13 November Wednesday

അജേന്ദ്രന് കൃഷി വീട്ടുകാര്യം

അബ്ബാസ് വീരാവുണ്ണിUpdated: Wednesday Oct 16, 2019

തൈക്കാട് വിളക്കാട്ടുപടം നീർത്താട്ടിൽ അജേന്ദ്രന്റെ കരനെൽകൃഷിയുടെ വിളവെടുപ്പ്

തൈക്കാട്
വിളക്കാട്ടുപാടം കാർഗിൽ നഗർ നീർത്താട്ടിൽ അജേന്ദ്രന്റെ കരനെൽകൃഷി വിളവെടുപ്പാണ്. അമ്മ 74 വയസ്സുള്ള ചന്ദ്രമതിയും ഭാര്യ രാജിയും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ കൊയ്ത്തിനായി കരപാടത്തിറങ്ങി. 
ഗുരുവായൂർ നഗരസഭ ചെയർപേഴ്സൺ രേവതി ഉദ്ഘാടനം ചെയ്തു. വികസന സ്ഥിരം സമിതി അധ്യക്ഷ നിർമല കേരളൻ  അധ്യക്ഷയായി. ഔദ്യോഗികചടങ്ങുകൾക്ക് ശേഷം ബന്ധപ്പെട്ടവർ മടങ്ങിയപ്പോൾ അരയും തലയും മുറുക്കി അജേന്ദ്രനും കുടുംബവും യഥാർഥ കർഷകത്തൊഴിലാളികളായി. കൊയ്തെടുത്ത നാലു പറ നിലത്തിലെ കറ്റകളെല്ലാം മുറ്റത്തേക്ക് കയറ്റി പരമ്പരാഗതരീതിയിൽ കാലുകൊണ്ട് തന്നെയാണിവർ മെതിച്ചത്. വിളവായി കിട്ടുന്ന നെല്ല് പുഴുങ്ങി കുത്തരിയാക്കി ഉപയോഗിക്കാനാണ് തീരുമാനം. അജേന്ദ്രനും കുടുംബത്തിനും കൃഷി വികാരമാണ്. ജൈവപച്ചക്കറിയിൽ തുടങ്ങിയ പരീക്ഷണമാണ് ജൈവകരനെൽകൃഷിയുടെ വിജയത്തിലെത്തി നിൽക്കുന്നത്. പശു ചാണകവും മൂത്രവുമായിരുന്നു വളം. 
വീട്ടുവളപ്പിലെ കിണറിൽ നിന്ന് ജലമെത്തിച്ചാണ് ജലക്ഷാമം പരിഹരിച്ചത്. തൈക്കാട് കൃഷിഭവൻ നൽകിയ പ്രത്യക്ഷ എന്ന വിത്തിറക്കിയാണ് വിളവെടുത്തത്. നഗരസഭ വാർഡ് കൗൺസിലർ ബിന്ദു അജിത്കുമാർ, കാദർ കൊല്ലിങ്ങിൽ, തൈക്കാട് സഹ.ബാങ്ക് പ്രസിഡന്റ് കുന്നത്ത് പരമേശ്വരൻ, ബാങ്ക് ഡയറക്ടർ കാദർ കൊല്ലിങ്ങിൽ, സിപിഐ എം തൈക്കാട് ലോക്കൽ കമ്മിറ്റി അംഗം എം എ ഷാജി എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top