18 June Friday
ലോക്‌ഡൗണിലെ എട്ടാം ദിനം

മഴയത്തും പരിശോധന ശക്തം

വെബ് ഡെസ്‌ക്‌Updated: Sunday May 16, 2021
തൃശൂർ
ലോക്‌ഡൗണിലെ എട്ടാം ദിനമായ ശനിയാഴ്‌ച കനത്ത മഴയത്തും പരിശോധന കടുപ്പിച്ച്‌ പൊലീസ്‌ ജാഗ്രത പുലർത്തി. മഴയും ബാങ്ക്‌ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക്‌ അവധിയായതിനാലും റോഡിൽ യാത്രക്കാർ കുറവായിരുന്നു. കർശന പരിശോധനയുള്ളതിനാൽ അനാവശ്യ യാത്രക്കാർ  തെരുവിലിറങ്ങുന്നത്‌ കുറഞ്ഞിട്ടുണ്ട്‌.  
അതേസമയം,  അവശ്യസേവനം നിർവഹിക്കേണ്ട സ്ഥാപനങ്ങളിലേക്കും അപൂർവം  സർക്കാർ–-അർധസർക്കാർ സ്ഥാപനങ്ങളിലേക്കും ആശുപത്രിയിലേക്കും മറ്റു ചികിത്സാ കേന്ദ്രങ്ങളിലേക്കും അടക്കം  യാത്ര തടസ്സംകൂടാതെ നടന്നു.  മഴയെത്തുടർന്ന്‌  ഉച്ചയോടെ നിരത്തുകൾ വിജനമായി. 
സിറ്റി–- റൂറൽ നേതൃത്വത്തിൽ ജില്ലയിലാകെ പൊലീസിന്റെ  24 മണിക്കൂർ പരിശോധനയും തുടരുകയാണ്‌. മരുന്നുവാങ്ങാനും മറ്റു അത്യാവശ്യസഹായങ്ങളും ആവശ്യമുള്ളവർക്ക്‌ പൊലീസിന്റെയും അഗ്‌നിശമന സേനയുടെയും സേവനം ലഭിക്കുന്നുണ്ട്‌. 
ചരക്കു വാഹനങ്ങൾക്ക്‌ യാത്ര തടസ്സമില്ലാത്തതിനാൽ ഗ്രാമ– നഗരങ്ങളിലെ മാർക്കറ്റുകളിൽ ആവശ്യമായ പലചരക്കും പച്ചക്കറികളും എത്തി.  റേഷൻ കട, ഭക്ഷ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ എന്നിവ  പ്രവർത്തിച്ചു.  ഇതോടെ അവശ്യസാധനങ്ങൾ തടസ്സമില്ലാതെ  പ്രദേശവാസികൾക്കെല്ലാം   ലഭിച്ചു. 
പൊലീസിന്റെ പാസോ  സത്യവാങ്‌മൂലമോ ഇല്ലാതെ  മാർഗനിർദേശം ലംഘിച്ച്‌  തെരുവിലിറങ്ങിയ നിരവധിപേർക്കെതിരെ  കേസെടുത്തു. ചിലയിടങ്ങളിൽ വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്‌. കോവിഡ്‌ മാനദണ്ഡം ലംഘിച്ചതിന്‌ വെള്ളിയാഴ്‌ച സിറ്റി പൊലീസ്‌  150 കേസ്‌ രജിസ്റ്റർ ചെയ്‌തു. 
163പേരെ അറസ്റ്റ്‌ ചെയ്‌തു. 50 വാഹനങ്ങൾ പിടിച്ചെടുത്തു. മാസ്‌ക്ക്‌ ധരിക്കാത്തതിന്‌ 401 പേരിൽ നിന്നും സാമൂഹ്യ അകലം പാലിക്കാത്തതിന്‌ 314 പേർക്കെതിരെയും കണ്ടെയ്‌ൻമെന്റ്‌ സോൺ ലംഘനത്തിന്‌ 139പേരിൽ നിന്നും പിഴ ഈടാക്കി. 2,68,500രൂപയാണ്‌ പിഴ ഈടാക്കിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top