24 August Saturday
127 പരാതികളിൽ 38 എണ്ണം തീർപ്പാക്കി

വാടാനപ്പള്ളിയിലെ പെൺകുട്ടിയുടെ മരണം അന്വേഷിക്കും: വനിതാ കമീഷൻ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 16, 2019

വനിതാ കമീഷൻ അധ്യക്ഷ എം സി ജോസഫൈന്റെ നേതൃത്വത്തിൽ തൃശൂർ ടൗൺഹാളിൽ നടന്ന അദാലത്തിൽ പരാതികൾ കേൾക്കുന്നു

തൃശൂർ
വാടാനപ്പള്ളിയിൽ പെൺകുട്ടി മരിച്ചതിൽ ദുരൂഹതയുണ്ടെന്ന പരാതിയിൽ അന്വേഷിക്കുമെന്ന‌് സംസ്ഥാന വനിതാ കമീഷൻ അധ്യക്ഷ എം സി ജോസഫൈൻ. തൃശൂർ ടൗൺഹാളിൽ  അദാലത്തിൽ സംസാരിക്കുകയായിരുന്നു അവർ. 
അതിരപ്പിള്ളി മേഖലയിൽ ബാല്യവിവാഹം നടന്നുവെന്ന സംശയത്തിലും അന്വേഷിക്കും. ഗാർഹിക പീഡനം സംബന്ധിച്ച തൃശൂർ സ്വദേശിനിയുടെ  പരാതിയിൽ ഭർത്താവും കുടുംബവും വാങ്ങിയ 57 പവൻ സ്വർണം തിരികെ നൽകാനും കമീഷൻ നിർദേശിച്ചു. 
വരടിയത്തെ സ്വകാര്യ കമ്പനിയിൽ നാല‌് സ‌്ത്രീ തൊഴിലാളികളെ 55–-ാം വയസ്സിൽ ജോലിയിൽനിന്ന് പിരിച്ചുവിട്ടുവെന്നും വിരമിക്കൽ പ്രായം 58 ആക്കണമെന്നുമുള്ള പരാതിയിൽ ലേബർ കമീഷണറോട് റിപ്പോർട്ട് തേടും. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് നടക്കാൻ സാധിക്കാത്ത അമ്മയെ മകൻ സംരക്ഷിക്കുന്നില്ലെന്ന പരാതിയിൽ അമ്മക്ക‌് പ്രതിമാസം 3000 രൂപ നൽകാൻ മകനോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് നിയമപരമായ ഇടപെടലിന് ലീഗൽ അതോറിറ്റിയെ ചുമതലപ്പെടുത്തി. 
സൈബർ മേഖലയിലെ കുറ്റകൃത്യങ്ങൾ സംബന്ധിച്ച അവബോധം സ്ത്രീകളിൽ ഉണ്ടാക്കുന്നതിനായി ക്ലാസ‌് സംഘടിപ്പിക്കുകയാണെന്നും കമീഷൻ പറഞ്ഞു. 127 പരാതികൾ  പരിഗണിച്ചതിൽ 38 എണ്ണം തീർപ്പാക്കി.    അംഗങ്ങളായ ഷിജി ശിവജി, ഇ എം  രാധ എന്നിവരും  പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top