21 February Thursday
രജിസ്റ്റര്‍ ചെയ്തത് 6893 പേര്‍

പുരപ്പുറത്തുനിന്ന് വൈദ്യുതി; ജില്ലയിലും അപേക്ഷാപ്രവാഹം

വെബ് ഡെസ്‌ക്‌Updated: Wednesday Jan 16, 2019
തൃശൂർ
പുരപ്പുറത്തുനിന്നും സൗരോർജംവഴി വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന കെഎസ്ഇബിയുടെ സൗര പദ്ധതിക്ക് ജില്ലയിലും അപേക്ഷാപ്രവാഹം.  സർക്കിളുകൾക്ക് 30 മെഗാവാട്ടിന്റെ പാനലുകൾ സ്ഥാപിക്കണമെന്നാണ് നിർദേശം. തൃശൂർ സർക്കിൾ ലക്ഷ്യത്തോടടുത്തു. തൃശൂരിൽ 5697 ഉപഭോക്താക്കൾ ഇതിനകം രജിസ്റ്റർ ചെയ്തു. ഇതുവഴി 29 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാനാവും. ഇരിങ്ങാലക്കുട സർക്കിളിൽ 1196 പേർ രജിസ്റ്റർ ചെയ്തു. ആറ് മെഗാവാട്ട് ഉൽപ്പാദിപ്പിക്കാനാവും. വാർപ്പ് വീടിന്റെ മുകളിൽ സോളാർ പാനൽ ഘടിപ്പിച്ച്  വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന മൂന്നു പദ്ധതികൾക്കാണ് കെഎസ്ഇബി രൂപം നൽകിയിട്ടുള്ളത്. രണ്ടു പദ്ധതികളിൽ പാനൽ സൗജന്യമായി ഘടിപ്പിക്കുന്നതാണ്. 
വീടുകൾക്കു മുകളിൽ വൈദ്യുതിബോർഡ് സൗജന്യമായി പാനൽ ഘടിപ്പിക്കുന്നതിന് ഉപഭോക്താവിന് വാടകയെന്നപോലെ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതിയിൽ പത്തുശതമാനം നൽകുന്നതാണ് ഒരു മാതൃക. ബാക്കി ഗ്രിഡിലേക്ക് നൽകും. ഉപഭോക്താവിന് പണച്ചെലവില്ല. പാനലിന്റെ തുടർപരിപാലനം  കെഎസ്ഇബി നിർവഹിക്കും. രണ്ടാം മാതൃകയിൽ എല്ലാ വൈദ്യുതിയും ഉപഭോക്താവിന് നിശ്ചിത വിലയ്ക്ക് ഉപയോഗിക്കാം. 
മറ്റൊരു മാതൃകയിൽ പാനൽ ഉപഭോക്താവിന്റെ ചെലവിൽ കെഎസ്ഇബി സ്ഥാപിക്കും. ഉപഭോക്താവിന്റെ ആവശ്യശേഷം ബാക്കി വൈദ്യുതിബോർഡ് വാങ്ങും. ഉപഭോക്താവിന്റെതന്നെ മറ്റൊരു കണക്ഷനിലേക്കും ഇതേ വൈദ്യുതി പ്രയോജനപ്പെടുത്താം.  ഉപഭോക്താവിന് സമ്മതമെങ്കിൽ പരിപാലനം നിർവഹിക്കും. 25 വർഷത്തേക്കാണ് കെഎസ്ഇബിയും ഉപഭോക്താവും തമ്മിൽ കരാറിലേർപ്പെടുക. അഞ്ചുവർഷ ഇടവേളയിൽ കരാർ പുതുക്കാനും പിൻവാങ്ങാനും അവസരമുണ്ട്. സോളാർ സ്ഥാപിക്കാൻ ഉപഭോക്താക്കൾക്ക് നെട്ടോട്ടമോടേണ്ടതില്ല. കെഎസ്ഇബിയായതിനാൽ പദ്ധതിക്ക് സുതാര്യതയും സുരക്ഷയുമേറെയാണ്. 
സംസ്ഥാനത്ത് ഇതിനകം 42,461 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതനുസരിച്ച് 212 മെഗാവാട്ട് ഉൽപ്പാദിപ്പിക്കാനാവും. ഒരു കിലോ മെഗാവാട്ടിന്റെ പാനൽ സ്ഥാപിക്കാൻ 45,000 രൂപയോളം ചെലവ് വരുമെന്നാണ് കണക്ക്.  ഉപഭോക്താക്കളുടെ എണ്ണം വർധിക്കുന്നതിനുസരിച്ച്  ഈ ചെലവു കുറയ്ക്കാനാവും. വീടിന്റെ മുകളിൽ കുറഞ്ഞത് എട്ടുപാനൽ സ്ഥാപിച്ച്   രണ്ടുകിലോവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാനാവുമെന്ന് സൗര പദ്ധതി തൃശൂർ സർക്കിൾ കോ–-ഓർഡിനേറ്റർ എം എ പ്രവീൺ പറഞ്ഞു. ഇതുവഴി വർഷം ശരാശരി 2000 യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാനാവും. വൈദ്യുതി റഗുലേറ്ററി കമീഷന്റെ നിർദേശപ്രകാരമാണ് വൈദ്യുതി നിരക്ക് നിശ്ചയിക്കുക. നിലവിൽ കമീഷന്റെ നിരക്ക് യൂണിറ്റിന് 3.26 ആണ്.  ജനുവരി 31 വരെയാണ് സൗരയിൽ രജിസ്ട്രേഷനുള്ള സമയം. ജില്ലയിൽ ലക്ഷ്യം കവിയുമെന്നാണ് പ്രതീക്ഷ.   കെഎസ്ഇബി സെക്ഷൻ ഓഫീസുകളിലോ   www.sourakseb.in  വെബ‌്സൈറ്റിലോ രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്താൽ മൊബൈൽ ഫോണിലേക്ക് സന്ദേശം ലഭിക്കും. കെഎസ്ഇബി ഉദ്യോഗസ്ഥർ സ്ഥലം പരിശോധിച്ചശേഷമായിരിക്കും അന്തിമ തീരുമാനം.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top