31 July Saturday

റോഡ് കുഴിച്ച ഭാഗത്ത്
ആംബുലന്‍സ് ചെരിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Thursday Jun 17, 2021

ആനമല ജങ്‌ഷനില്‍ അപകടത്തില്‍പ്പെട്ട ആംബുലന്‍സ്‌

ചാലക്കുടി
കാന നവീകരണത്തിന്റെ ഭാഗമായി റോഡ് കുഴിച്ച ഭാഗത്ത് ആംബുലൻസ് ചെരിഞ്ഞു. ആംബുലൻസിലുണ്ടായിരുന്ന ഹൃദ്രോഗി ആശുപത്രി ചികിത്സക്കിടെ മരിച്ചു. ആംബുലൻസിലുണ്ടായിരുന്നവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. മാള കുഴൂർ സ്വദേശി പടമാട്ടുങ്ങൽ ജോൺസൺ(50)ആണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാവിലെ എട്ടോടെയാണ് ജോൺസൺ മരിച്ചത്. ഹൃദയാഘാതത്തെത്തുടർന്ന് മാളയിൽ നിന്നും ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് രോഗിയുമായി വന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. ആനമല ജങ്‌ഷനിൽ നോർത്ത് ബസ്റ്റാൻഡിലേക്ക് തിരിയുന്നിടത്ത് പഴയ ദേശീയപാതയ്‌ക്ക് കുറുകെയുള്ള കാന വീതി കൂട്ടാനായി പൊളിച്ചിട്ടിടത്താണ് ആംബുലൻസ് തെന്നിയത്. ആംബുലൻസിന്റെ മുന്നിലെ രണ്ട് ചക്രങ്ങളും കാനയിലേക്ക് പതിച്ചു. ഉടൻ രോഗിയെ മറ്റൊരു വാഹനത്തിൽ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. 
പിന്നീട് ജെസിബി ഉപയോഗിച്ച് വാഹനം പുറത്തെടുത്തു. മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് കാന പൊളിച്ച് വീതികൂട്ടുന്ന പ്രവൃത്തികൾ ആരംഭിച്ചത്. ബാരിക്കേടുകൾ സ്ഥാപിച്ച് സിഗ്നലുകൾ തിരിച്ചിരുന്നെങ്കിലും ഇത് കാണാൻ കഴിയാഞ്ഞതാണ് അപകടത്തിന് കാരണമായത്.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top