തൃശൂർ
പ്രതീക്ഷയോടെ കോവിഡിനെതിരെയുള്ള വാക്സിൻ വിതരണത്തിൽ ആദ്യ ചുവടുവച്ച് ജില്ല. തൃശൂർ ജനറൽ ആശുപത്രിയിൽ നടന്ന വാക്സിൻ വിതരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മന്ത്രി വി എസ് സുനിൽ കുമാർ നിർവഹിച്ചു. രാജ്യത്ത് ആദ്യം കോവിഡ് സ്ഥിരീകരിച്ചത് തൃശൂരിലായിരുന്നു. പ്രതിരോധം തീർത്ത ഏറെ നാളുകളുടെ കാത്തിരിപ്പിനൊടുവിൽ വാക്സിൻ വിതരണത്തിനെത്തുമ്പോൾ സന്തോഷമുണ്ടെന്ന് മന്ത്രി പറഞ്ഞു. പ്രധാന മന്ത്രി നരേന്ദ്രമോദി രാജ്യ വ്യാപകമായി കോവിഡ് വാക്സിൻ വിതരണത്തിന്റെ പ്രഖ്യാപനം നടത്തിയശേഷമായിരുന്നു ജില്ലാതല ഉദ്ഘാടനം.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ ജെ റീന ആദ്യ വാക്സിൻ സ്വീകരിച്ചു. 16,938 ആരോഗ്യ പ്രവർത്തകർക്കാണ് ആദ്യഘട്ടത്തിൽ ജില്ലയിൽ വാക്സിൻ നൽകുക. ആകെ 37,640 ഡോസ് വാക്സിനാണ് ജില്ലയിൽ ലഭ്യമായിട്ടുള്ളത്. അതിൽ 90 ഡോസ് മരുന്ന് കേന്ദ്ര സർക്കാരിന് കീഴിലുള്ള ആരോഗ്യപ്രവർത്തകർക്കും 37,550 ഡോസ് വാക്സിൻ സർക്കാർ/ സ്വകാര്യ മേഖലയിലെ ആരോഗ്യപ്രവർത്തകർക്കുമാണ് നൽകുക. രണ്ട് ഡോസ് വീതം വാക്സിൻ ഓരോരുത്തർക്കും നൽകും. രണ്ടാമത്തെ ഡോസ് നാല് ആഴ്ചയ്ക്കുശേഷമാണ് നൽകുക.
ഗവ. മെഡിക്കൽ കോളേജ്, തൃശൂർ ജനറൽ ആശുപത്രി, ഇരിങ്ങാലക്കുട ജനറൽ ആശുപത്രി, അമല മെഡിക്കൽ കോളേജ്, വൈദ്യരത്നം ആയുർവേദ കോളേജ്, വേലൂർ കുടുംബാരോഗ്യകേന്ദ്രം, പെരിഞ്ഞനം കമ്യൂണിറ്റി ഹെൽത്ത് സെന്റർ, താലൂക്ക് ആശുപത്രി കൊടുങ്ങല്ലൂർ, താലൂക്ക് ആശുപത്രി ചാലക്കുടി എന്നിങ്ങനെ ഒമ്പത് കേന്ദ്രങ്ങളാണ് ജില്ലയിൽ വാക്സിൻ വിതരണത്തിനായി സജ്ജീകരിച്ചിരിക്കുന്നത്. മന്ത്രി എ സി മൊയ്തീൻ വേലൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ കോവിഡ് വാക്സിനേഷൻ കേന്ദ്രം സന്ദർശിച്ചു.
വാക്സിൻ എടുത്തുകഴിഞ്ഞ് 30 മിനിട്ട് വിശ്രമിച്ചതിനുശേഷമേ വാക്സിനേഷൻ കേന്ദ്രത്തിൽനിന്ന് പോകാൻ അനുമതിയുള്ളൂ. ചടങ്ങിൽ മേയർ എം കെ വർഗീസ് അധ്യക്ഷനായി. കലക്ടർ എസ് ഷാനവാസ് സ്വാഗതം പറഞ്ഞു. ടി എൻ പ്രതാപൻ എം പി, ചീഫ് വിപ്പ് കെ രാജൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് തുടങ്ങിയവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..