23 May Thursday

ജീവൻ രക്ഷിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക‌് അഭിനന്ദനപ്രവാഹം

വെബ് ഡെസ്‌ക്‌Updated: Wednesday Apr 17, 2019
കുന്നംകുളം
വിഷുദിനത്തിൽ പരാതി അന്വേഷിക്കാനെത്തിയ പൊലീസ് ആത്മഹത്യാമുനമ്പിൽനിന്ന‌് ഗൃഹനാഥനെ രക്ഷിച്ചു. കാട്ടകാമ്പൽ ഐജി സ‌്കൂളിനടുത്തുള്ള  പൊന്നരാശേരി ജോർജ് ( ബാലൻ–-52)   മരത്തിൽ തൂങ്ങി  ജീവനൊടുക്കാൻ സാഹസം കാട്ടിയ നേരത്തായിരുന്നു പൊലീസുകാർ അവിടെയെത്തിയത‌്. തിങ്കളാഴ‌്ച പകൽ ഒന്നോടെയായിരുന്നു സംഭവം.  
കാട്ടകാമ്പൽ ഐഎച്ച്ആർഡിപി കോളനിയിലെ കുഞ്ഞൻ എന്നയാൾ നൽകിയ പരാതി അനേഷിക്കാനാണ്  പൊലീസുകാരായ വർഗീസും ഷിബിനും എത്തിയത്. ഈ  സമയം ഒരാൾ കയറുമെടുത്ത് പറമ്പിലേക്ക് ആത്മഹത്യാ ഭീഷിണി മുഴക്കി  പോകുന്നതുകണ്ട അയൽവാസികൾ ഓടിവന്ന‌്  പൊലീസുകാരോട‌് വിവരം പറയുകയായിരുന്നു. പൊലീസ് ഉടൻ തൊട്ടടുത്തുള്ള പറമ്പിൽ പോയി   ആളെ കണ്ടെത്തി. തുടർന്ന‌് അതിസാഹസികമായാണ്  ഇരുവരും ചേർന്ന് മരത്തിൽ കയറി ഇയാളെ രക്ഷിച്ചത‌്. 
കയർമുറിച്ച് താഴെയിറക്കി പൊലീസ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു. ഇയാൾ അപകട നില തരണം ചെയ്തതായും പൊലീസ് പറഞ്ഞു. കൺമുന്നിൽ നഷ്ടപ്പെട്ടെന്ന് കരുതിയ ജീവൻ തിരിച്ചു കിട്ടിയ ആശ്വാസത്തിലാണ്‌ നാട്ടുകാർ. കുടുംബ കലഹത്തെത്തുടർന്നായിരുന്നു ആത്മഹത്യാശ്രമമെന്നും പറയുന്നു.
കുന്നംകുളം പൊലീസ് സ്റ്റേഷനിലെ പൊലീസ് ഓഫീസർമാരായ സീനിയർ സിപിഒ   എ ജെ വർഗീസ്, സിപിഒ  ഷിബിൻ എന്നിവരാണ് വിഷുദിനത്തിൽ സാഹസികമായി ഒരാളുടെ ജീവൻ രക്ഷിച്ചത്.
പ്രധാന വാർത്തകൾ
 Top