24 June Monday

മോഡി സർക്കാരിനെ താഴെയിറക്കാനുള്ള രാഷ്ട്രീയ സാഹചര്യം രൂപപ്പെട്ടു : എം എ ബേബി

വെബ് ഡെസ്‌ക്‌Updated: Sunday Feb 17, 2019

കാഞ്ഞാണിയിൽ നടന്ന വി കെ സഹജൻ അനുസ്മരണ യോഗത്തിൽ "സമകാലീന ഇന്ത്യൻ രാഷ്ട്രീയം' എന്ന വിഷയത്തിൽ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി പ്രഭാഷണം നടത്തുന്നു

 

തൃശൂർ
 നരേന്ദ്രമോഡി നയിക്കുന്ന ബിജെപി സർക്കാരിനെ അധികാരത്തിൽ നിന്നു പുറത്താക്കാനുള്ള ഭൗതിക, രാഷ്ട്രീയ സാഹചര്യം രൂപപ്പെട്ടതായി സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. വർഗീയ ഭരണത്തെ താഴെയിറക്കൽ മാത്രമല്ല, സമൂഹമനസ്സിൽ  വിഷം കുത്തിവയ‌്ക്കുന്ന ആർഎസ്എസിന്റെ  വർഗീയ സ്വാധീനം  ഇല്ലാതാക്കാനും  തൊഴിലാളിവർഗ രാഷ്ട്രീയ പ്രസ്ഥാനം പോരാടണം.  മണലൂർ ഏരിയയിലെ മുതിർന്ന സിപിഐ എം നേതാവായിരുന്ന വി കെ സഹജന്റെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് കാഞ്ഞാണിയിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ "സമകാലീന ഇന്ത്യൻ രാഷ്ട്രീയം' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു എം എ ബേബി.
അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം നൽകുന്ന സൂചന ദേശീയതലത്തിൽ മോഡി വിരുദ്ധ രാഷ്ട്രീയ, സാമൂഹ്യമാറ്റമുണ്ടാകുന്നു എന്നതാണ്.  ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരായുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളും സംഘടനകളും കടമ നിർവഹിച്ചാൽ മോഡിയെ തോൽപ്പിക്കാനാകും. തെരഞ്ഞെടുപ്പിൽ സിപിഐ എമ്മും ഇടതുപക്ഷവും മുന്നോട്ടുവയ‌്ക്കുന്ന പ്രധാന മുദ്രാവാക്യങ്ങൾ നേടിയെടുക്കാനുമാകും.   വർഗീയ വിരുദ്ധ, മതനിരപേക്ഷ, ജനാധിപത്യ ശക്തികളെ പരമാവധി കൂട്ടിയോജിപ്പിക്കലാണ് ഇടതുപക്ഷത്തിന്റെ കടമ.
ബിജെപിക്കെതിരായ പോരാട്ടം കോൺഗ്രസിന് നയിക്കാനുള്ള ആർജവമില്ല. ഏതുസമയവും ബിജെപിയാകാൻ മാനസികമായ ഘടനയുള്ളവരാണ് ഇന്ത്യയിലെ കോൺഗ്രസ് നേതാക്കൾ. ത്രിപുരയിൽ ഉണ്ടായത് അതാണ്. കേരളത്തിലും മൂല്യബോധമുള്ള കോൺഗ്രസ് നേതാക്കളില്ല.
മോഡിയെ താഴെയിറക്കുന്നതോടൊപ്പം ഇന്ത്യൻ സമൂഹത്തിൽ പ്രബലമായ വർഗീയതക്കെതിരായ സാംസ്കാരിക പോരാട്ടവും ശക്തിപ്പെടുത്തണം. മോഡി ഭരണത്തിൽ ഭരണഘടനാ സ്ഥാപനങ്ങളേയും സൈന്യത്തേയും ആർബിഐയേയുമെല്ലാം വർഗീയവൽക്കരിച്ചു.  സുപ്രീംകോടതി ജഡ്ജിമാർപോലും മോഡി ഭരണ നടപടിക്കെതിരെ രംഗത്തു വന്നു. വീണ്ടും അധികാരത്തിലെത്താൻ ഭീകരമായ വർഗീയകലാപങ്ങൾ  നടത്താൻ തയ്യാറാകുന്ന പ്രസ്ഥാനമാണ് ആർഎസ്എസ്.  ഒന്നരമാസം കൂടി അധികാരമുള്ള മോഡി സർക്കാർ സമ്പൂർണ ബജറ്റ് അവതരിപ്പിച്ച് ഇന്ത്യൻ സമ്പദ്ഘടനയ‌്ക്ക് വെല്ലുവിളി ഉയർത്തുന്നു. ചതിയും വഞ്ചനയും കൈമുതലാക്കിയ ക്രമിനൽ ബുദ്ധിയുള്ള വർഗീയവാദിയാണ് മോഡിയെന്ന് കൂടതൽ വ്യക്തമായിരിക്കയാണെന്നും എം എ ബേബി പറഞ്ഞു. സമ്മേളനത്തിൽ മുരളി പെരുനെല്ലി എംഎൽഎ അധ്യക്ഷനായി. സിപിഐ എം ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ എഫ് ഡേവിസ്, ടി വി ഹരിദാസൻ, ഏരിയ സെക്രട്ടറി സി കെ വിജയൻ, ഡോ. കാവുമ്പായി ബാലകൃഷ്ണൻ, രാവുണ്ണി തുടങ്ങിയവർ സംസാരിച്ചു. വി എൻ സുർജിത്ത് സ്വാഗതവും വി വി സജീന്ദ്രൻ നന്ദിയും പറഞ്ഞു.
സ്ത്രീ സ്വാതന്ത്ര്യവും കുടുംബശ്രീ ജീവിതവും എന്ന വിഷയത്തെ ആസ്പദമാക്കി കുടുംബശ്രീ അംഗങ്ങൾക്കായി സംഘടിപ്പിച്ചപ്രബന്ധ മത്സരങ്ങൾ ശ്രദ്ധേയമായി .ഒന്നാം സമ്മാനം മാമ്പുള്ളി അക്ഷയ കുടുംബശ്രീയുടെ അനു ഷാജുവും, രണ്ടാം സമ്മാനം കരിക്കൊടി പരിവർത്തനം കുടുംബശ്രീയുടെ ഗീത കണ്ണനും, മൂന്നാം സമ്മാനം കാരമുക്ക് നക്ഷത്ര കുടുംബശ്രീയുടെ രമ്യ സുജിത്തും നേടി, എം എ ബേബി വിജയികൾക്കുള്ള സമ്മാനങ്ങൾ നൽകി.

 

പ്രധാന വാർത്തകൾ
 Top