തൃശൂർ
ജില്ലയിൽ കോവിഡ് വാക്സിനേഷൻ ശനിയാഴ്ച ആരംഭിക്കും. ഇതിനായുള്ള സജ്ജീകരണങ്ങൾ പൂർത്തിയായതായി കലക്ടർ എസ് ഷാനവാസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വാക്സിൻ സ്വീകരിക്കുന്നവർ കേന്ദ്രത്തിൽ എത്തേണ്ട സമയം മുൻകൂട്ടി അറിയിക്കും. ബാച്ചുകളായി സമയബന്ധിതമായാണ് വാക്സിനേഷൻ നടത്തുക.
ഓരോ കേന്ദ്രത്തിലും കയറാനും ഇറങ്ങാനും പ്രത്യേകം വാതിലുകൾ ഉണ്ടാകും.
വാക്സിൻ സ്വീകരിക്കുന്നയാൾക്ക് മാത്രമേ മുറിയിൽ പ്രവേശനമുണ്ടാവൂ. ഓരോ കേന്ദ്രത്തിലും അഞ്ച് വാക്സിനേഷൻ ഓഫീസറും ഒരു വാക്സിനേറ്ററും ഉണ്ടാവും. വാക്സിൻ എടുത്ത് കഴിഞ്ഞ് 30 മിനിട്ട് വിശ്രമിച്ച ശേഷം മാത്രമേ പോകാനനുവദിക്കൂ. ആദ്യത്തെ ഡോസ് നൽകി നാലാഴ്ച കഴിഞ്ഞാണ് അടുത്ത ഡോസ് നൽകുക.
നിലവിൽ തൃശൂർ ഗവ. മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രി, ഇരിങ്ങാലക്കുട ജനറൽ ആശുപത്രി, അമല മെഡിക്കൽ കോളേജ്, ഒല്ലൂർ വൈദ്യരത്നം ആയുർവേദ കോളേജ്, വേലൂർ കുടുംബാരോഗ്യകേന്ദ്രം, പെരിഞ്ഞനം സാമൂഹികാരോഗ്യ കേന്ദ്രം, കൊടുങ്ങല്ലൂർ താലൂക്കാശുപത്രി, ചാലക്കുടി താലൂക്കാശുപത്രി എന്നിവിടങ്ങളിലാണ് വാക്സിനേഷൻ കേന്ദ്രങ്ങൾ.
ആഴ്ചയിൽ നാലുദിവസം രാവിലെ ഒമ്പതുമുതൽ അഞ്ചുവരെയാണ് വാക്സിനേഷൻ നടത്തുക.
ഒരുദിവസം 100 പേർക്ക് എന്ന കണക്കിൽ 23 പ്രവൃത്തി ദിവസം കൊണ്ട് ആദ്യഘട്ട വാക്സിനേഷൻ പൂർത്തിയാക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ കെ ജെ റീന പറഞ്ഞു.
വാക്സിനേഷൻ കാരണം പാർശ്വഫലങ്ങൾ ഉണ്ടായാൽ പ്രതിരോധിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും തയ്യാറാണെന്നും വാക്സിൻ സ്വീകരിച്ചാലും മാസ്കും സാനിറ്റൈസർ ഉപയോഗവും തുടരണമെന്നും മെഡിക്കൽ ഓഫീസർ
പറഞ്ഞു. വാക്സിനേഷൻ നോഡൽ ഓഫീസർ ഡോ. കെ ഉണ്ണികൃഷ്ണൻ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. ജില്ലയിൽ ആകെ 37,640 ഡോസ് വാക്സിനാണ് ലഭിച്ചിട്ടുള്ളത്. ശനിയാഴ്ച രാവിലെ 10ന് തൃശൂർ ജനറൽ ആശുപത്രിയിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ ജെ റീന വാക്സിൻ സ്വീകരിച്ച് ഉദ്ഘാടനം ചെയ്യും.
മന്ത്രിമാരായ എ സി മൊയ്തീൻ, വി എസ് സുനിൽകുമാർ, പ്രൊഫ. സി രവീന്ദ്രനാഥ്, ചീഫ്വിപ് കെ രാജൻ, മേയർ എം കെ വർഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ്, കലക്ടർ എസ് ഷാനവാസ് എന്നിവർ പങ്കെടുക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..