04 April Saturday

നെൽക്കർഷകർക്ക്‌ റോയൽറ്റി നൽകുന്നത്‌ കേരളം മാത്രം : മന്ത്രി

വെബ് ഡെസ്‌ക്‌Updated: Sunday Feb 16, 2020
തൃശൂർ
ഇന്ത്യയിൽ ആദ്യമായി നെൽക്കർഷകർക്ക് ഹെക്ടറിന് രണ്ടായിരം രൂപ റോയൽറ്റി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളമെന്ന്  മന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു.  മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് വിൽവട്ടം, നെട്ടിശേരി, ഒല്ലൂക്കര, വിയ്യൂർ പാടശേഖരങ്ങളിൽ  നീർച്ചാൽ സംരക്ഷണ അടിസ്ഥാനസൗകര്യ വികസന പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. വരുംതലമുറയ്ക്കുളള ഈടുവയ്‌പാണ് നീർത്തടസംരക്ഷണം. 
ഒരിഞ്ച് പാടംപോലും നികത്താൻ ആരേയും അനുവദിക്കില്ല. ഒരു സെന്റിൽ നെൽകൃഷി ചെയ്യുമ്പോൾ ഒരു ലക്ഷത്തി നാൽപ്പത്തയ്യായിരം ലിറ്റർ വെളളം ഭൂമിയിൽ സംഭരിക്കുന്നുവെന്നാണ് കണക്ക്. ഇതിന്റെ പാരിസ്ഥിതിക മൂല്യം കണക്കിലെടുത്താണ് നെൽക്കർഷകർക്ക് സംസ്ഥാന സർക്കാർ റോയൽറ്റി പ്രഖ്യാപിച്ചതെന്നും മന്ത്രി പറഞ്ഞു.
വിയ്യൂർ സെന്റർ ജയിലിലെ 64 ഹെക്ടർ സ്ഥലത്ത് നടത്തിയ മണ്ണ്  പരിശോധനാ  റിപ്പോർട്ട് മന്ത്രി  പ്രകാശനം ചെയ്‌തു. അസി. ജയിൽ ഓഫീസർ സി പി വിനോദ് ഏറ്റുവാങ്ങി. മുക്കാട്ടുകര ചിരടംപ്പാലത്ത് നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ മേരി തോമസ് അധ്യക്ഷയായി. 
മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് ഡയറക്ടർ എസ് അംബിക പദ്ധതി വിശദീകരിച്ചു. 4.38 കോടി രൂപയ്ക്ക് ടെൻഡർ ചെയ്ത രണ്ടാംഘട്ട പദ്ധതി വഴി, കുറ്റുമുക്ക്, മുല്ലക്കര, മുക്കാട്ടുകര, നെല്ലങ്കര, നെട്ടിശേരി, നെല്ലിക്കാട്, കൂടാപാടം, കോട്ടോംപാടം, പാറേക്കുളം, വടക്കേപ്പാടം പാടശേഖരങ്ങൾക്ക് പ്രയോജനം ലഭിക്കും.
300 ഹെക്ടർ സ്ഥലത്ത് നെൽകൃഷി അധികമായി ചെയ്യാനും 1500 ടൺ നെല്ല് കൂടുതൽ ഉൽപ്പാദിപ്പിക്കാനും കഴിയും. 50 ടൺ പച്ചക്കറി ഉൽപ്പാദിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയർപേഴ്‌സൺ ജെന്നി ജോസഫ്, കോർപറേഷൻ ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്‌സൺ എം എൽ റോസി, കൗൺസിലർമാരായ എം ആർ റോസിലി, ശാന്ത അപ്പു എന്നിവർ സംസാരിച്ചു. കൗൺസിലർ ഇ ഡി ജോണി സ്വാഗതവും മണ്ണ് സംരക്ഷണ ഓഫീസർ പി ഡി സിന്ധു നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top