി തകർന്നിരുന്ന റോഡ‌് പൂർണമായി തകർന്ന‌് മണൽ മൂടിയ നിലയിലാണ‌്.
ലൈറ്റ‌് ഹൗസ‌് ഭാഗത്തെ കൊട്ടിക്കൽ നാസർ, മാരാത്ത‌് മുഹമ്മദ‌്, കളത്തിൽ അബൂബക്കർ, കൈതവളപ്പിൽ സലീം, പഴൂപ്പറമ്പിൽ ഷംസുദ്ദീൻ, പുതുവീട്ടിൽ സലാം, കളത്തിൽ അദ്രാമാൻകുട്ടി എന്നിവരുടെ വീടുകൾ ഏതുനിമിഷവും തകർന്ന‌് വീഴാവുന്ന നിലയിലാണ‌്. 
പേ ബസാറിലും കടലാക്രമണം വൻനാശം വിതച്ചു. കടൽഭിത്തി കടന്ന‌് വൻ തിരമാലകൾ കരയിൽ പതിച്ചതോടെ കടൽവെള്ളം ഒഴുകി അറപ്പത്തോട‌് നിറഞ്ഞ‌് കവിഞ്ഞു. ഇതോടെയാണ‌് കിഴക്കൻ പ്രദേശങ്ങളിലെ നൂറുകണക്കിന‌് ‌വീടുകൾ വെള്ളത്തിലായത‌്. 
മണൽച്ചാക്ക‌് നിരത്തി കടൽവെള്ളത്തിന്റെ ഒഴുക്ക‌് തടയാനുള്ള നീക്കം പലയിടത്തും വിഫലം. അട്ടിയിട്ട മണൽച്ചാക്കുകൾക്ക‌് മുകളിലൂടെ  വളരെ ഉയരത്തിലാണ‌് തിരമാലകൾ കരയിൽ പതിച്ചത‌്. ആറാട്ടുവഴിയിലും വൻ നാശം വിതച്ചു. ഇവിടെനിന്ന‌് ഒന്നര കിലോമീറ്റർ കിഴക്കോട്ട‌് ചേരമാൻ ജങ‌്ഷൻവരെ കടൽവെള്ളം ഒഴുകിയെത്തി. മണപ്പാട്ടുചാൽ, എറിയാട‌് ചന്ത, അറപ്പക്കടവ‌്, വാക്കടപ്പുറം, പുതിയറോഡ‌്, ലോറിക്കടവ‌്, എന്നിവിടങ്ങളിലും കടലാക്രമണം വൻനാശം വിതച്ചു. ഞായറാഴ്ച  കനത്ത മഴക്ക‌് ശമനമുണ്ടായി. മഴ മാറി നിന്നതിനാൽ തിങ്കളാഴ്ച തീരദേശത്തെ ജനങ്ങൾ ആശ്വാസത്തിലായിരുന്നു. രാവിലെ കടൽ ശാന്തവുമായിരുന്നു. എന്നാൽ ഉച്ചയോടെ കടലിന്റെ സ്വഭാവം മാറി. തീരദേശവാസികളെ നടുക്കി കൂറ്റൻ തിരമാലകൾ കരയിലേക്ക‌് പതിച്ചു. എറിയാട‌് കേരളവർമ ഹയർ സെക്കൻഡറി സ്കൂളിലും എറിയാട‌് എഎംഐയുപി സ്കൂളിലും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. നൂറിലേറെ കുടുംബങ്ങളാണ‌് ക്യാമ്പിലെത്തിയത‌്. ഇവർക്കാവശ്യമായ സൗകര്യങ്ങൾ റവന്യൂ വകുപ്പും ജനപ്രതിനിധികളും ഏർപ്പെടുത്തി. 
എടവിലങ്ങ‌് പഞ്ചായത്തിലെ സെന്റ‌് ആൽബന എൽപി സ‌്കൂളിൽ തുറന്ന ക്യാമ്പിൽ പത്ത‌് കുടുംബങ്ങളുണ്ട‌്. കടലാക്രമണ പ്രദേശം സന്ദർശിക്കാനെത്തിയ തഹസിൽദാരെ എറിയാട‌് ചേരമാൻ ജങ‌്ഷനിൽ തീരവാസികൾ പ്രതിഷേധ സൂചകമായി ഒരുമണിക്കൂറോളം തടഞ്ഞുവച്ചു. 
വെള്ളക്കയറ്റം രൂക്ഷമായതാടെ രാത്രിയിലും തീരവാസികൾ ബന്ധുവീടുകളിലേക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്കും എത്തി. കടൽഭിത്തി നിർമാണവും പുലിമുട്ട‌് നിർമാണവും വേഗത്തിൽ നടത്തി ദുരിതത്തിൽനിന്ന‌് ജനങ്ങളെ മോചിപ്പിക്കണമെന്ന‌് കടലാക്രമണ പ്രദേശങ്ങൾ സന്ദർശിച്ച കലക്ടറോട‌് തീരവാസികൾ ആവശ്യപ്പെട്ടു. ഇ ടി ടൈസൺ എംഎൽഎ, പഞ്ചായത്ത‌് പ്രസിഡന്റ‌് പ്രസാദിനി മോഹനൻ, റവന്യൂ, പൊലീസ‌്  ഉദ്യോഗസ്ഥർ,  ജനപ്രതിനിധികൾ എന്നിവരും കടലാക്രമണ പ്രദേശങ്ങൾ സന്ദർശിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top